രാധിക മേനോന്‍ ;സമുദ്രത്തിലെ ധീരതയ്ക്കുള്ള അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിത

0

 

ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ സമുദ്രത്തിലെ ധീരമായ പ്രവര്‍ത്തികള്‍ക്കുള്ള ‘അവാര്‍ഡ് ഫോര്‍ എക്‌സെപ്ഷണല്‍ ബ്രേവറി അറ്റ് സീ’ ആദ്യമായി ഒരു ഇന്ത്യന്‍ വനിതക്ക് സ്വന്തം .അഭിമാനകരമായ നേട്ടം കൊയ്തത് മലയാളിയായ രാധിക മേനോനാണ്.സമുദ്രത്തില്‍ അപകടത്തില്‍പെട്ട ഏഴ് മല്‍സ്യത്തൊഴിലാളികളുടെ ജീവന്‍ രക്ഷിച്ചതിനാണ് കപ്പല്‍ ക്യാപ്റ്റനായ രാധിക മേനോനെ അന്താരാഷ്ട്ര സമുദ്ര സംഘടന പുരസ്‌കാരം നല്‍കി ആദരിക്കുന്നത്.തൃശൂരിലെ കൊടുങ്ങല്ലൂര്‍ സ്വദേശിയായ രാധിക ഇന്ത്യന്‍ മര്‍ച്ചന്റ് നേവിയിലെ ആദ്യ വനിത ക്യാപ്റ്റനും കൂടിയാണ്

.കഴിഞ്ഞ ജൂണില്‍ ആന്ധ്രപ്രദേശില്‍  നിന്ന് മല്‍സ്യബന്ധനത്തിന് തിരിച്ച ദുര്‍ഗാമ്മ എന്ന ബോട്ട് കനത്തകാറ്റില്‍ എഞ്ചിന്‍ തകര്‍ന്നതിനെ തുടര്‍ന്ന് നിയന്ത്രണമില്ലാതെ നടുക്കടലില്‍ ഒഴുകുകയായിരുന്നു. ഏഴ് മല്‍സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ആഴ്ചകള്‍ പിന്നിട്ടിട്ടും രക്ഷക്ക് ആരുമില്ലാതെ ഒഴുകിനടന്ന ബോട്ടിലെ ഇവരെ രാധിക നിയന്ത്രിക്കുന്ന കപ്പല്‍ കണ്ടെത്തി രക്ഷിക്കുകയായിരുന്നു .കടലില്‍ ഒറ്റപ്പെട്ടവരെ സഹായിക്കാന്‍ ധീരമായി രക്ഷാപ്രവര്‍ത്തനം നടത്തുകയും ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തതിനാണ് ക്യാപ്റ്റന്‍ രാധികക്ക് പുരസ്‌കാരം നല്‍കാന്‍ അന്താരാഷ്ട്ര മാരിടൈം കമ്മിറ്റി തീരുമാനിച്ചത്.

''പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതില്‍ അഭിമാനവും വിനയവും അതോടൊപ്പം ഏവരോടും നന്ദിയുമുണ്ട്. നാവികരുടെ കടമയാണ് കടലില്‍ വിഷമതയില്‍ അകപ്പെട്ടവരെ സഹായിക്കുക എന്നത്, ഒരു നാവികനെന്ന നിലയിലും ഒരു കപ്പലിന്റെ നിയന്ത്രണചുമതലയുള്ള ആളെന്ന നിലയിലും അതെന്റെ കടമയാണ്, ഞാന്‍ എന്റെ കടമ നിര്‍വ്വഹിച്ചതേയുള്ളു'' എന്നാണ് ഈ നേട്ടത്തെ കുറിച്ചു രാധികക്ക് പറയാനുള്ളത് .