പ്രിയപ്പെട്ട രക്ഷിതാവേ…..അവളെ കേൾക്കാൻ നിങ്ങളല്ലാതെ  വേറെ ആരാണ്?; നജീബ് മൂടാടി എഴുതുന്ന ഹൃദയസ്പര്‍ശിയായ കുറിപ്പ്

0
പ്രിയപ്പെട്ട രക്ഷിതാവേ…..അവളെ കേൾക്കാൻ നിങ്ങളല്ലാതെ  വേറെ ആരാണ്?
“അവനെന്താ ഒരു കുഴപ്പം. യാതൊരു ദുഃശീലവും ഇല്ല, കാണാൻ കൊള്ളാവുന്ന ചെറുപ്പക്കാരൻ, വിദ്യാഭ്യാസമുണ്ട്,  നല്ല ജോലിയും തരക്കേടില്ലാത്ത വരുമാനവും. നല്ല പെരുമാറ്റം…. നല്ല കുടുംബം..”
ഒരു പെൺകുട്ടി  വിവാഹം കഴിഞ്ഞ്‌ ഏറെ നാളുകൾ കഴിയും മുമ്പ് തന്നെ  തനിക്ക് പൊരുത്തപ്പെട്ടുപോകാൻ കഴിയാത്തൊരു ഭർത്താവിനെയാണ്  ലഭിച്ചത് എന്ന് തിരിച്ചറിയുകയും, ഈ ദാമ്പത്യത്തിൽ നിന്ന്  വിടുതൽ നേടണം എന്ന് ആഗ്രഹിക്കുകയും ചെയ്‌താൽ  ഏറ്റവും  ഉറ്റവരിൽ നിന്ന് പോലും  ഉയരുന്ന ചോദ്യങ്ങൾ ഇതൊക്കെയാണ്.
സ്നേഹരാഹിത്യം,  പ്രണയമില്ലായ്മ, അമിതാധികാരവാഞ്‌ച,  ലൈംഗികവൈകൃതങ്ങൾ, … തുടങ്ങിയ കാരണങ്ങൾ ഒന്നും വിവാഹമോചനത്തിനുള്ള ഒരു ന്യായമായി കാണാൻ സ്വന്തം  മാതാപിതാക്കൾ പോലും തയ്യാറല്ല എന്നതാണ് സത്യം.
മയക്കുമരുന്നുപയോഗം, മദ്യപാനം, പരസ്ത്രീഗമനം, തുടങ്ങി ‘നാലാള് കേട്ടാൽ  അംഗീകരിക്കുന്ന’ കാരണങ്ങളിൽ ഇപ്പറഞ്ഞതൊന്നും   പെടുന്നില്ല എന്നത് കൊണ്ട് തന്നെ മേല്പറഞ്ഞതൊക്കെയും പക്വതയില്ലാത്ത പെണ്ണിന്റെ ‘കഥകുറഞ്ഞ’ ചിന്തകൾ മാത്രമായേ വേണ്ടപ്പെട്ടവർ പോലും വിലയിരുത്തൂ.
മതാവടക്കം സ്വന്തക്കാരായ സ്ത്രീകളോട് ഇത് പറയുമ്പോൾ  “എല്ലാരുടെ ജീവിതവും ഇങ്ങനൊക്കെ തന്നല്ലേ… സിനിമയും സീരിയലും ഒന്നുമല്ലല്ലോ ജീവിതം.. കുറേക്കാലം ഒന്നിച്ചു ജീവിച്ചു കുട്ടികളൊക്കെ ആയിക്കഴിഞ്ഞാൽ ഇതൊക്കെയങ്ങ്‌ ശരിയാവും” എന്നങ്ങ്‌  നിസ്സാരപ്പെടുത്തിക്കളയും.
