ഓസ്‌കാര്‍ വേദിയില്‍ പകരക്കാരിയായി എത്തിയ അനൗഷെ, ബഹിരാകാശത്തെ ആദ്യ മുസ്ലിം വനിത

0

ഓസ്‌കാര്‍ വേദിയില്‍ പകരക്കാരിയായാണ് അനൗഷെ അന്‍സാരി എത്തിയത് .ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ അസാന്നിധ്യത്തില്‍ പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ അനൗഷെ അന്‍സാരിയെ ലോകം അന്ന് ശ്രദ്ധിച്ചു .

വെറുമൊരു പകരക്കാരിയായിരുന്നില്ല അനൗഷെ. പൊതുസമൂഹത്തില്‍ തളയ്ക്കപ്പെട്ടിരുന്ന ഇറാനിയന്‍ സ്ത്രീകളുടെ സ്വപ്‌നങ്ങള്‍ക്ക് ആകാശത്തിനപ്പുറത്തേയ്ക്ക് ചിറകുകള്‍ വിരിച്ചു കൊടുത്ത അതുല്യ പ്രതിഭയായിരുന്നു. ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ ഇറാനിയന്‍ സ്ത്രീയ്ക്ക് ഓസ്‌കാര്‍ രാവില്‍ പൊന്നിനെക്കാളും തിളക്കമുണ്ടായിരുന്നു.1966 ല്‍ ഇറാനിലെ മഷാദില്‍ അനൗഷെ ജനുച്ചത് .ഓര്‍മ്മ വെച്ച കാലം മുതല്‍ അവളുടെ സ്വപ്നങ്ങളില്‍ നക്ഷത്രങ്ങളും ആകാശവും വന്നെത്തി .ഈ സ്വപ്നങ്ങളാണ് ലോകത്തില്‍ ആദ്യമായി ബഹിരാകാശത്തിലേയ്ക്ക് വിനോദസഞ്ചാരത്തിന് പോയ സ്ത്രീയായി അനൗഷെയെ മാറ്റിയത്. 2006 സെപ്റ്റംബര്‍ 18 നു കസാക്കിസ്ഥാനിലെ ബൈക്കനൂര്‍ വിക്ഷേപണകേന്ദ്രത്തില്‍ നിന്നും ഭൂമിയെ വിട്ട് പറന്നുയര്‍ന്നപ്പോള്‍ അനൗഷെയ്ക്ക് അത് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരം ആയിരുന്നു. ബഹിരാകാശത്ത് പോകുന്ന ആദ്യ മുസ്ലിം സ്ത്രീയായി അന്ന് അനൗഷെ!

ഇറാനിലെ മഷാദില്‍ ജനിച്ച അനൗഷെ 1984 ഇല്‍ അമേരിക്കയിലേയ്ക്ക് കുടിയേറിയത്. ഇംഗ്ലീഷ് സംസാരിക്കാനറിയാത്ത ടീനേജുകാരിയായിരുന്നു അന്ന് അവര്‍. പിന്നീട് ഇലക്ട്രോണിക്സിലും കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗിലും ബിരുദങ്ങള്‍ നേടി. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തരബിരുദം നേടി. ഒരു ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയില്‍ തുടങ്ങിയ ഔദ്യോഗികജീവിതം ഇപ്പോള്‍ ബിസിനസ്സിലും സാങ്കേതികവിദ്യയിലും വിജയം കൊയ്ത് അങ്ങ് ബഹിരാകാശം വരെ എത്തിപ്പെട്ടു.1991 ഭാവിവരനായ ഹാമിദ് അന്‍സാരിയെ കണ്ടുമുട്ടിയത് അനൗഷെയുടെ ജീവിതത്തിലെ വഴിത്തിരിവായെന്നും പറയാം. 1993 ഇല്‍ അവര്‍ ടെലികോം ടെക്‌നോളജീസ് ഇന്‍ ക് തുടങ്ങുമ്പോള്‍ ഹാമിദും സഹോദരന്‍ അമീര്‍ അന്‍സാരിയും ഒപ്പമുണ്ടായിരുന്നു. അവര്‍ തങ്ങളുടെ എല്ലാ സമ്പാദ്യങ്ങളും ചേര്‍ത്തു വച്ച് ബിസിനസ്സില്‍ നിക്ഷേപിച്ചു. വന്‍ വിജയമായിരുന്നു അവരുടെ സംരംഭം. 2001 ഇല്‍ അവര്‍ ടെലികോം ടെക്‌നോളജീസ് വിറ്റു. 2006 ഇല്‍ വീണ്ടും പ്രോഡിയ സിസ്റ്റംസ് എന്ന സ്ഥാപനം ആരംഭിച്ചു. പ്രോഡിയയുടെ ചെയര്‍പെഴ്‌സനും സി ഇ ഓ യും ആണ് അനൗഷെ ഇപ്പോള്‍.

