ഇനി ഇളയരാജയുടെ പാട്ടുകള്‍ സ്മ്യൂളില്‍ പാടാനാകില്ല; കാരണം ?

0

മൊബൈല്‍ ആപ്ലിക്കേഷനായ സ്മ്യൂളിന്റെ ആരാധകര്‍ക്കൊരു ദുഃഖ വാര്‍ത്ത. ഇനി സംഗീത സംവിധായകന്‍ ഇളയരാജയുടെ പാട്ടുകള്‍ സ്മ്യൂളില്‍ ലഭിക്കില്ല. പകര്‍പ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി ഇളയരാജ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പാട്ടുകള്‍ നീക്കം ചെയ്തത്. ഇളയരാജയുടെ പരാതിയില്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ സ്മ്യൂളില്‍ നിന്ന് നീക്കം ചെയ്തതായി കോപ്പി റൈറ്റ് കണ്‍സള്‍ട്ടന്റ് ഇ. പ്രദീപ് കുമാര്‍ സ്ഥിരീകരിച്ചു.

ഒരു പാട്ടിന്റെ പൂര്‍ണ അവകാശം സംഗീത സംവിധായകനില്‍ നിക്ഷിപ്തമാണ്. സ്മ്യൂളില്‍ ഇളയരാജയുടെ പാട്ടുകള്‍ ഉള്‍പ്പെടുത്തുന്നതിന് മുന്‍പ് അനുവാദം ചോദിച്ചിരുന്നില്ലെന്നും പ്രദീപ് കുമാര്‍ കുട്ടിച്ചേര്‍ത്തു. ഉപയോഗിക്കുന്നവരില്‍ നിന്നും പണം ഈടാക്കുന്ന ആപ്ലിക്കേഷനാണ് സ്മ്യുള്‍. സംഗീത സംവിധായകന്റെ അധ്വാനം വിറ്റ് സ്മ്യൂള്‍ പണമുണ്ടാക്കുകയാണ്. സ്മ്യൂളിന്റെ ഏറ്റവും വലിയ വിപണി ഇന്ത്യയാണെന്നും പ്രദീപ് കൂട്ടിച്ചേര്‍ത്തു.

ഇഷ്ടഗാനം പാടാന്‍ അനുവദിക്കുന്ന സ്മ്യൂള്‍ ആപ്ലിക്കേഷന്‍ സൗജന്യമാണ്. എന്നാല്‍ പരിധിയില്ലാതെ പാട്ടുകള്‍ ഉപയോഗിക്കുന്നതിനും സോളോ, ഡ്യുയറ്റ് എന്നിവ പാടുന്നതിനും ഗ്രൂപ്പില്‍ പാടുന്നതിനും പ്രതിമാസം 110 രൂപ നല്‍കണം. 1100 രൂപയാണ് വാര്‍ഷിക ഫീസ്. നേരത്തെ പകര്‍പ്പവകാശ ലംഘനമെന്ന വാദം ഉയര്‍ത്തിയാണ് പ്രമുഖ ഗായകര്‍ തന്റെ ഗാനം പാടുന്നത് ഇളയരാജ തടഞ്ഞത്. ഇളയരാജയുടെ പാട്ടുകള്‍ ഗാനമേളയ്ക്ക് പാടുന്നതിനെതിരെ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ചിത്ര, എസ്.പി ബാലസുബ്രഹ്മണ്യം, ചരണ്‍ തുടങ്ങിയ ഗായകര്‍ക്ക് ഇളയരാജയുടെ അഭിഭാഷകര്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇളയരാജയുടെ പാട്ടുകള്‍ ഗാനമേളയ്ക്ക് പാടുന്നതിന് മുന്‍പായി അനുമതി തേടുകയും റോയല്‍റ്റി നല്‍കുകയും ചെയ്യണമെന്ന് അന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. അനുവാദമില്ലാതെ തന്റെ പാട്ട് ഉപയോഗിക്കുന്നവര്‍ക്കെതിരെ നേരത്തെയും ഇളയരാജ രംഗത്ത് വന്നിട്ടുണ്ട്.