വിമാനത്തിന്റെ ടോയ്‌ലറ്റ് ലീക്കായി; അമൂല്ല്യമായ ധാതുക്കളെന്നു കരുതി ഗ്രാമവാസികള്‍ അത് പാത്രത്തിലാക്കി വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചു; ഹരിയാനയില്‍ സംഭവിച്ചത് രസകരമായ സംഭവം

1

ഗുരുഗ്രാമിനടുത്തുള്ള ഫസില്‍പുര്‍ ബദ്‌ലി എന്ന ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം നടന്നത് രസകരമായ സംഭവങ്ങളായിരുന്നു. രാജ്ബിര്‍ യാദവ് എന്ന കാര്‍ഷകന്റെ ഗോതമ്പു പാടത്താണ് സംഭവങ്ങള്‍ നടന്നത്. ശനിയാഴ്ച്ച പ്രഭാതത്തില്‍ ഒരു അജ്ഞാത വസ്തു ആകാശത്ത് നിന്ന് പതിക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.വലിയ ശബ്ദത്തോടെയായിരുന്നു വസ്തു ഭൂമിയില്‍ പതിച്ചതെന്ന് രാജ്ബിര്‍ യാദവ് പറയുന്നു. വെള്ളനിറത്തിലുള്ള സുതാര്യമായ മേല്‍പാളിയോടെ കാണപ്പെട്ട ആ വസ്തുവിന് ഐസ് കട്ടയോളം തണുപ്പുണ്ടായിരുന്നു.

പാടത്തു വിചിത്രവസ്തു വീണവിവരം കാട്ടു തീ പോലെ പടര്‍ന്നു.ഉല്‍ക്ക പോലെ ആകാശത്തില്‍ നിന്നു പതിച്ച എന്തെങ്കിലും ആകാം എന്നായിരുന്നു നാട്ടുകാരുടെ നിഗമനം. അമൂല്ല്യമായ ധാതുക്കളായിരിക്കാം അതിനകത്ത് എന്നു മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു. ഇതോടെ ഗ്രാമവാസികള്‍ അതു പൊട്ടിച്ചെടുത്തു. കിട്ടിയ കഷ്ണങ്ങളുമായി വീട്ടിലേയ്ക്കു മടങ്ങി. അമൂല്ല്യമായ വസ്തു ഉരുകി പോകാതിരിക്കാന്‍ പലരും ഇതു പാത്രത്തിലാക്കി വീട്ടിലെ ഫ്രീസറില്‍ സൂക്ഷിച്ചു എന്നും പറയുന്നു.

ഫസില്‍പൂര്‍ ബദ്‌ലിയില്‍ ഒരു അജ്ഞാത വസ്തു പതിച്ചവിവരം ഇതിനോടകം ജില്ല ഭരണകൂടം അറിഞ്ഞിരുന്നു. ഇതേ തുടര്‍ന്നു ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ ഗ്രാമത്തിലേയ്ക്കു തിരിച്ചു. അടിയന്തരസാഹചര്യം നേരിടാന്‍ ദുരന്തനിവാരണസേനാ ഉദ്യോഗസ്ഥരേയും വിളിപ്പിച്ചു. എന്തായാലും വിദഗ്ദ്ധസംഘത്തിന്റെ പരിശോധന കഴിഞ്ഞപ്പോള്‍ അജ്ഞാതശിലയ്ക്ക് പിന്നിലെ ദുരൂഹത ഒഴിഞ്ഞു. സംഭവം ഉല്‍ക്കയും വാല്‍നക്ഷത്രവുമൊന്നുമല്ലെന്നും ബ്ലൂ ഐസാണെന്ന് ഉദ്യോഗസ്ഥര്‍ ഗ്രാമവാസികളെ അറിയിച്ചു. വിമാനത്തിന്റെ ടോയ്ലറ്റില്‍ നിന്നുമുള്ള മാലിന്യമാണ് ബ്ലൂഐസ്. സൂക്ഷിക്കാനും നശിപ്പിക്കാനുമുള്ള സൗകര്യത്തിനായി ഇവയെ ശീതീകരിച്ചാണ് വിമാനത്തിലെ ടാങ്കില്‍ സൂക്ഷിക്കുക. പ്രത്യേക രാസമിശ്രിതങ്ങള്‍ ഉപയോഗിച്ച് വിമാനത്തിലെ സെപ്റ്റിക് ടാങ്കില്‍ സൂക്ഷിക്കുന്ന മാലിന്യം അതില്‍ നിന്നും ചോര്‍ന്നാവാം ഗ്രാമത്തില്‍ പതിച്ചത്.