75 നിലകള്‍, 528 മുറികള്‍, സ്വർണം പൂശിയ ഭിത്തികള്‍; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ ദുബായ് നഗരത്തില്‍ ഉയരുന്നു

0

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ എന്ന നിലവിലുള്ള റെക്കോർഡ് തിരുത്താനൊരുങ്ങി ദുബായ്.ദുബായിൽ തന്നെയുള്ള ലോകത്തെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായ ജെ.ഡബ്ല്യൂ മാരിയറ്റ് മാർക്വിസിനെ തോൽപ്പിച്ച്, ദ് ന്യൂ ഗവോറയെന്ന ഹോട്ടലാണ് തലയുയർത്താൻ തയാറെടുക്കുന്നത്.

365 മീറ്റർ ഉയരമാണ് പുതിയ ഹോട്ടലിന്, നിലവിലെ ഒന്നാമനായ മാരിയറ്റ് ഹോട്ടലിന് 355 മീറ്റർ ഉയരവും. പത്തു മീറ്ററിന്റെ ‘തലപ്പൊക്കവു’മായാണ് ഗവോറയുടെ വരവ്. ഈ വർഷം പകുതിയോടെ ഹോട്ടൽ തുറക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹോട്ടലിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി അധികൃതർ പങ്കുവച്ചു. 75 നിലകളുള്ള ഭീമൻ ഹോട്ടലിൽ 528 മുറികളാണുള്ളത്. ഡിലക്സ് മുറികൾ മുതൽ രണ്ട് മുറിയുള്ള സ്യൂട്ട് വരെ ലഭ്യമാണ്. സ്വർണം പൂശിയ ക്ലാഡിങ് ടൈലുകളാണ് ഹോട്ടലിന്റെ മുകൾനിലയിൽ ചുവരുകൾ അലങ്കരിക്കുന്നത്. മുന്തിയ മാർബിളുകൾ പാകിയ പിരിയൻ ഗോവണി, സ്വർണം പൂശിയ ഭിത്തികളുമായി വിശാലമായ ഊണുമുറി തുടങ്ങി നിരവധി ആഡംബരക്കാഴ്ചകളാണത്രെ ഹോട്ടലിനുള്ളിൽ ഒരുങ്ങുന്നത്. ഹോട്ടലിന്റെ മുകൾനിലയിൽ നിന്നും ദുബായ് നഗരത്തിന്റെ വിശാലമായ കാഴ്ചയും ലഭ്യമാകും.