ഓണം നമുക്കൊരാവശ്യമാണ്‌ : എം കെ ഭാസി

0
MK Bhasi -Photo Credit: Lijesh

ഓണം പ്രവാസി മലയാളികള്‍ക്ക് ആവശ്യമെന്ന് സിംഗപ്പൂരിലെ പ്രശസ്ത കവി എം.കെ ഭാസി. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക്‌ അഭിമാനപൂര്‍വം കൈമാറുവാന്‍ നമുക്കുള്ള അമൂല്യ പാരമ്പര്യങ്ങളില്‍ ഒന്നാണിതെന്ന് ‌അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.. എം കെ ഭാസിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം:

ഓണം നമുക്കൊരാവശ്യമാണ്‌

എവിടെയോ വീണു നഷ്ടപ്പെട്ട ഒരു സ്വപ്നം! അതാണല്ലോ നമുക്കു തിരുവോണം. എങ്കിലും മനസ്സിന്‍റെ ഉള്ളറകളില്‍ മുത്തുപോലെ സൂക്ഷിക്കുന്ന കുറേ ഓര്‍മ്മകള്‍. ആ ഓര്‍മ്മകളുടെ മുല്ലപ്പൂമണവുമായി ഇതാ വീണ്ടുമൊരു തിരുവോണം.

ഓണം കേരളത്തിലിന്ന് ഒരു വില്‍പനച്ചരക്കാണ്‌. മറുനാടന്‍ മലയാളിക്കോ?

തലമുറകളില്‍ നിന്ന് തലമുറകളിലേയ്ക്ക്‌ കൈമാറാനുള്ള ഒരസാധാരണ സന്ദേശമാണ്‌ അവരെ സംബന്ധിച്ചിടത്തോളം ഓണം.

നമ്മുടെ എല്ലാ വിശേഷദിവസങ്ങള്‍ക്കുമുണ്ട്‌ മതത്തിന്‍റെ ഒരു പരിവേഷം. അതേറ്റവും കുറവുള്ളത്‌ ഓണത്തിനാണ്‌. മറ്റൊരു വിശേഷ  ദിവസത്തിനും കഴിയാത്ത നിലയില്‍ മലയാളികളുടെ വിളവെടുപ്പുത്സവമായി ഓണം അംഗീകരിക്കപ്പെടുന്നതും അതു കൊണ്ടായിരിക്കണം.

നാഗരീകതയുടെ ഇന്ദ്രജാലങ്ങളുമൊത്തു ജീവിക്കുന്നവരാണ്‌ നമ്മുടെ കുട്ടികള്‍. എങ്കിലും സ്വന്തം വേരുകള്‍ കണ്ടെത്താനുള്ള താല്‍പര്യം അവരിലിന്ന് കൂടിക്കൂടി വരികയാണ്‌.

പക്ഷേ —
പക്ഷേ, നമ്മുടെ പാരമ്പര്യങ്ങളില്‍ ചിലതൊക്കെ അവര്‍ക്കു ദഹിക്കുന്നവയല്ല. നമുക്കു തന്നെ ബോദ്ധ്യമല്ലാത്ത ആ ‘കൊള്ളരുതായ്മകളെ’ പറ്റി നാമെങ്ങിനെ അവരെപ്പറഞ്ഞു മനസ്സിലാക്കാനാണ്‌?

ഓണത്തിനു പുറകിലുള്ള ഐതിഹ്യം എന്തുമായിക്കൊള്ളട്ടെ. ഓണം നല്‍കുന്ന സന്ദേശം മതേതരത്വവും, മനുഷ്യനെ മനുഷ്യനായി കാണുവാനും  അംഗീകരിക്കുവാനുമുള്ള വിശാല ദര്‍ശനവുമാണ്‌.

തലമുറകളില്‍ നിന്ന് തലമുറകളിലേക്ക്‌ അഭിമാനപൂര്‍വം കൈമാറുവാന്‍ നമുക്കുള്ള അമൂല്യ പാരമ്പര്യങ്ങളില്‍ ഒന്നാണിത്‌.

ഓണവും, ഓണത്തിന്‍റെ സന്ദേശവും കൂടുതല്‍ പ്രാധാന്യം നേടുന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌. മറുനാടന്‍ മലയാളിക്ക്‌ ഓണം ഒരാവശ്യമാണ്‌.

ഗുരുവായൂരപ്പനു വേണ്ടിയല്ല, മഹാബലിക്കും, വാമനന്‍ മാര്‍ക്കും വേണ്ടിയല്ല, നമുക്കും നമ്മുടെ കുട്ടികള്‍ക്കും, അവരുടെ വരും തലമുറകള്‍ക്കും വേണ്ടി.

ഓണാശംസകള്‍!

– എം കെ ഭാസി