ബിസിനസ്സ് ചെയ്ത് പണം ഉണ്ടാക്കുകയായിരുന്നില്ല അവരുടെ ലക്ഷ്യം. ബഹിരാകാശയാത്രയ്ക്കുള്ള പണം കണ്ടെത്താനുള്ള ഒരു ഉപായം കൂടിയായിരുന്നു അവരുടെ ബിസിനസ്സ്. ബഹിരാകാശയാത്രയ്ക്ക്് ഏതാണ്ട് 20 ദശലക്ഷം ഡോളര്‍ ചെലവായെന്നാണ് പറയപ്പെടുന്നത്.തന്റെ പേര്‍ഷ്യന്‍ വേരുകളില്‍ അഭിമാനം കൊള്ളുന്ന, തന്നെ ഇറാനിയന്‍ മുസ്ലീം എന്ന് പരിചയപ്പെടുത്തുന്ന അനൗഷെ ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങിലും തന്റെ വരവ് അറിയിച്ചു. ഇറാനിയന്‍ സംവിധായകനായ അസ്ഗര്‍ ഫര്‍ഹാദി ഓസ്‌കാര്‍ ചടങ്ങുകള്‍ ബഹിഷ്‌കരിച്ചു കൊണ്ട് അയച്ച കത്ത് വായിച്ചു അനൗഷെ വീണ്ടും ഇറാനിയന്‍ സ്ത്രീകളുടെ സ്വപ്നങ്ങള്‍ക്ക് ചിറകു വിടര്‍ത്തി.

രണ്ട് കാര്യങ്ങളാണ് അനൗഷെയുടെ ഓസ്‌കാര്‍ സാന്നിധ്യം വെളിപ്പെടുത്തിയത്. അമേരിക്കയുടെ മുസ്ലീം വിരുദ്ധതയോടുള്ള എതിര്‍പ്പിലെ സ്ത്രീപക്ഷവും മതം അനുശാസിക്കുന്നത് പോലെ തടവറയില്‍ അടയ്ക്കാനുള്ളതല്ല മുസ്ലീം സ്ത്രീകളുടെ ഇച്ഛാശക്തി എന്ന യാഥാര്‍ഥ്യവും. 1979 ലെ ഇറാനിയന്‍ വിപ്ലവത്തിന്റെ സാക്ഷി കൂടിയായ അനൗഷെയ്ക്ക് തന്റെ ആകാശത്തിനോടുള്ള കൊതി അവസാനിക്കുന്നില്ല. ഇനിയും ബഹിരാകാശയാത്രകള്‍ നടത്തണമെന്നാണ് അവരുടെ ആഗ്രഹം. അവസരങ്ങള്‍ കിട്ടിയാല്‍ ചൊവ്വയിലേയ്ക്കും ചന്ദ്രനിലേയ്ക്കും യാത്ര ചെയ്യാനും അനൗഷെയ്ക്കുസമ്മതം .