“ലക്ഷ്യമെന്താണെന്ന് കമൽ വെളിപ്പെടുത്തണം,” കസ്തൂരി

0

രാഷ്ട്രീയവും സിനിമയും കെട്ടുപിണഞ്ഞു കിടന്നിരുന്ന തമിഴ്‌നാട് ജയലളിതയുടെ മരണത്തോടെയും കരുണാനിധിയുടെ അനാരോഗ്യത്തോടെയും ഏതാണ്ട് സിനിമാ മുക്തമായി എന്നു പറയാം. എംജിആറുമായും ജയലളിതയുമായും പ്രത്യക്ഷമായും പരോക്ഷമായും പല തവണ ഏറ്റുമുട്ടിയിട്ടുള്ള രജനികാന്ത് അവയ്‌ക്കെല്ലാം ഉത്തരം നല്‍കിയത് സിനിമകളിലെ സംഭാഷണങ്ങളിലൂടെയായിരുന്നു. രജനി രാഷ്ട്രീയത്തിലേക്ക് വരുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്ന കാലഘട്ടങ്ങളിലെല്ലാം അദ്ദേഹം മൗനംപാലിച്ചു. ജയലളിതയുടെ മരണത്തോടെ താറുമാറായ ദ്രാവിഡ രാഷ്ട്രീയത്തിലേക്ക് രജനിയെ എത്തിക്കാന്‍ പല രാഷ്ട്രീയകക്ഷികളും ശ്രമിക്കുന്നുണ്ടെങ്കിലും പ്രായവും അനാരോഗ്യവും വലിയ ഭീഷണിയായാണ് രജനിക്കു മുന്നില്‍ ഉള്ളത്. ഇനി അഥവാ അദ്ദേഹം രാഷ്ട്രീയത്തിലേക്കു വന്നാല്‍ തന്നെ പ്രാദേശികവാദത്തിന് വളക്കൂറുള്ള മണ്ണില്‍ ഒരു ഇതര സംസ്ഥാനക്കാരന്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നതു തടുക്കാനുള്ള എല്ലാ തന്ത്രങ്ങളും ദ്രാവിഡ കക്ഷികള്‍ പയറ്റുകയും ചെയ്യും. സിനിമാ യൂണിയനുകളിലെ തെരഞ്ഞെടുപ്പുകളില്‍ പോലും പ്രാദേശികവാദം ശക്തമായി ഉയര്‍ന്നിരുന്ന സാഹചര്യത്തില്‍ രാഷ്ട്രീയത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ.

ഇന്നേവരെ കണ്ടില്ലാത്തവിധമുള്ള രാഷ്ട്രീയ അനിശ്ചിതാവസ്ഥകളിലൂടെ തമിഴ്‌നാട് കടന്നുപോകുമ്പോഴാണ് അസ്സല്‍ തമിഴ്‌നാട്ടുകാരനായ കമല്‍ ഹാസന്‍ കഴിഞ്ഞ രണ്ടു മാസമായി നിലവിലെ പാവ സര്‍ക്കാരുമായി വാക്‌പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്നത്. “സംസ്ഥാനം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്” എന്ന് ജൂലൈ മാസത്തില്‍ കമല്‍ നടത്തിയ പ്രസ്താവനയാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്. തുടര്‍ന്നിങ്ങോട്ട് എല്ലാ ദിവസവും കമലിന്റെ വക കമലും രാഷ്ട്രീയക്കാരുടെ വക രാഷ്ട്രീയക്കാരും സമൂഹമാധ്യമങ്ങളില്‍ പ്രസ്താവനകള്‍ കൊണ്ട് നിറച്ചു. ചോദ്യം ചെയ്യപ്പെടാത്തവരാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ എന്നതിനാല്‍ കമലിന്റെ ഈ ചോദ്യം ചെയ്യല്‍ ഭരണപക്ഷത്തെ അസ്വസ്ഥമാക്കുകയും പ്രതിപക്ഷത്തെ സന്തോഷിപ്പിക്കുകയും ചെയ്യുന്നത് സ്വാഭാവികം. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന കമലിന്റെ പ്രസ്താവനയോട് “കമലിന്റെ മാനസിക നില തകരാറിലാണെന്നു” വരെ പറഞ്ഞ് പിടിച്ചു നില്‍ക്കേണ്ടി വരുന്നു സര്‍ക്കാരിന്.

ഇതിനിടയില്‍ കമലിന്റെ ലക്ഷ്യം രാഷ്ട്രീയ പ്രവേശമാണോ അതോ അദ്ദേഹം ഒരു തമിഴ് ചാനലില്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ പ്രചാരണമാണോ എന്ന ഊഹാപോഹങ്ങളും പരക്കാന്‍ തുടങ്ങി. നിലവില്‍ ജി എസ് ടി വിഷയത്തില്‍ സര്‍ക്കാരുമായി കൊമ്പു കോര്‍ക്കുന്ന സിനിമാ രംഗത്തു നിന്നും കമലിനെതിരെ അധികം പേര്‍ തിരിഞ്ഞതുമില്ല. അപ്പോഴാണ് കമല്‍ തന്റെ ലക്ഷ്യം എന്താണെന്ന് വെളിപ്പെടുത്തണമെന്ന ആവശ്യവുമായി നടി കസ്തൂരി രംഗത്തെത്തിയിരിക്കുന്നത്. കോളിവുഡിലെ എക്കാലത്തേയും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായ ഇന്ത്യന്‍ എന്ന ചിത്രത്തില്‍ കമലിന്റെ മകളായും നിരവധി മലയാള ചിത്രങ്ങളിലും അഭിനയിച്ച് ഒടുവില്‍ ‘സ്‌പെഷ്യല്‍ അപ്പിയറന്‍സ്’ ആയിപ്പോയ നടിയാണ് കസ്തൂരി. നടി ആരോ ആകട്ടെ. ആ ചോദ്യത്തില്‍ കഴമ്പുണ്ട്. ട്വിറ്ററില്‍ തുടര്‍ച്ചയായി കമല്‍ ഹാസന്‍ സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടേയിരിക്കുകയാണ്. “അഴിമതി നിലനില്‍ക്കുന്നിടത്തോളം കാലം സ്വാതന്ത്ര്യം ലഭിച്ചാലും നമ്മള്‍ അടിമകളാണ്. ഒരു പുതിയ സ്വാതന്ത്ര്യ സമരത്തിന് ധൈര്യമുള്ളവര്‍ അണിനിരക്കണം” എന്നായിരുന്നു ഈ സ്വാതന്ത്ര്യ ദിനത്തില്‍ കമലിന്റെ ട്വീറ്റ്. അതിനായിരുന്നു കസ്തൂരിയുടെ പ്രതികരണം. “കമല്‍ പറയുന്നതു കേട്ടാല്‍ അദ്ദേഹത്തിന് എന്തോ വലിയ ലക്ഷ്യം ഉണ്ടെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. അത്രയും വലിയ ലക്ഷ്യങ്ങള്‍ ഉണ്ടെങ്കില്‍ അദ്ദേഹം അത് വ്യക്തമായി വെളിപ്പെടുത്തണം,” കസ്തൂരി പറഞ്ഞു.

LEAVE A REPLY