നന്ദി തീര്‍ഥ; മണ്ണിനടിയില്‍ ഏഴായിരം വര്‍ഷം പഴക്കമുള്ള ക്ഷേത്രം

0

മണ്ണിനടിയില്‍ ഏഴായിരം വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു നിഗൂഡ ക്ഷേത്രം. കേട്ടിട്ട് വിശ്വസിക്കാന്‍ കഴിയുന്നില്ലേ ? നന്ദി തീര്‍ഥ എന്നറിയപ്പെടുന്ന ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രമാണ് ഈ അപൂര്‍വ്വക്ഷേത്രം. ബംഗ്ലൂരിലാണ് ഈ ക്ഷേത്രം.

ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രം ബെംഗളുരു നിവാസികള്‍ക്ക് അത്രയൊന്നും പരിചിതമായ ഒരിടമല്ല. മല്ലേശ്വരപുരം വെസ്റ്റില്‍ കോദണ്ഡരാമപുരത്തിനു സമീപമുള്ള കടു മല്ലേശ്വര ക്ഷേത്രത്തിനു എതിര്‍വശത്താണ് ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇതിനു തൊട്ടടുത്തായാണ് ഗംഗാമ്മ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. മലയാളികള്‍ക്ക് ഏറെ പരിചിതമായ കോറമംഗലയില്‍ നിന്നും 14 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രമുള്ളത്.

7000 വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ശീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രം ഏകദേശം 18 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് കണ്ടെത്തുന്നത്. അതും തികച്ചും അവിചാരിതമായി. കടു ക്ഷേത്രത്തിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ 1997 ല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴാണ് മണ്ണില്‍ പുതഞ്ഞ നിലയില്‍ ക്ഷേത്രത്തിന്റെ ഗോപുരത്തിന്റെ ഒരു ഭാഗം കാണപ്പെടുന്നത്. പിന്നീട് കൂടുതല്‍ കുഴിച്ചപ്പോഴാണ് മണ്ണിനടില്‍ ഒരു ക്ഷേത്രം തന്നെയുണ്ടെന്ന് മനസ്സിലാകുന്നത്.പിന്നീട് ഇവിടെ നടന്ന ഖനനങ്ങള്‍ പൂര്‍ത്തിയാക്കിയത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടം നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു. ഈ ഖനനത്തിലാണ് വളരെ നല്ല രീതിയില്‍ സംരക്ഷിച്ചിരിക്കുന്ന ഒരു ക്ഷേത്രക്കുളവും അതിനോട് ചുറ്റും കല്‍പ്പടവുകളും കൂടാതെ ധാരാളം തൂണുകളുള്ള മണ്ഡപങ്ങളുമുണ്ടെന്ന് മനസ്സിലാക്കുന്നത്.

ഖനനം പൂര്‍ത്തിയാകുമ്പോഴെക്കും ധാരാളം നിഗൂഡതകള്‍ ഇവിടെ കാണാന്‍ സാധിച്ചു. മുഴുവന്‍ സമയവും ജലം വന്നുവീണുകൊണ്ടിരിക്കുന്ന ശിവലിംഗമായിരുന്നു ആദ്യത്തെ വിസ്മയം. തൊട്ടു മുകളിലത്തെ നിലയില്‍ കല്ലില്‍ തീര്‍ത്തിരിക്കുന്ന നന്ദിയുടെ പ്രതിമയില്‍ നിന്നുമായിരുന്നു ശിവലിംഗത്തിലേക്ക് ജലം പ്രവഹിച്ചുകൊണ്ടിരുന്നത്. ക്ഷേത്രത്തിന്റെ പഴക്കത്തിനെക്കുറിച്ച് വ്യക്തമാക്കുന്ന യാതൊരു രേഖകളും ചരിത്രങ്ങളും ലഭ്യമല്ലെങ്കിലും ഏഴായിരം വര്‍ഷം പഴക്കമുണ്ടെന്നാണ് ഇവിടെയുള്ളവര്‍ പറയുന്നത്.