ശ്രദ്ധിക്കുക! അതു നിങ്ങളുടെ വീഡിയോയല്ല; ഫേസ്ബുക്ക് ഉപഭോക്താക്കളെ കുഴപ്പത്തിലാക്കി വൈറസ്

0

ഫേസ്ബുക്ക് ഉപഭോക്തക്കളുടെ ഉറക്കംകെടുത്തി വീണ്ടും വൈറസ്‌ വ്യാപകമാകുന്നു. ഫേയ്‌സ്ബുക്ക് സുഹൃത്തിന്റെ മെസേജായി എത്തുന്ന ഈ വൈറസ് തുറക്കുന്നതോടെ സ്വന്തം അക്കൗണ്ടിനെയും കമ്പ്യൂട്ടറിനെയും ബാധിക്കുന്നതിനൊപ്പം സ്വന്തം ഫ്രണ്ട്‌സ് ലിസ്റ്റിലുള്ളവര്‍ക്കെല്ലാം മെസേജായി ലഭിക്കുകയും ചെയ്യുന്നു.

ചില സുഹൃത്തുക്കളെ ടാഗ് ചെയ്തു വീഡിയോ എത്താം. സുഹൃത്തിന്റെ വീഡിയോ എന്ന വിധത്തിലാണ് വൈറസ് പൊങ്ങിവരുന്നത്. ഇതു കാണുന്ന യൂസര്‍ സ്വാഭാവികമായും ചിത്രത്തില്‍ ക്ലിക്കു ചെയ്ത് തുറക്കാന്‍ ശ്രമിക്കും. ഇതോടെ കമ്പ്യൂട്ടറിലേക്കും സ്മാര്‍ട്ട്‌ഫോണിലേക്കും വൈറസ് ബാധിക്കും.

അതിവേഗം പടര്‍ന്നു പിടിക്കുന്ന ട്രോജന്‍ വിഭാഗത്തില്‍ പെട്ടവയാണ് ഈ വൈറസെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. സാധാരണ നിലയില്‍ പടരുന്ന സ്പാമുകളെപോലെയല്ലത്രെ ഇവ. ഫേസ്ബുക്ക് അക്കൗണ്ടിനെയും അത് തുറക്കുന്ന കമ്പ്യൂട്ടറിനെയും ബാധിക്കുന്നതിന് ശേഷിയുള്ള വൈറസാണ് പടര്‍ന്നുകൊണ്ടിരിക്കുന്നത്. കൃത്യമായ ആന്റിവൈറസ് അപ്‌ഡേറ്റ് ഇല്ലാത്ത കമ്പ്യൂട്ടറുകളിലാണ് വൈറസ് പെട്ടെന്ന് ബാധിക്കുന്നത്.

ബാധിച്ചുകഴിഞ്ഞാല്‍ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തുന്നതിനൊപ്പം, ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്ക് അശ്ലീല വീഡിയോ അയക്കുകയും ചെയ്യുകയാണ് വൈറസിന്റെ പ്രവര്‍ത്തനം. ഫേസ്ബുക്ക് അക്കൗണ്ടില്‍ ലോഗ് ഔട്ട് ബട്ടണ്‍ വരെ ഹൈഡ് ചെയ്യാന്‍ പ്രാപ്തിയുള്ള വൈറസ് ആക്രമണമാണ് വ്യാപിക്കുന്നത്.

വൈറസ് ലിങ്കില്‍ ക്ലിക്ക് ചെയ്‌തെന്നു ബോധ്യപ്പെട്ടാല്‍ ഉടന്‍ ബ്രൗസര്‍ ക്ലോസ് ചെയ്ത് ക്യാഷ് ക്ലിയര്‍ ചെയ്യുകയാണ് വേണ്ടത്. പെട്ടെന്നു തന്നെ ആന്റിവൈറസ് സ്‌കാന്‍ നല്‍കുകയും വേണം. ലിങ്ക് ക്ലിക് ചെയ്തവര്‍ വീഡിയോ ലിങ്ക് എത്രയും വേഗം ഡിലീറ്റ് ചെയ്യണം. അതിന് ലിങ്കായി വന്നിട്ടുള്ള പോസ്റ്റിന്റെ വലതു വശത്ത് മുകളില്‍ കോര്‍ണറിലായി ചിലതില്‍ ഒരു ഡ്രോപ് ഡൗണ്‍(V) ഐക്കണുണ്ടാകും. അതിനകത്ത് ഓപ്ഷനുമുണ്ടാകും. എത്രയും പെട്ടെന്ന് സംഗതി നിങ്ങളുടെ ടൈംലൈനില്‍ നിന്ന് Hide ചെയ്‌തേക്കുക. അല്ലെങ്കില്‍ മറ്റുള്ളവര്‍ അതില്‍ ക്ലിക്ക് ചെയ്യാനുള്ള സാധ്യതയേറെ. അതുമല്ലെങ്കില്‍ ഏറ്റവും താഴെ remove/report tags എന്ന ഓപ്ഷനുമുണ്ട്. ഇത് ഉപയോഗിക്കുക.

ഫേസ്ബുക്കിന്റെ വലതുവശത്ത് മുകളിലായി കാണുന്ന ഡ്രോപ് ഡൗണ്‍ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ Activtiy log എന്ന ഓപ്ഷന്‍ കാണാം. അവ പരിശോധിച്ച് നിങ്ങള്‍ ചെയ്തിട്ടില്ലാത്ത ഏതെങ്കിലും ആക്ടിവിറ്റി അതിലുണ്ടോയെന്നു പരിശോധിക്കുക. ഉണ്ടെങ്കില്‍ edit ചെയ്ത് നീക്കാനുള്ള ഓപ്ഷന്‍ വലതുവശത്ത് തന്നെയുണ്ട്.

ചിലപ്പോള്‍ സ്പാം ലിങ്കിനൊപ്പം നിങ്ങളുടെ സുഹൃത്തുക്കളെയും tag ചെയ്തിട്ടുണ്ടാകാം. അങ്ങനെയെങ്കില്‍ അവരോട് ആക്ടിവിറ്റി ലോഗില്‍ പോയി സ്വയം untag ചെയ്യാന്‍ ആവശ്യപ്പെടാം. ആക്ടിവിറ്റി ലോഗിനു താഴെയായി settings optionepw ഒന്നു കയറാം. അവിടെ ഇടതുവശത്തെ ലിസ്റ്റില്‍ Apps എന്നു കാണാം. നിങ്ങള്‍ പോലും അറിയാതെ എഫ്ബി അക്കൗണ്ടില്‍ കയറിപ്പറ്റിയ ഒട്ടേറെ ആപ്ലിക്കേഷനുകള്‍ അവിടെ ഒളിച്ചിരിക്കുന്നുണ്ടാകും. ആവശ്യമില്ലാത്തതാണെങ്കില്‍ ഒന്നൊന്നായി remove ചെയ്യുക. കംപ്യൂട്ടറില്‍ ആന്റിവൈറസുണ്ടെങ്കില്‍ മൊത്തത്തില്‍ ഒരു scan കൊടുക്കുന്നത് നന്നായിരിക്കും.