എങ്ങനെ തോന്നുന്നു ഈ കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യാന്‍…

0

പത്രമാധ്യമങ്ങളില്‍ അടുത്തിടെ നാം നിത്യേന കാണുന്നൊരു വാര്‍ത്തയാണ് കുടുംബകലഹത്തെ ചൊല്ലി മാതാപിതാക്കള്‍ പിഞ്ചുകുഞ്ഞുങ്ങളെ കൊലപെടുത്തി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍. നൊന്തുപ്രസവിച്ച പിഞ്ചുമക്കളെ കൊലപെടുത്തുന്ന അമ്മമാരുടെയും, താലോലിച്ച കൈകളാല്‍ മക്കളെ കൊന്നുതള്ളുന്ന അച്ഛന്മാരുടെടെയും മനശാസ്ത്രം എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല..

വീട്ടിലെ കലഹങ്ങളുടെ പേരില്‍ എത്ര കുരുന്നുകള്‍ ബാലിയാടുകളാകുന്നു. അടുത്തിടെ കേരളത്തില്‍ ഈ സംഭവം വര്‍ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ട്. മാതാപിതാക്കള്‍ തമ്മിലുള്ള പോരിനിടയില്‍ കുഞ്ഞുങ്ങളെ കൊലപെടുത്തി പങ്കാളിയോട് പ്രതികാരം വീട്ടുന്ന മനോഭാവം ഇല്ലാതാക്കുന്നത് ജീവിതം എന്തെന്ന് പോലും തിരിച്ചറിയാനുള്ള പക്വത കൈവരിക്കാത്ത പിഞ്ചുമക്കളുടെ ജീവനാണ്. ഇതിനു ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം വേളിയില്‍ നടന്നത്.

ആറും,എട്ടും വയസ്സുള്ള രണ്ടു കുഞ്ഞുങ്ങളെ സ്വന്തം പിതാവ് വെട്ടികൊലപെടുത്തി ആത്മഹത്യ ചെയ്ത വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. കുട്ടികളുടെ അമ്മ ജോലിക്ക് പോയ സമയം പള്ളിയിലെക്കെന്നു പറഞ്ഞു കൂട്ടികൊണ്ട് പോയ സ്വന്തം മക്കളെ ആ പിതാവ് അതിക്രൂരമായി വെട്ടികൊലപെടുത്തുകയായിരുന്നു. സ്വന്തം കുഞ്ഞുങ്ങളെ കഴുത്തറത്ത് തള്ളുമ്പോള്‍ ഒരു നിമിഷമെങ്കിലും ആ പിതാവ് അവരുടെ കുഞ്ഞികണ്ണുകളിലേക്ക് നോക്കികാണുമോ എന്നറിയില്ല. നോക്കിയാല്‍ ഒരുപക്ഷെ പകയുടെ പുകമറ നിറഞ്ഞ ആ മനുഷ്യന്റെ കണ്ണുകള്‍ക്ക്‌ ആ കുഞ്ഞുങ്ങളുടെ ദൈന്യത തിരിച്ചറിയാന്‍ കഴിഞ്ഞു കാണില്ല.

ആറ്റ്‌നോറ്റ് വളര്‍ത്തിയ അരുമകിടാങ്ങളുടെ മൃതദേഹത്തിന് മുന്നില്‍ അലമുറയിട്ട് കരയുന്ന ആ അമ്മയെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും.. ആരാണ് ഇതിനെല്ലാം ഉത്തരവാദി.? ചോദ്യങ്ങള്‍ ബാക്കിയാകുന്നു. ഇതൊരു ഒറ്റപെട്ട സംഭവം അല്ല. വീട്ടുവഴക്കിന്റെ പേരില്‍ കുഞ്ഞുങ്ങളെ ബലിയാടുകളാക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചു വരികയാണ്. ഒരുനിമിഷത്തെ പക, അല്ലെങ്കില്‍ സംശയം ഇതെല്ലം വരുത്തിവെയ്ക്കുന്ന ദുരന്തങ്ങള്‍ ആണ് ഈ സംഭവിച്ചതെല്ലാം…