എംജിആറിനരികിൽ നിത്യനിദ്രയിൽ ജയയും

0
Sanath Kumar

ഡിസംബർ 6. വൈകുന്നേരം 6.30. കടലും തമിഴകവും ശാന്തമായിരുന്നു. പക്ഷേ ജനങ്ങളുടെ അലയൊലികൾ കൊണ്ട് തീരം അശാന്തവും. അവരുടെ അമ്മ നിത്യമായ നിദ്രയിലും. ഒരു ഉണർന്നെണീക്കൽ ഇനി ഉണ്ടാകില്ലെന്ന് ഉറപ്പാണെങ്കിലും ആ പ്രതീക്ഷ അണികളുടെ മുഖത്തും വാക്കുകളിലും നിറഞ്ഞിരുന്നു. ജയലളിത നേടിയത് അണികളെ ആയിരുന്നില്ല. മക്കളെ ആയിരുന്നു. “മക്കളാൽ ഞാൻ, മക്കളുക്കാകെ ഞാൻ” എന്ന ആ പ്രശസ്തമായ വാചകത്തിന് തങ്ങളുടെ അമ്മയെ ഒരു നോക്കു കാണാനെത്തിയ ജനസാഗരം സാക്ഷ്യമാകുന്നു. യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാൻ അവർക്ക് അപ്പോഴും ആകാത്തതിനാലാണ് അന്ത്യകർമ്മങ്ങൾ നിശ്ചയിച്ചതിലും രണ്ടു മണിക്കൂർ വൈകിയതും.
തമിഴ്‌നാട്ടിലെ സ്‌കൂളുകളിൽ ഉച്ചഭക്ഷണം അവതരിപ്പിച്ച് എംജിആർ ജനക്ഷേമ പദ്ധതികൾക്ക് ഒരു പുതിയ മുഖം നൽകിയപ്പോൾ ആ പാത പിന്തുടർന്നെത്തിയ ജയലളിത അതിലും മികച്ച ജനക്ഷേമ നടപടികളുമായാണ് തമിഴ് ജനതയുടെ മനസ്സുകളിൽ സ്ഥാനം നേടിയത്. വിമർശനങ്ങളും അഴിമതിയുടെ മുറവിളികളും ഏറെ ഉയർന്നെങ്കിലും തന്റെ പദ്ധതികൾ പരമാവധി സാധാരണക്കാരിലേക്ക് എത്തിക്കാൻ അവർ ശ്രമിച്ചു കൊണ്ടേയിരുന്നു. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഒരു രൂപയ്ക്ക് ഒരു ഇഡ്ഡലി നിങ്ങൾക്ക് വാങ്ങാൻ കിട്ടില്ല. തമിഴ്‌നാട്ടിൽ നിന്ന് പതിമൂന്ന് രൂപയ്ക്ക് രണ്ട് ഊണ് തൃപ്തിയായി നിങ്ങൾക്ക് കഴിച്ചിറങ്ങാം. അമ്മ ക്യാന്റീൻ എന്ന ആശയം പിന്നീട് ചില സംസ്ഥാനങ്ങൾക്കെങ്കിലും മാതൃകയാക്കേണ്ടി വന്നു. അമ്മ ഫാർമസി വിപണി വിലയിൽ നിന്ന് ഏതാണ്ട് 15 ശതമാനം വില കുറച്ചാണ് മരുന്നുകൾ വിൽക്കുന്നത്. അമ്മ കുടിവെള്ളം പത്തു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം ലഭ്യമാക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ പെൺകുട്ടികൾക്ക് വിവാഹത്തിന് 50,000 രൂപയും നാലു ഗ്രാം സ്വർണവും നൽകുന്ന പദ്ധതി. തമിഴ്‌നാട്ടിലെ ഓരോ സാധാരണ കുടുംബത്തിന്റേയും ഉത്തരവാദിത്തങ്ങൾ സ്വന്തം ചുമലിലേറ്റിയ ജയലളിത സ്‌കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് തടയാനും നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നു. പ്രത്യേകിച്ച് പെൺകുട്ടികളുടെ പഠനത്തിനു വേണ്ടി. കഴിഞ്ഞ 25 വർഷത്തെ ഭരണകാലത്തിനിടയിൽ ജയലളിതയും കരുണാനിധിയും മാറി മാറി ഭരിച്ചെങ്കിലും ജനക്ഷേമ നടപടികൾ കൊണ്ട് ജനമനസ്സിൽ സ്ഥാനം പിടിച്ചത് ജയലളിത മാത്രം.
ഒരു യുഗം അവസാനിക്കുകയാണ്. സ്വന്തം പരിശ്രമം കൊണ്ട് നേതൃസ്ഥാനത്തേക്ക് ഉയർന്ന്, പ്രഗത്ഭരായ നേതാക്കന്മാരെയെല്ലാം നിഷ്പ്രഭരാക്കി ഒടുവിൽ രോഗത്തിനു മുന്നിൽ മാത്രം മുട്ടുമടക്കി ജയലളിത യാത്രയായി. ആശുപത്രിയിൽ കഴിഞ്ഞ 72 ദിവസവും ആ ആശുപത്രിക്കു മുന്നിൽ പൂജയും പ്രാർത്ഥനകളുമായി കഴിഞ്ഞവർ നെഞ്ചു പൊട്ടിക്കരയുന്നു. ചിലർ ‘അമ്മയ്ക്ക് ഹൃദയസ്തംഭനം’ എന്ന വാർത്ത കേട്ട് മരിച്ചു വീഴുന്നു. ആ മരണം സ്ഥിരീകരിച്ചപ്പോൾ ഇനിയെന്തിന് ജീവിക്കണമെന്ന് ചിന്തിച്ച് ചിലർ ആത്മഹത്യ ചെയ്യുന്നു. ഒരു ജനതയുടെ വികാരം മറീനയുടെ മണ്ണിൽ അലിഞ്ഞു ചേർന്നപ്പോൾ തേങ്ങലുകൾ ആ തീരത്ത് അലയടിച്ചുയർന്നു.