FIBA ഏഷ്യകപ്പ് ബാസ്കറ്റ്ബാള്‍- ഇന്ത്യ ചൈനയെ അട്ടിമറിച്ചു

0

 ലോകം മുഴുവന്‍ കാല്‍പ്പന്തുകളിയില്‍ മതിമറന്നിരിക്കുമ്പോള്‍, അധികമാരും അറിയാതെ കടന്നുപോയത്, ഇന്ത്യന്‍ ബാസ്ക്കറ്റ്ബാളിലെ ഒരു സുവര്‍ണദിവസമായിരുന്നു. ഞായറാഴ്ച നടന്ന FIBA ഏഷ്യകപ്പ് ബാസ്കറ്റ്ബാള്‍ മത്സരത്തില്‍, ഏഷ്യയിലെ അതികായന്മാരായ ചൈനയെ 65-58 എന്ന സ്കോറിന് ആദ്യമായി അട്ടിമറിച്ച് ഇന്ത്യ ചരിത്രം കുറിച്ചു.

കളിയിലുടനീളം ആധിപത്യം നിലനിര്‍ത്തിയ ഇന്ത്യ  പകുതി സമയത്ത്,  പതിനഞ്ചു പോയന്റുകള്‍ക്ക് മുന്‍പിലായിരുന്നു. ഇന്ത്യക്ക് വേണ്ടി, പ്രഥം സിംഗ്, അമ്ജ്യോത് സിംഗ് എന്നിവര്‍ പതിമൂന്ന് പോയന്റുകള്‍ വീതം നേടിയപ്പോള്‍, വിശേഷ് ഭ്രിഗുവന്ഷി പത്തു പോയന്റുകള്‍ നേടി. ഇന്ത്യ നേടിയ അത്ഭുതവിജയത്തില്‍ കളിക്കാര്‍ക്ക് ഇപ്പോഴും വിശ്വാസം വന്നിട്ടില്ലെങ്കിലും, താന്‍ ഒട്ടും അതിശയിക്കുന്നില്ലെന്ന് ടീം കോച്ച്,  സ്കോട്ട് ഫ്ലെമിംഗ് വ്യക്തമാക്കി. "കഠിനമായ പ്രയത്നത്തിന്റെ ഫലമാണത്" എന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം.

ശനിയാഴ്ച ഇറാനെ വളരെ എളുപ്പത്തില്‍ തോല്‍പ്പിച്ച ചൈനയ്ക്ക്, പക്ഷെ ഇന്ത്യ, പ്രതീക്ഷിക്കാത്ത ഷോക്ക്‌ ആണ് ഏല്‍പ്പിച്ചത്. ഇതോടെ, ആദ്യഘട്ടത്തിലെ ഇനിയുള്ള മത്സരങ്ങള്‍ കൂടുതല്‍ ഉദ്വേഗഭരിതമാവാന്‍ പോകുകയാണ്.