മെട്രോ ട്രെയിനില്‍ മനപൂര്‍വ്വം പുസ്തകങ്ങള്‍ ഉപേക്ഷിക്കുന്ന ദമ്പതികള്‍; ബുക്‌സ് ഓണ്‍ ദി ഡല്‍ഹി മെട്രോ!

0

മൊബൈല്‍ യുഗം ആരംഭിച്ചതോടെ പുസ്ടകങ്ങള്‍ വായിക്കുന്നതില്‍ നിന്നും പുതിയ തലമുറ ഒരല്‍പം പിന്നോട്ടാണ്. പണ്ടൊക്കെ ട്രെയിന്‍ യാത്രകളിലും മറ്റും ആളുകള്‍ സമയം തള്ളിനീക്കിയിരുന്നത്‌ പുസ്ടകങ്ങളോട് കൂട്ട്കൂടിയായിരുന്നു. എന്നാല്‍ ഇന്ന് ആ സ്ഥാനം മൊബൈല്‍ ഫോണുകള്‍ കൈയ്യടക്കി.

അങ്ങനെയുള്ള യാത്രക്കാര്‍ക്ക് കണ്ണുകളെ മൊബൈല്‍ സ്‌ക്രീനില്‍ നിന്നു മോചിപ്പിക്കാനും പുസ്തകങ്ങള്‍ വായിക്കാനും അവസരമൊരുക്കുന്ന ഒരു ഭാര്യയും ഭര്‍ത്താവുമുണ്ട് അങ്ങ് ഡല്‍ഹിയില്‍. അവരാണ് ശ്രുതി ശര്‍മയും സിവില്‍ എഞ്ചിനീയറായ തരുണ്‍ ചൗഹാനും. ബുക്സ് ഓണ്‍ ദ ഡല്‍ഹി മെട്രോ എന്നാണ് ഇവരുടെ സംരംഭത്തിന്റെ പേര്. പുസ്തകങ്ങള്‍ വായനക്കാര്‍ക്കായി മെട്രോയില്‍ ഉപേക്ഷിക്കുക എന്നതാണ് ബുക്സ് ഓണ്‍ ദ ഡല്‍ഹി മെട്രോയിലൂടെ ഇവര്‍ ചെയ്യുന്നത്. വായനക്കാര്‍ക്ക് ഈ പുസ്തകം എടുത്ത് വായിക്കാം. വായന പൂര്‍ത്തിയാക്കിയ ശേഷം മറ്റാര്‍ക്കെങ്കിലും വായിക്കാനായി മെട്രോയില്‍ തന്നെ ഉപേക്ഷിക്കാം. സൗജന്യമായാണ് ഇവരുടെ പ്രവര്‍ത്തനം.Image result for books on the delhi metro

ഹോളി ഫ്രേസറും റോസി കെഹ്ഡിയും ചേര്‍ന്ന് ആരംഭിച്ച ബുക്സ് ഓണ്‍ ദ മൂവ് എന്ന ആശയത്തിന്റെ ഇന്ത്യന്‍ പതിപ്പാണ് ബുക്സ് ഓണ്‍ ദ ഡെല്‍ഹി മെട്രോ. 2012 ല്‍ ആരംഭിച്ച ബുക്സ് ഓണ്‍ ദ മൂവിന് പതിന്നാലു രാജ്യങ്ങളിലായി 20 ബ്രാഞ്ചുകളാണിപ്പോഴുള്ളത്. ജുംബാ ലാഹിരിയുടെ നെയിംസേക്ക്, ആര്‍തര്‍ കൊനാന്‍ ഡോയലിന്റെ കേസ് ബുക്ക് ഓഫ് ഷെര്‍ലക്ക് ഹോംസ്, സിസിലിയ ആഹേണിന്റെ ദ ഇയര്‍ ഐ മെറ്റ് യു തുടങ്ങിയ പുസ്തകങ്ങളാണ് ഇരുവരും ചേര്‍ന്ന് മെട്രോയില്‍ വായനക്കാര്‍ക്കു വേണ്ടി ഉപേക്ഷിച്ചത്. സ്വന്തം ശേഖരത്തില്‍ നിന്നുള്ള പുസ്തകങ്ങളാണ് ഇവര്‍ ഇതിനോടകം ഡല്‍ഹി മെട്രോയില്‍ നിക്ഷേപിച്ചിട്ടുള്ളതെന്നതും ശ്രദ്ധേയം. ബുക്സ് ഓണ്‍ ദ ഡല്‍ഹി മെട്രോ എന്ന സ്റ്റിക്കര്‍ ഒട്ടിച്ചാണ് പുസ്തകങ്ങള്‍ മെട്രോയില്‍ ഉപേക്ഷിക്കുന്നത്.

തുടര്‍ന്ന് എവിടെയാണ് നിക്ഷേപിച്ചതെന്നുള്ള സൂചനകള്‍ ഇന്‍സ്റ്റഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും നല്‍കും. സൂചനകള്‍ ഉപയോഗിച്ച് പുസ്തകം എവിടെന്ന് കണ്ടെത്താം. ലഭിക്കുന്ന ആള്‍ ബുക്സ് ഓണ്‍ ദ മെട്രോ എന്ന ഹാഷ്ടാഗില്‍ അക്കാര്യം പങ്കു വയ്ക്കാനും ഇവര്‍ നിര്‍ദേശം മുന്നോട്ടു വയ്ക്കുന്നുണ്ട്. വായനയ്ക്കു ശേഷം മറ്റൊരാള്‍ക്കായി ആ പുസ്തകം മെട്രോയില്‍ ഉപേക്ഷിക്കാം. ന്യൂയോര്‍ക്ക് സബ്വേയില്‍ യാത്രയ്‌ക്കൊടുവില്‍ എമ്മ വാട്സണ്‍ പുസ്തകം ഉപേക്ഷിക്കുന്നതിന്റെ ഒരു വീഡിയോ കാണാനിടയായതാണ് ഇങ്ങനെയൊരു സംരംഭത്തിലേക്ക് കടക്കാന്‍ പ്രചോദനമായതെന്ന് ശ്രുതി പറയുന്നു. ആളുകളെ വായിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് ബുക്സ് ഓണ്‍ ദ ഡല്‍ഹി മെട്രോയിലൂടെ ഉദ്ദേശിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.