ചരിത്ര പരമായ തീരുമാനം; കേരളത്തില്‍ ആദ്യമായി ആര്‍ത്തവത്തിന്റെ ആദ്യദിനം ഇനി മുതല്‍ മാതൃഭൂമി വനിത ജീവനക്കാര്‍ക്ക് അവധി

0

ചരിത്ര പരമായ തീരുമാനവുമായി മാതൃഭൂമി ന്യൂസ്.ആര്‍ത്തവത്തിന്റെ ആദ്യ ദിനത്തില്‍ ഇനി മാതൃഭൂമി ന്യുസിലെ വനിത ജീവനക്കാര്‍ക്ക് അവധി. മാതൃഭൂമി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍ ആണ് തീരുമാനം പുറത്ത് വിട്ടത്.ഇത്തരമൊരു തീരുമാനത്തിലൂടെ സ്ത്രീകള്‍ക്ക് ആര്‍ത്തവാവധി നല്‍കുന്ന കേരളത്തിലെ ആദ്യ സ്ഥാപനമായി മാറിയിരിക്കുകയാണ് മാതൃഭൂമി ന്യൂസ്.

ഇന്ത്യയില്‍ ആദ്യമായി മുംബൈയിലെ കള്‍ച്ചര്‍ മെഷീന്‍ എന്ന കമ്പനി കഴിഞ്ഞയാഴ്ചയാണ് തങ്ങളുടെ സ്ത്രീ ജീവനക്കാര്‍ക്ക് ആര്‍ത്തവാവധി പ്രഖ്യാപിച്ചത്. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് തങ്ങള്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് വേണ്ടത് സഹതാപമോ കൈത്താങ്ങോ അല്ലാ… അവരെ മനസിലാക്കുക എന്നതാണ് പ്രധാനം…മാതൃഭൂമിയില്‍ എഴുപത്തിഅഞ്ചോളം വനിതാ ജീവനക്കാരുണ്ട്. റിപ്പോര്‍ട്ടര്‍മാര്‍ക്ക് മാത്രമല്ല, എല്ലാ സ്ത്രീജീവനക്കാര്‍ക്കും ആര്‍ത്തവത്തിന്റെ ആദ്യ ദിനം അവധി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. തീരുമാനമെടുത്തതിനു ശേഷമാണ് ജീവനക്കാരെ അറിയിച്ചത്. അദ്ദേഹം പറഞ്ഞു. വാര്‍ത്തയെ ഇരുകൈയ്യും നീട്ടിയാണ് ചാനലിലെ സ്ത്രീ ജീവനക്കാരും പൊതു സമൂഹവും സ്വീകരിച്ചത്.

പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം മാതൃഭൂമി ന്യൂസിലാണ് ഇത് നടപ്പിലാക്കുക, തുടര്‍ന്ന് സഹോദര സ്ഥാപനങ്ങളിലേക്കും ഈ രീതി വ്യാപിപ്പിക്കും. ജീവനക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നല്ല, ഇതിന്റെ ആവശ്യകത മനസിലാക്കിക്കൊണ്ടു തന്നെയാണ് തീരുമാനമെടുത്തതെന്നും, ശ്രേയാംസ് കുമാര്‍ പറഞ്ഞു.