സമഗ്ര പ്രവാസി ഇന്‍ഷുറന്‍സ് പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു

0

 

ജയ്പൂര്‍ : പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉദ്ഘാടനം ചെയ്തു. സമഗ്ര പ്രവാസി ഇന്‍ഷുറന്‍സ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. വാര്‍ദ്ധക്യത്തില്‍ നാട്ടില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ പദ്ധതി സഹായകമാവും. കുറഞ്ഞ ചിലവില്‍ പ്രവാസികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. പ്രവാസികളുടെ ദീര്‍ഘകാല ആവശ്യമായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞു.
 
ലിബിയ അടക്കമുള്ള രാജ്യങ്ങളില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായാണ് കണ്ടത്. വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് തുടര്‍ന്നും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നാല്‍ ഉടന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
 
ഞായറാഴ്ച സാമ്പത്തിക ഉദാരീകരണത്തിന്റെ രണ്ടു പതിറ്റാണ്ട് എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്യും. വയലാര്‍ രവി മോഡറേറ്ററാവും. വളര്‍ച്ചയ്ക്ക് പങ്കാളികളാകാം എന്ന വിഷയത്തില്‍ ശശി തരൂര്‍ പ്രബന്ധം അവതരിപ്പിക്കും. സി.പി.എം. നേതാവ് സീതാറാം യെച്ചൂരി മുഖ്യപ്രഭാഷണം നടത്തും.