തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ഹൃദായാഘാതത്തെ തുടര്‍ന്ന് വീണ്ടും ഐസിയുവിലേക്ക് മാറ്റി

0

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹൃദയസ്തംഭനം ഉണ്ടായതായി ആശുപത്രി അധികൃതർ.ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആസ്പത്രി രാത്രിയോടെ പുറത്തുവിട്ട വാര്‍ത്തക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി ആസ്പത്രിയില്‍ തുടരുന്ന ജയലളിത ആരോഗ്യനില വീണ്ടെടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഞായറാഴ്ച്ച വൈകിട്ടോടു കൂടി അവര്‍ക്ക് ഹൃദയാഘാതം ഉണ്ടായിരിക്കുന്നത്.

ഹൃദ്രോഗവിദഗ്ദ്ധര്‍ ഉള്‍പ്പടെയുള്ള ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ജയലളിതയെന്ന് വാര്‍ത്തക്കുറിപ്പില്‍ ആസ്പത്രി അധികൃതര്‍ അറിയിച്ചു.അതേസമയം ജയലളിതയുടെ ആരോഗ്യനിലയിലുണ്ടായ അപ്രതീക്ഷിതമാറ്റത്തെ തുടര്‍ന്ന് തമിഴ്‌നാടിന്റെ ചുമതല വഹിക്കുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ സിഎച്ച് വിദ്യാസാഗര്‍ റാവു ചെന്നൈയിലേക്ക് തിരിച്ചു. രാത്രി പത്തേ കാലോടെ ഗവര്‍ണര്‍ ചെന്നൈയിലെത്തും.തമിഴ്‌നാട് സര്‍ക്കാരിലെ മന്ത്രിമാരും ഉന്നതഉദ്യോഗസ്ഥരും അപ്പോളോ ആസ്പത്രിയിലെത്തിയിട്ടുണ്ട്. ചെന്നൈ അപ്പോളോ ആസ്പത്രിക്ക് മുന്നില്‍ തമിഴ്‌നാട് പോലീസിന്റെ വന്‍സംഘം നിലയുറപ്പിച്ചിരിക്കുകയാണ്.ജയലളിത ആരോഗ്യനില വഷളായ വാര്‍ത്തയോട് എഐഡിഎംകെ പ്രവര്‍ത്തകര്‍ എങ്ങനെ പ്രതികരിക്കും എന്നറിയാത്തതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ചെന്നൈ പോലീസിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.