കാലാവസ്ഥാ വ്യതിയാനവും ഉയരുന്ന അന്തരീക്ഷ ഊഷ്മാവും വിമാനയാത്ര പേടിസ്വപ്നമാക്കും; വരും വര്‍ഷങ്ങളില്‍ വിമാനയാത്രയിലെ കുലുക്കം മൂന്നിരട്ടിയാകുമെന്നു പഠനങ്ങള്‍

0

കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ ഊഷ്മാവിലുണ്ടാകുന്ന വര്‍ധനവും വിമാനത്തിലെ യാത്ര പേടി സ്വപ്‌നമാക്കാന്‍ പോകുന്നു. ആകാശത്തുവെച്ച് വിമാനങ്ങള്‍ക്ക് അനുഭവപ്പെടുന്ന കുലുക്കം 2050 ആകുമ്പോഴേക്കും നിലവിലുള്ളതിന്റെ മൂന്നിരട്ടിയായി വര്‍ധിക്കാന്‍ പോകുന്നു എന്ന് റിപ്പോര്‍ട്ട്.

2050-80 കാലമാകുമ്പോഴേക്കും നിലവിലെ സാങ്കേതിക വിദ്യയില്‍ മുന്നോട്ടുപോയാല്‍ വിമാനയാത്രയിലെ കുലുക്കങ്ങള്‍ പേടിപ്പിക്കും വിധം വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്.  റീഡിംങ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍.

യൂറോപ്പിനും അത്‌ലാറ്റിക് സമുദ്രത്തിന് മുകളിലൂടെയും യാത്ര ചെയ്യുന്നവര്‍ക്കായിരിക്കും ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരിക. യൂറോപ്പിലെ ആകാശ കുലുക്കം 2050 ആകുമ്പോഴേക്കും 160 ശതമാനവും അത്‌ലാറ്റിക് സമുദ്രത്തിന് മുകളിലെ ആകാശപാതകളിലെ കുലുക്കം 180 ശതമാനവുമാണ് വര്‍ധിക്കുക. ഈ കണക്കുവെച്ച് കുറഞ്ഞത് വിമാനയാത്രകളിലെ പരിക്കുകള്‍ ഈ വര്‍ഷമാകുമ്പോഴേക്കും മൂന്നിരട്ടിയാകുമെന്നും കണക്കാക്കുന്നു. അന്തരീക്ഷത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും മനസിലാക്കി മുന്നറിയിപ്പ് സംവിധാനങ്ങളൊരുക്കുക മാത്രമാണ് ഈ പ്രതിസന്ധി മറികടക്കാനായി ഉയരുന്ന നിര്‍ദ്ദേശം.

ഇത്തരം സാഹചര്യങ്ങളെ മുന്‍കൂട്ടി കണ്ട് ഒഴിവാക്കാനുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കുക മാത്രമാണ് ഏക രക്ഷാമാര്‍ഗ്ഗമെന്നു ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. പോള്‍ വില്യംസ് പറയുന്നു.