മമ്മൂട്ടിയുടെ മറുപടിയിൽ പൂർണ തൃപ്തയല്ല; ഇതിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടാൽ എനിക്ക് വേണ്ട അവസരങ്ങൾ ഞാൻ തന്നെ ഉണ്ടാക്കും; പാര്‍വതി

1

കസബാ സിനിമാവിവാദത്തെ കുറിച്ചു വീണ്ടും പ്രസ്താവനയുമായി പാര്‍വതി.  ഇക്കണോമിക് ടൈംസിനു നൽകിയ അഭിമുഖത്തിലാണ് വീണ്ടും പാര്‍വതിയുടെ പരാമര്‍ശം. മമ്മൂട്ടിയുടെ മറുപടിയെക്കുറിച്ച് പാർവ്വതി ഇത് വരെ പ്രതികരിച്ചിരുന്നില്ല.

‘സംസാരിക്കാൻ അദ്ദേഹം സന്നദ്ധനായി എന്നതിൽ സന്തോഷമുണ്ട്, എന്നാൽ അദ്ദേഹത്തിന്റെ മറുപടിയിൽ പൂർണ തൃപ്തയാണെന്ന് പറയാൻ കഴിയില്ല. വിഷയത്തിന്റെ തുടക്കത്തിൽ ഞാൻ മെസ്സേജ് ചെയ്തപ്പോൾ ഇത്തരം കാര്യങ്ങൾ തനിക്ക് ശീലമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീട് സംഭവങ്ങൾ കൈവിട്ടുപോയി മറ്റൊരു ലെവലിൽ എത്തി. അത് കേവലം എന്നെയോ അദ്ദേഹത്തെയോ കുറിച്ച് മാത്രമായിരുന്നില്ല, എല്ലാവരെയും കുറിച്ചുള്ള ഒന്നായി വളർന്നു” സ്ത്രീവിരുദ്ധതയ്ക്കെതിരെ താൻ ഇനിയും സംസാരിക്കുമെന്നും വ്യക്തമാക്കി പാർവ്വതി പറഞ്ഞു.

ഈ പ്രശ്നത്തിനു ശേഷം കുറച്ച് മൗനം പാലിക്കാനും ഇത്തരം വിഷയങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാനും തന്നോട് പലരും ഉപദേശിച്ചെന്നും പാർവ്വതി. ‘എനിക്കെതിരെ സിനിമയിൽ ഒരു ലോബി തന്നെ ഉണ്ടാകുമെന്നും അതു കൊണ്ട് ഇത്തരം സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കാനും നിരവധി പേർ എന്നെ ഉപദേശിച്ചു. പക്ഷെ അവസരങ്ങൾ നഷ്ടപ്പെടും എന്നു പേടിച്ച് ഞാൻ മിണ്ടാതിരിക്കില്ല. എങ്ങോട്ടും പോകുകയുമില്ല. കഴിഞ്ഞ 12 വർഷമായി സിനിമയാണെന്റെ ലോകം. എന്റെ സ്വന്തം താത്പര്യത്തിനാണ് ഇതിലേക്ക് വന്നത്. അതേ താത്പര്യവും കഠിനാദ്ധ്വാനവും കൊണ്ടാണ് ഇത്രയും നാൾ ഇവിടെ നിന്നതും. ഇതിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടാൽ എനിക്ക് വേണ്ട അവസരങ്ങൾ ഞാൻ തന്നെ ഉണ്ടാക്കും. ഞാൻ സിനിമയെടുക്കും. തടസങ്ങൾ ഉണ്ടാകും. പക്ഷെ ഞാൻ മറ്റെവിടേയും പോകില്ല.” പാർവ്വതി വ്യക്തമാക്കി.