ദേവ് പട്ടേലിന്റെ ലയണിനു പ്രചോദനമായ സരൂ ഇതാ ഇവിടെയുണ്ട്, അറിയാം അവിസ്മരണീയമായ ആ കഥ

0

ചില മനുഷ്യരുടെ ജീവിതം അങ്ങനെയാണ് ,കേള്‍ക്കുന്നവര്‍ക്ക് അത് കെട്ടുകഥകളെ വെല്ലും വിധം നാടകീയത നിറഞ്ഞതായിരിക്കും.മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പു കല്‍ക്കട്ടനഗരത്തിന്റെ തെരുവോരങ്ങളില്‍ ഉറ്റവരെ പിരിഞ്ഞു അലഞ്ഞു നടന്ന സരൂ എന്ന അഞ്ചു വയസുകാരന്‍ പിന്നീട് ഓസ്ട്രേലിയയിലെ അറിയപെടുന്ന ബിസിനെസ്സ്കാരനായതും , വര്‍ഷങ്ങക്ക് ഇപ്പുറം ജന്മനാടിന്റെ വേരുകള്‍ തേടി തന്റെ ഗ്രാമത്തിലെത്തിയതും എല്ലാം സത്യത്തില്‍ കെട്ടുകഥകളെക്കാള്‍ വിചിത്രമാണ്.

1986 ലാണ് സംഭവങ്ങളുടെ തുടക്കം. കണ്ട്വവാ എന്ന കുഗ്രാമത്തിലെ ചെളി കൊണ്ട് നിര്‍മിച്ച കൊച്ചു വീട്ടിലാണ് സരോ മുന്‍ഷി ഖാന്‍ എന്ന സരൂ ജനിച്ചത്. സരോ ഉള്‍പെടെ അവന്റെ അമ്മയ്ക്ക് നാല് മക്കള്‍ .ഗുട്ടു ,കല്ലു,സരോ പിന്നെ അവരുടെ കുഞ്ഞുപെങ്ങള്‍ ഷകില. അച്ഛന്‍ ഉപേക്ഷിച്ചു പോയ ആ നാല് കുഞ്ഞുങ്ങളെ വളര്‍ത്താന്‍ അവരുടെ അമ്മ നന്നേ പാടുപെട്ടിരിന്നു .കൂട്ടത്തില്‍ മൂത്തവനായ ഗുട്ടു ആയിരുന്നു മറ്റു സഹോദരങ്ങുടെ രക്ഷിതാവ്‌ .ചിലപ്പോള്‍ റെയില്‍വേ പ്ലാറ്റ്ഫോമില്‍ ഭിക്ഷ എടുത്തും ,മറ്റു ചിലപ്പോള്‍ ചെറിയ കൂലിപ്പണികള്‍ ചെയ്തും ഗുട്ടു തന്റെ സഹോദരങ്ങള്‍ക്ക് അന്നം നല്‍കി .

ഒരുനാള്‍ ഗുട്ടു തന്റെ പതിവ്‌ യാത്രയില്‍ അനിയന്‍ സരോയിനെയും കൂടെ കൂട്ടി. തങ്ങുള്ടെ ഗ്രാമത്തില്‍ നിന്നും അധികം ദൂരത്തല്ലാത്ത ബുര്‍ഖാന്‍പൂര്‍ എന്ന സ്ഥലത്തെക്കുള്ള ട്രെയിനില്‍ ഇടം പിടിച്ചു .താരതമ്യെന തിരിക്കുള്ള അവിടെ പോയാല്‍ അന്നത്തെ അന്നത്തിനുള്ളത് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍ അങ്ങോട്ട്‌ പോയത്. പക്ഷെ ആ യാത്ര ഗുട്ടുവിന്റെയും സരൂയുടെയും എല്ലാം ജീവിതം തന്നെ മാറ്റി മറിച്ചു.

