നഗ്നപാദയായി ചുട്ടുപഴുത്തു കിടക്കുന്ന റോഡിലൂടെ യാതൊരു നിയമങ്ങളും അറിയാതെ ഒരു മാരത്തോൺ ഓടി വിജയിച്ചൊരു വീട്ടമ്മ

1

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനും ആഴ്ചകൾ പഴക്കമുള്ള പ്രണയം തകർന്നതിനും തീവണ്ടിക്ക് തല വയ്ക്കുന്നവര്‍ ഈ കഥയൊന്നു കേള്‍ക്കണം. 67 വയസ്സുള്ള ലത ഭഗവാൻ ഖാരെ എന്ന ആ സ്ത്രീയുടെ കഥ. കീറിപ്പോയ സാരിയിൽ,നഗ്നപാദയായി,നിറഞ്ഞ കണ്ണുകളുമായി ചുട്ടുപഴുത്തു കിടക്കുന്ന റോഡില്‍ തന്റെ ഭര്‍ത്താവിനു വേണ്ടി യാതൊരു നിയമങ്ങളും അറിയാതെ ഒരു മാരത്തോൺ ഓടി വിജയിച്ചൊരു വീട്ടമ്മയുടെ കഥ.

മഹാരാഷ്ട്രയിലാണ് ലത ഭഗവാൻ ഖാരെയുടെ ഗ്രാമം. മൂന്നു പെൺമക്കളും ഭർത്താവുമൊന്നിച്ച് മഹാരാഷ്ട്രയിലെ ഭുൽധാന ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിൽ കഴിഞ്ഞ ആ വീട്ടമ്മയെ പക്ഷെ ഇന്ന് ലോകമറിയുന്നത് ഒരു പോരാളിയായാണ്‌ .നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തപ്പോള്‍, മുന്നിലെ വഴികളില്‍ എല്ലാം ഇരുട്ട് നിറയുമ്പോള്‍ ജീവിതം കൈവിട്ടു പോകുമെന്ന അവസ്ഥയില്‍ നീന്തിക്കയറിയൊരു ധീരയാണ് ഈ കഥാനായിക.

ഒരായുസ്സ് മുഴുവൻ എല്ലുമുറിയെ പണിയെടുത്ത് സമ്പാദിച്ചത് മുഴുവൻ മൂന്നു പെൺകുട്ടികളുടെയും വിവാഹം ഭംഗിയായി നടത്താനാണ് ലതയും ഭര്‍ത്താവും വിനിയോഗിച്ചത്. തുടര്‍ന്ന് ലതയും ഭർത്താവും ദിവസക്കൂലിക്ക് അടുത്തുള്ള കൃഷിസ്ഥലങ്ങളിൽ ജോലിക്ക് പോകാൻ തുടങ്ങി. പെട്ടെന്നൊരു ദിവസം അവരുടെ ഭർത്താവിന് ഗുരുതരമായ ഒരണുബാധയുണ്ടായി. എന്തുചെയ്യണമെന്നറിയാതെ ഭർത്താവിനെയും കൊണ്ട് അടുത്തുള്ള സർക്കാരാശുപത്രിയിലെത്തി.വിദഗ്ധചികിത്സക്കായി അദ്ദേഹത്തെ നല്ലൊരാശുപത്രിയിലേക്ക്  കൊണ്ട് പോകാന്‍ അവിടുത്തെ ഡോക്ടര്‍മ്മാര്‍ പറഞ്ഞു.

ദുഃഖവും നിസ്സഹായതയും കൊണ്ട് അവർ പൊട്ടിക്കരഞ്ഞു. മക്കളുടെയും മരുമക്കളുടെയും സാമ്പത്തിക സ്ഥിതിയും പരിതാപകരമായിരുന്നു.
ധൈര്യം സംഭരിച്ച് അയൽക്കാരോടും ബന്ധുക്കളോടും പരിചയക്കാരോടുമെല്ലാം യാചിച്ച് നേടിയ ചെറിയ തുകയുമായി അവർ മറ്റു പരിശോധനകൾക്കും ലാബ് ടെസ്റ്റുകൾക്കുമായി ബാരമതിയിലേക്ക് ഭർത്താവിനെയും കൊണ്ട് പുറപ്പെട്ടു.
ഡോക്ടർ ഭർത്താവിനെ പരിശോധിക്കുമ്പോൾ അവർ കണ്ണീരോടെ അദ്ദേഹത്തിന്റെ ആയുസ്സിനായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.പരിശോധന കഴിഞ്ഞ് ഡോക്ടർ പുറത്തുവന്നപ്പോൾ പ്രിയപ്പെട്ടവന്റെ അസുഖം ഭേദമാവുമെന്നോർത്ത് അവരുടെ കണ്ണുകൾ തിളങ്ങി.എന്നാൽ ഡോക്ടർ വിലകൂടിയ മരുന്നുകളും ടെസ്റ്റുകളുമാണ് വീണ്ടും നിർദ്ദേശിച്ചത്. അതിന് ആവശ്യമായി വരുന്ന തുക ലതക്ക് സ്വപ്നം കാണാൻപോലും കഴിയാത്ത ഒന്നായിരുന്നു. എന്തുചെയ്യണമെന്നറിയാതെ ലതയുടെ ലോകം കീഴ്മേൽ മറിഞ്ഞു.ഭർത്താവിന്റെ ചികിത്സക്കായി ഒരു രൂപപോലുമെടുക്കാൻ അപ്പോഴവരുടെ കയ്യിലില്ലായിരുന്നു.ഹൃദയവേദനയോടെ അവർ വിലപിച്ചു കൊണ്ടിരുന്നു.
സങ്കടവും വിശപ്പും തളർത്തിയ അവർ ആശുപത്രിക്കു പുറത്തു സമൂസ വിൽക്കുന്നയാളുടെ അടുത്തെത്തി നിന്നു.രണ്ടുസമൂസ പൊതിഞ്ഞു കിട്ടിയ മറാത്തി ന്യൂസ്പേപ്പറിൽ അവരുടെ കണ്ണുകളുടക്കി.ഹൃദയം ഉച്ചത്തിൽ മിടിച്ചു.അത് ബാരമതി മാരത്തോണിനെയും അതിന്റെ സമ്മാനത്തുകയെയും കുറിച്ചുള്ള ഒരു പരസ്യമായിരുന്നു.പലതരം ചിന്തകൾ അവരുടെ മനസ്സിലൂടെ കടന്നുപോയി.
പിറ്റേന്ന് ബാരാമതി മാരത്തോൺ ആരംഭിക്കുകയാണ്. അറിയപ്പെടുന്ന മാരത്തോൺ ഓട്ടക്കാരടക്കം പങ്കെടുക്കുന്നവരൊക്കെ അവരുടെ സ്പോർട്സ് ഷൂവും വിലകൂടിയ ട്രാക്ക്സ്യൂട്ടുകളും ധരിച്ച് എത്തിയിരുന്നു. ആ സ്ഥലത്തേക്കാണ് ലത എത്തപ്പെട്ടത്.