“കടവും കള്ളീം വാങ്ങി ഇത്രേം പണം ചെലവാക്കി നാട്ടുകാരെയൊക്കെ വിളിച്ച്‌  കല്യാണം നടത്തീട്ട്‌  ഇത്രപെട്ടെന്ന് ……. ആളുകൾ ചോദിക്കുമ്പൊ എന്താ പറയുക. പുറത്തിറങ്ങി നടക്കാനാവോ”
അടുത്ത ബന്ധുക്കൾ അടക്കം പറയും. എന്നിട്ടും അടങ്ങുന്നില്ലെങ്കിൽ ഇങ്ങനൊരു പൊട്ടിത്തെറി ഉണ്ടാകും.
” കഷ്ടപ്പാടറിയാതെ വളർത്തി ഇല്ലാത്ത കാശ് ചെലവാക്കി നിന്നെയൊക്കെ നിന്റെ ഇഷ്ടത്തിന് പഠിപ്പിച്ചതിന്റെ ഗുണം. പഠിപ്പ് കൂടിപ്പോയതിന്റെ അഹങ്കാരമാണ് നിനക്ക്. നീ മാത്രമല്ല ഈ വീട്ടിൽ  നിന്റെ ഇളയതുങ്ങളുടെ കാര്യവും നീ ആലോചിക്കണം. ഓരോ നിസ്സാര കാരണം പറഞ്ഞ്‌…”
ഇത്രയുമൊക്കെ ആവുമ്പോഴേക്ക് തന്നെ ഒരു മാതിരി പെൺകുട്ടികൾ ഒക്കെ നിശ്ശബ്ദരാകും. തന്നിഷ്ടത്തിന്‌ വിവാഹമോചനം  നേടിയ ‘അഹങ്കാരികളായ’ പെണ്ണുങ്ങളുടെ ദുരനുഭവങ്ങൾ എമ്പാടും ഉണ്ടാകും ഉദാഹരിക്കാൻ. പ്രായം കൂടിയവരോ രണ്ടോ മൂന്നോ മക്കൾ ഉള്ളവരോ ആയ വിഭാര്യന്മാർ അല്ലാതെ രണ്ടാംകെട്ടിന്  ചെറുപ്പക്കാരെ ഒന്നും കിട്ടില്ല എന്നതും കൂട്ടിച്ചേർക്കും.
ചുരുക്കിപ്പറഞ്ഞാൽ മനസ്സുകൊണ്ട് തീരെ പൊരുത്തപ്പെട്ടുപോവാൻ കഴിയാത്ത ഒരാളുമായി ആയുഷ്കാലം മുഴുവൻ കഴിയേണ്ടി വരിക എന്ന ‘വിധി’യിലേക്ക് അവളെ നിർബന്ധിതയായി വലിച്ചെറിയുക എന്നതാണ്  തങ്ങളുടെ കടമ എന്നാണ് ഉറ്റവർ പോലും കരുതുന്നത്.
ഇനി മകളുടെ സന്തോഷമാണ് ഏറ്റവും വലുത് എന്ന് കരുതുന്ന മാതാപിതാക്കൾ ആണെങ്കിൽ ഭർത്താവിന്റെ വേണ്ടപ്പെട്ടവരോട് ഈ കാര്യം സംസാരിച്ചു എന്നിരിക്കട്ടെ. ആ ഭാഗത്തു നിന്നുള്ള ആദ്യ പ്രതികരണം അവൾക്ക് വേറെ ആരോടെങ്കിലും ബന്ധം  ഉണ്ടോ എന്ന് അന്വേഷിക്കണം എന്നാവും. (സ്വന്തക്കാരിൽ നിന്ന് പോലും ഈ കുശുകുശുപ്പ് ഉണ്ടാകും). മാത്രമല്ല അവൾ പഠിച്ച/പഠിക്കുന്ന/ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ ഡിറ്റക്ടീവിനെ വെല്ലുന്ന രീതിയിൽ വിശദമായ അന്വേഷണം തന്നെ നടത്താനും, ഒരു ചെറിയ തെളിവെങ്കിലും കിട്ടാൻ മൊബൈൽ ഫോൺ സോഷ്യൽ മീഡിയ ഇടപെടലുകൾ ഒക്കെയും അരിച്ചു പെറുക്കി അന്വേഷിക്കാനും ഉത്സാഹിച്ചിറങ്ങും.  കാരണം വേറെ ഒരു പുരുഷനോട് അടുപ്പമില്ലാതെ ഒരു പെണ്ണ് തന്റെ കെട്ടിയവനെ വേണ്ടെന്ന് വെക്കാൻ യാതൊരു ന്യായവും ഇല്ല എന്നാണല്ലോ വെപ്പ്.  അതും സൽസ്വഭാവിയും സുമുഖനും പഠിപ്പും ജോലിയും ചുറ്റുപാടും ഒക്കെയുള്ള ഒരു ചെറുപ്പക്കാരനെ.