ബുര്‍ഖാന്‍പൂരില്‍ അന്ന് മുഴുവന്‍ അലഞ്ഞു നടന്ന അവര്‍ക്ക് സത്യത്തില്‍ കാര്യമായതൊന്നും കിട്ടിയില്ല .നടന്നു തളര്‍ന്ന സരോയിനെ കണ്ടപ്പോള്‍ ഗുട്ടു അവനോട് അടുത്തു കണ്ട സിമെന്റ് ബെഞ്ചില്‍ പോയി ഇരുന്നോളാനും ഗ്രാമത്തിലേക്കുള്ള ട്രെയിന്‍ വരുമ്പോള്‍ വിളിച്ചുണര്‍ത്താം എന്നും പറഞ്ഞു .ക്ഷീണം കൊണ്ട് മയങ്ങി പോയ സരു പിന്നീട് ഉണര്‍ന്നത് മണിക്കൂറുകള്‍ കഴിഞ്ഞാണ് അപ്പോഴേക്കും സ്റ്റേഷന്‍ വിജനമായിരുന്നു പേടിച്ചു പോയ കുഞ്ഞു സരോ ജേഷ്ഠനെ വിളിച്ചു ഒരുപാട് നടന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല .അപ്പോഴത്തെ വെപ്രാളത്തില്‍
തൊട്ടടുത്ത് കിടന്ന ട്രെയിനില്‍ അവന്‍ കയറിയിരുന്നു. പക്ഷെ ആ ട്രെയിന്‍ ഒരു രാത്രി മുഴുവന്‍ സഞ്ചരിച്ചെത്തിയത് കല്‍ക്കട്ട എന്ന മഹാനഗരത്തില്‍ . എവിടെയെന്നോ എന്തെന്നോ അറിയാതെ തെരുവില്‍ അലഞ്ഞു നടന്ന കുഞ്ഞു സരൂവിനെ കണ്ടു  അലിവ് തോന്നിയ ഒരു യാത്രക്കാരന്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു ,അവിടെ നിന്നും അനാഥാലയത്തിലേക്ക്.ആരെങ്കിലും തന്നെ അന്വേഷിച്ചു വരും എന്ന പ്രതീക്ഷയില്‍ സരൂ  കുറച്ചു കാലം അവിടെ കഴിഞ്ഞു .പക്ഷെ ആരും എത്തിയില്ല . വൈകാതെ ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ സ്പോണ്‍സര്‍ഷിപ്പ് ആന്‍ഡ്‌ അടോപ്ഷന്റെ സഹായത്തോടെ
അവനെ  ഓസ്ട്രേലിയയിലെ ബ്രെയിലി ദമ്പതികള്‍ ദത്തെടുത്തു. നാടും വീടും വിട്ടു സരൂ  അങ്ങനെ അവര്‍ക്കൊപ്പം പോയി .

പിന്നെയുള്ള അവന്റെ ജീവിതം ഓസ്ട്രേലിയിലേക്ക് പറിച്ചു നടുകയായിരുന്നു ‍, അവിടുത്തെ രീതികളുമായി എന്നോ അവന്‍ ഇഴചേര്‍ന്നു .അവന്‍ സരൂ ബ്രെയിലിയായി.വര്‍ഷങ്ങള്‍ കഴിഞ്ഞു .
ഈ കഥയുടെ രണ്ടാം ഭാഗം ആരംഭിക്കുന്നത് സരൂന്റെ യൗവനത്തിലാണ്. നാടും വീടും എല്ലാം ഓര്‍മകളില്‍ നിന്നും എന്നോ മാഞ്ഞു പോയെങ്കിലും എപ്പോഴോ സരൂനെ ജന്മനാട് വിളിച്ചു തുടങ്ങി .ബുര്‍ഹംപൂര്‍ എന്ന പേര് മാത്രമായിരുന്നു നേരിയ ഓര്‍മയായി അവന്റെ മനസ്സില്‍ ശേഷിച്ചിരുന്നത് .പക്ഷെ സരൂ പിന്മാറിയില്ല .ശൂന്യതയില്‍ നിന്നും അവന്‍ തന്റെ യാത്ര ആരംഭിച്ചു .ഗൂഗിള്‍ ഏര്‍ത്തു സരൂയുടെ സഹായത്തിനു എത്തി . മണിക്കൂറുകള്‍,ദിവസങ്ങള്‍ക്ക് വഴി മാറിയെങ്കിലും സരോയ്ക്ക് ആദ്യമൊന്നും തന്റെ വേരുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല .പിന്നെ അവന്‍ തന്റെ ദിശ മാറ്റി .കല്‍ക്കട്ടയിലേക്ക് എത്തുന്ന ട്രെയിനുകളുടെ ദൂരം അവന്‍ കണക്ക് കൂട്ടി .പതിനാലു മണിക്കൂറോളം താന്‍ അന്ന് ട്രെയിനില്‍ യാത്ര ചെയ്തു എന്ന ഓര്‍മമ , അത്രയും അകലെ ഉള്ള
ഗ്രാമങ്ങളെ കണ്ടെത്താന്‍ അവനു സഹായകമായി .അങ്ങനെ കല്‍ക്കട്ടയില്‍ നിന്നും 1200 കിലോമീറ്റര്‍ അകലെയുള്ള ബുര്‍ഹാന്‍പൂര്‍ അവന്‍ കണ്ടെത്തി .

