ഓണത്തെ വരവേല്‍ക്കാന്‍ പ്രവാസിമലയാളികള്‍ ഒരുങ്ങി; പൂക്കളും പച്ചക്കറികളും എത്തിത്തുടങ്ങി

0

വലിയ പെരുന്നാള്‍ ആഘോഷത്തിനു തൊട്ടുപിന്നാലെയെത്തുന്ന ഓണത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തില്‍ യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകളില്‍ മലയാളി പ്രവാസികള്‍. വിവിധ മലയാളി സംഘടനകള്‍ ഓണപ്പരിപാടികള്‍ ഇപ്പോഴേ പ്രഖ്യാപിച്ചു കഴിഞ്ഞു. തിരുവോണം സപ്തംബര്‍ നാലിനാണെങ്കിലും ചിലര്‍ പെരുന്നാളാവധിക്കാലത്ത് തന്നെ ഓണാഘോഷ പരിപാടികള്‍ മുന്‍കൂട്ടി നടത്തി. പലരുടെയും കുടുംബങ്ങള്‍ ആഘോഷത്തില്‍ പങ്കുചേരാന്‍ നാട്ടില്‍ നിന്നെത്തിയിട്ടുണ്ട്.

ഓണം വര്‍ണാഭമാക്കാനുള്ള പൂക്കളും സ്വാദിഷ്ടമാക്കാനുള്ള പഴം-പച്ചക്കറികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഗള്‍ഫ് നാടുകളിലെത്തിയിട്ടുണ്ട്. വിമാനത്തിലും കപ്പലിലുമൊക്കെയാണ് ഇവ എത്തിക്കുന്നത്.തുണിക്കടകളില്‍ കേരളസാരിക്കും കസവുമുണ്ടിനും വലിയ ഡിമാന്റാണിപ്പോള്‍. പാലക്കാട് നിന്നാണ് പ്രധാനമായും കേരള സാരി ഇറക്കുമതി ചെയ്യുന്നത്. പെണ്‍കുട്ടികള്‍ക്കുള്ള റെഡിമെയ്ഡ് കസവ് പാവാടയ്ക്കും ബ്ലൗസിനും ആവശ്യക്കാരേറെയാണ്.

കായിക-സാംസ്‌കാരിക പരിപാടികള്‍, മല്‍സരങ്ങള്‍, വിനോദപരിരാടികള്‍ തുടങ്ങിയവയുമായി മലയാളി സമാജനങ്ങളും സന്നദ്ധ സംഘടനകളും സജീവമായി രംഗത്തുണ്ട്. നാട്ടിലേത് പോലെ 10 ദിവസത്തെ പരിപാടികളില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല പ്രവാസികളുടെ ഓണം. അത് മാസങ്ങള്‍ നീണ്ടുനില്‍ക്കും. നാട് വിട്ടു മറ്റൊരു നാട്ടില്‍ ഓണം കൊണ്ടാടുന്ന പ്രവാസികള്‍ക്ക് ഇത് ഒത്തുചേരലിന്റെ നാളുകള്‍ കൂടിയാണ്.