മാരത്തോൺ നിയമങ്ങൾ അനുസരിച്ച് അവരെ പങ്കെടുപ്പിക്കാൻ സാധ്യമല്ലായിരുന്നു.അവരാകട്ടെ സംഘാടകരോട് തർക്കിച്ചു.കരഞ്ഞു.യാചിച്ചു.ഒടുവിൽ അവർക്ക് ആ മരത്തോണിൽ പങ്കെടുക്കാൻ അനുവാദം കിട്ടി. ഓട്ട മത്സരത്തിന് എത്തിയ, വ്യക്തിഗത മെഡലുകൾ വാരിക്കൂട്ടിയ സഹ താരങ്ങളുടെ പുച്ഛം കലർന്ന നോട്ടങ്ങൾക്കിടയിലൂടെ ആ വൃദ്ധ സ്റ്റാർട്ടിങ് പോയിന്റിൽ വന്നു നിന്നു . സ്റ്റാർട്ടിങ്ങിനുള്ള വെടിയുതിർന്നു. ആ ശബ്ദം ഒരു മിന്നൽപ്പിണരായി ലതയുടെ ഹൃദയത്തിലൂടെ പാഞ്ഞു.മുട്ടിനുമുകളിലേക്ക് സാരിയെടുത്തുകുത്തി അവരോടാൻ തുടങ്ങി.ഒന്നിനെക്കുറിച്ചുമാലോചിക്കാതെ.
അവരുടെ മനസ്സിൽ ആകെ ബാക്കി ഉണ്ടായിരുന്നത് ഭർത്താവിന്റെ വേദനയും വിജയിച്ചാൽ കിട്ടാൻ പോകുന്ന സമ്മാനത്തുകയും മാത്രമായിരുന്നു.
ട്രാക്കിലെ കൽച്ചീളുകളും അതിൽത്തട്ടി ചോരയൊലിച്ച് തുടങ്ങിയ പാദങ്ങളും അവർ ശ്രദ്ധിച്ചില്ല.

ഫിനിഷിംഗ് പോയിന്റ്  വരെ ഒരിക്കൽ പോലും ലത തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ ഓട്ടമവസാനിച്ച് തിരിഞ്ഞുനോക്കുമ്പോൾ പ്രഗത്ഭരും പ്രശസ്തരുമായ പ്രതിയോഗികളായ ഓട്ടക്കാർ അനേകം വാരകൾക്കപ്പുറം എത്തിയിട്ടേ ഉണ്ടായുരുന്നൊള്ളൂ… അതവർക്ക് ജീവിതമായിരുന്നു.ഭർത്താവിന്റെ ജീവന്റെ വിലയായിരുന്നു.ജനക്കൂട്ടം ആർത്തുവിളിച്ചു.സമ്മാനത്തുക കൈപ്പറ്റിയ ഉടൻ ലത ആശുപത്രിയിലേക്ക് തിരിച്ചു എല്ലാ ആശുപത്രി ചെലവുകൾക്ക് ശേഷവും സമ്മാനത്തുകയിൽ ഒരുപാട് ബാക്കി ഉണ്ടായിരുന്നു. ഏതാനം ദിവസങ്ങൾക്കുള്ളിൽ. പൂർണ്ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചുവന്ന ഭർത്താവുമൊത്ത് ലത ഭഗവാൻ ഖാരെ ആശുപത്രി വിട്ടു. നഗ്നപാദങ്ങളുമായി അവരെങ്ങനെ ഓടിയെന്ന്, എങ്ങനെ ആ മാരത്തോൺ ജയിച്ചെന്ന് അവർക്കിപ്പോഴും ചിന്തിക്കാൻ കഴിയുന്നില്ല. ഒന്നറിയാം അന്നവർക്ക് ഒരുപാട് ലക്ഷ്യങ്ങളൊന്നും ഇല്ലായിരുന്നു.