ഗൂഗിള്‍ ഏര്‍ത്തിന്റെ സഹായം സരോ വീണ്ടും പ്രയോജനപെടുത്തി .അങ്ങനെ കണ്ട്വവാ എന്ന തന്റെ ഗ്രാമം സരൂ തേടി കണ്ടെത്തി .ചില അടയാളങ്ങളും ഓര്‍മകളുമായിരുന്നു അതിനു അവനു തുണയായത് .പക്ഷെ അപ്പോഴും സരോയ്ക്ക് തനിക്ക്‌ എത്തിച്ചേരേണ്ട വഴികള്‍ അന്യമായിരുന്നു .പക്ഷെ ഭാഗ്യം അവനൊപ്പം നിന്നു . നീണ്ട അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ സരൂ അവന്റെ ഗ്രാമത്തിലെത്തി .അമ്മയെ കണ്ടെത്തി .2012 ഫെബ്രുവരിയില് ഇരുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്കു മുന്നേ കൈവിട്ടു പോയ മകന്‍ തിരികെവന്നത് സത്യത്തില്‍ ആ അമ്മയ്ക്ക് വിശ്വസിക്കാന്‍ പോലും
ആദ്യം കഴിഞ്ഞിരുന്നില്ല .എന്നോ എവിടെയോ അവര്‍ കണ്ട ഒരു ജോത്സ്യന്‍ പറഞ്ഞിരുന്നത്രെ നഷ്ടപ്പെട്ട് പോയ മകന്‍ തിരികെ വരുമെന്ന് .

കൂടിച്ചേരലിന്റെ സന്തോഷത്തിലും ഒരു നൊമ്പരപെടുത്തുന്ന വാര്‍ത്ത അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു .സരൂ പോയി ഒരു മാസത്തിനു ശേഷം അവന്റെ മൂത്തസഹോദരന്‍ ഗുട്ടു ട്രെയിനിന്റെ അടിയില്‍ പെട്ട് മരിച്ചു പോയിരുന്നു .ഒരു പക്ഷെ കുഞ്ഞനുജനെ കണ്ടെത്താന്‍ ഉള്ള യാത്രയില്‍ എപ്പോഴോ ആകും ഗുട്ടുവിനെ മരണം കൊണ്ട് പോയത് .മറ്റു രണ്ടു സഹോദരങ്ങളും വിവാഹിതരായി ഗ്രാമത്തില്‍ തന്നെ സുഖമായി കഴിയുന്നു .ഇപ്പോള്‍ സരൂ എല്ലാ വര്‍ഷവും തന്റെ തിരക്കുകള്‍ക്ക് എല്ലാം ഒഴിവ് നല്‍കി അമ്മയ്ക്കൊപ്പം ചിലവിടാന്‍ എത്താറുണ്ട്.ഹിന്ദി ഒരു വാക്ക് പോലും ഇപ്പോള്‍ അവന്റെ ഓര്‍മയില്‍ ഇല്ലെങ്കിലും അമ്മയുമായി സംസാരിക്കാന്‍ ഭാഷ ആവശ്യമില്ല എന്നാണ് സരൂ പറയുന്നത് .

സരൂന്റെ കഥ പിന്നീട് പെന്‍ഗ്വിന്‍ ബുക്സ്‌ ‘ദി ലോങ്ങ്‌ വേ ബാക്ക്’ എന്ന പേരില്‍ പുസ്തകമാക്കിയിരുന്നു .ഇപ്പോള്‍ ആ കഥ ‘ലയണ്‍ ‘ എന്ന പേരില്‍ അഭ്രപാളികളില്‍ എത്തുകയാണ് .ഓസ്കാര്‍ അവാര്‍ഡ്‌ നേടിയ സ്ലും ഡോഗ് മില്യനര്‍ എന്ന ചിത്രത്തിലെ നായകന്‍ ദേവ്‌ പട്ടേല്‍ ആണ് ചിത്രത്തില്‍ സരൂനെ അനശ്വരമാക്കുന്നത് . റൂണി മാരയാണ് ദേവ് പട്ടേലിന്റെ നായിക. നിക്കോള്‍ കിഡ്മാന്‍, ഡേവിഡ് വെന്മാദന്‍ എന്നിവരാണ് ഓസ്‌ട്രേലിയന്‍ മാതാപിതാക്കളുടെ വേഷത്തിലെത്തുന്നത്. സരൂവിന്റെ കുട്ടിക്കാലം അഭിനയിക്കുന്നത് സണ്ണി പവാര്‍ ആണ്. ജനുവരിയില്‍ ചിത്രം പ്രദർശനത്തിനെത്തും.കാണാം ലയണ്‍ ട്രെയിലര്‍ ..