ഐപാഡിന്റെ പൂട്ട് പൊളിച്ചു; ഈ മലയാളി പയ്യന് മുന്നില്‍ ആപ്പിളും തോറ്റു

0

പാല സ്വദേശിയായ ഹേമന്ത് ജോസഫ് ആള് നിസ്സരക്കാരന്‍ അല്ല .സാക്ഷാല്‍ ആപ്പിള്‍ ഐഫോണിലെയും ഐപാഡിലെയും സുരക്ഷാവീഴ്ച കണ്ടെത്തിയ ആളാണ്‌ കക്ഷി  സുഹൃത്ത് വാങ്ങിയ ഐപാഡാണ് ഹേമന്തിന് ആപ്പിളിന്റെ പൂട്ട് പൊളിക്കാന്‍ വഴിയൊരുക്കിയത്. ആപ്പിള്‍ ഐപാഡ് വാങ്ങിയ സുഹൃത്ത് ബോക്‌സ് തുറന്നപ്പോള്‍ ലോക്ഡ്.ഉടമസ്ഥനല്ലാതെ ആര്‍ക്കും തുറക്കാനാകാത്ത രഹസ്യപൂട്ട് കണ്ട് അന്തം വിട്ടുപോയ സുഹൃത്തിനെ സഹായിക്കാന്‍ ഹേമന്ത് എത്തുകയായിരുന്നു.

ഐപാഡില്‍ വൈഫൈ നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കുന്നതിനായുള്ള പാസ്സ്‌വേഡ് നല്‍കേണ്ടിടത്ത് എത്ര വേണമെങ്കിലും അക്ഷരങ്ങളോ ചിഹ്നങ്ങളോ നല്‍കാനാകുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഈ പിഴവ് ഹേമന്തിന്റെ ശ്രദ്ധയില്‍ പെടുന്നത്. ഇപ്രകാരം ആയിരക്കണക്കിന് ക്യാരക്ടറുകള്‍ അവിടെ നല്‍കുന്നതോടെ ഓപ്പറേറ്റിങ് സിസ്റ്റം ഹാങ് ആകുകയും ഐപ്പാഡ് നിശ്ചലമാകുകയും ചെയ്യും.

ആപ്പിളിന്റെ മാഗ്‌നറ്റിക് സ്മാര്‍ട്ട് കവര്‍ സ്‌ക്രീനിന് മുകളിലടച്ച് ഐപാഡ് ലോക് ചെയ്ത ശേഷം, കവര്‍ തുറക്കുമ്പോള്‍ സ്‌ക്രീന്‍ ഏതാനും സെക്കന്‍ഡുകള്‍ അങ്ങനെ നിന്ന ശേഷം ഐഒഎസ് ഹോംസ്‌ക്രീനിലേക്ക് മാറുന്നു. ഐപാഡിന്റെ ശക്തമായതെന്ന് കരുതിയ ആക്ടിവേഷന്‍ ലോക്ക് മറികടന്ന് ഉപകരണത്തിലേക്ക് പൂര്‍ണമായി പ്രവേശനം നേടാന്‍ ഹേമന്തിനെ ഇത് സഹായിച്ചു.

ഹേമന്ത് ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഏറ്റവും ഒടുവിലത്തെ ഐഒഎസ് അപ്‌ഡേഷനില്‍ ആപ്പിള്‍ ഈ പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ അവസാനവര്‍ഷവിദ്യാര്‍ഥിയും പാലാ രാമപുരം സ്വദേശിയുമായ ഹേമന്ത് ജോസഫാണ് ഇപ്പോള്‍ സ്ലാഷ് സെക്വര്‍ എന്ന സ്ഥാപനത്തിലെ സെക്യൂരിറ്റി റിസര്‍ച്ചറായി ജോലിചെയ്യുകയാണ്. കേരളാ പോലീസിന്റെ സൈബര്‍ സെല്ലുമായി ബന്ധപ്പെട്ടും ഹേമന്ത് പ്രവര്‍ത്തിക്കുന്നുണ്ട്.ഇന്ത്യയിലെ ആദ്യത്തെ സുരക്ഷാ കമ്യൂണിറ്റിയായ 0SecCon ന്റെ സ്ഥാപകനുമാണ് ഹേമന്ത്. മുന്‍പ്, ഗൂഗിള്‍ ക്ലൗഡിന്റെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയതിന് ഗൂഗിളിന്റെ വക 7,500 ഡോളറിന്റെ സമ്മാനം ഹേമന്തിന് ലഭിച്ചിരുന്നു.