പ്രശസ്ത ഗാനരചയിതാവ് നാ.മുത്തുകുമാര്‍ അന്തരിച്ചു

0

തമിഴിലെ പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവും ദേശീയ പുരസ്‌കാര ജേതാവുമായ നാ മുത്തുകുമാര്‍ (41) അന്തരിച്ചു.മഞ്ഞപ്പിത്തം ബാധിച്ച് അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.

1000 ത്തിലധികം സിനിമകള്‍ക്ക് അദ്ദേഹം പാട്ടുകള്‍ എഴുതിയിട്ടുണ്ട്. വെയില്‍, ഗജിനി, കാതല്‍ കൊണ്ടേന്‍, പയ്യ, അഴകിയ തമിഴ് മകന്‍, യാരഡീ നീ മോഹിനി, അയന്‍, ആദവന്‍, അങ്ങാടിത്തെരു, സിങ്കം, മദ്രാസപ്പട്ടണം, ദൈവ തിരുമകള്‍ തുടങ്ങിയ സിനിമകളിലെ ഹിറ്റു ഗാനങ്ങളെല്ലാം എഴുതിയത് മുത്തുകുമാറാണ്. ജി.വി പ്രകാശ് ഈണമിട്ട 200 ലധികം പാട്ടുകള്‍ക്ക് മാത്രം മുത്തുകുമാര്‍ വരികള്‍ എഴുതിയിട്ടുണ്ട്. . കവി, കോളമിസ്റ്റ്, നോവലിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു.

തമിഴിലെ പ്രമുഖ സംവിധായകന്‍ ബാലു മഹീന്ദ്രയുടെ ശിഷ്യനായാണ് മുത്തുകുമാര്‍ സിനിമിയിലേക്കെത്തിയത്. സീമന്‍ സംവിധാനം ചെയ്ത വീരനാടൈ എന്ന ചിത്രത്തിലാണ് മുത്തുകുമാര്‍ അരങ്ങേറ്റം കുറിക്കുന്നത്. തമിഴിലെ പല പ്രമുഖ സംവിധായകര്‍ക്കൊപ്പവും മുത്തുകുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

റാം സംവിധാനം ചെയ്ത തങ്കമീങ്കള്‍ എന്ന ചിത്രത്തിലെ ‘ആനന്ദ യാഴൈ മീട്ടുകിറാല്‍’, വിജയിയുടെ സയ് വത്തിലെ ‘അഴകേ അഴകേ’ എന്നീ ഗാനങ്ങള്‍ അദ്ദേഹത്തെ മികച്ച ഗാനരചയിതാവിനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. ഗജിനിയിലെ ഗാനങ്ങള്‍ അദ്ദേഹത്തെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡിന് അര്‍ഹനാക്കി.

അദ്ദേഹത്തിന്റെ തങ്കമീങ്കള്‍ എന്ന ചിത്രത്തിലെ ഗാനം കേള്‍ക്കാം