ദാമ്പത്യജീവിതത്തിൽ ഭർത്താവിൽ നിന്ന്  ലഭിക്കേണ്ട സ്നേഹം, കരുതൽ, പ്രണയം, ആസ്വാദ്യകരമായ രതി ഇതൊന്നും എന്താണ് എന്നുപോലും അറിയാത്ത ഒരാളെയാണ് തന്റെ ഭർത്താവായി ലഭിച്ചത് എന്ന് തിരിച്ചറിയുന്ന, യോജിപ്പിനെക്കാൾ വിയോജിപ്പിന്റെ ഇടങ്ങളാണ് തങ്ങൾക്കിടയിൽ ഏറെ എന്ന് മനസ്സിലാക്കുന്ന അത്യാവശ്യം വിവരവും വിദ്യാഭ്യാസവും ഉള്ള ഒരു പെൺകുട്ടി ഇങ്ങനെ ഒരു ദാമ്പത്യം വേണ്ട എന്ന് ചിന്തിക്കുകയും വേണ്ടപ്പെട്ടവരോട് പറയുകയും ചെയ്യുമ്പോൾ അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങളാണ് ഈ എഴുതിയതൊക്കെയും.
നാലാള് കേട്ടാൽ മാനക്കേടായ ദുശീലങ്ങൾ മാത്രമാണ് ഒരു പെണ്ണിന് വിവാഹമോചനത്തെ കുറിച്ച് ചിന്തിക്കാനുള്ള ന്യായം എന്ന് കരുതുന്ന ഒരു സമൂഹത്തിന്‌,   സ്നേഹവതിയുമായ ഒരു ഭാര്യയുടെ  വിവേകപൂർണ്ണമായ ഇടപെടലുകളിലൂടെ ദുശീലങ്ങൾ നിർത്തി സ്നേഹസമ്പന്നനും കുടുംബസ്നേഹിയും ആയ ഒരു ഭർത്താവാക്കി മാറ്റാൻ ചിലപ്പോൾ സാധിച്ചേക്കാമെങ്കിലും ( അങ്ങനെ  സഹിച്ചു ജീവിക്കണം എന്നല്ല) ഒരു പെണ്ണിനെ പരിഗണിക്കാനോ അംഗീകരിക്കാനോ പ്രണയപൂർവ്വം ഇടപെടാനോ അറിയാത്ത ഒരാളെ തിരുത്തിയെടുക്കാൻ ഒരു പെണ്ണിനും സാധ്യമല്ല എന്ന് മനസ്സിലാക്കുന്നില്ല.
അവളുടെ ഭാഗത്ത്‌ കുറ്റങ്ങൾ ഒന്നും കണ്ടെത്താനായില്ലെങ്കിൽ ചിലരെങ്കിലും അവസാനശ്രമം എന്ന നിലയിൽ ദൈവീകശിക്ഷയെ കുറിച്ച് പറഞ്ഞു പേടിപ്പിക്കാൻ ആണ് ശ്രമിക്കുക.  പൊരുത്തപ്പെട്ടുപോവാൻ കഴിയാത്ത  ദാമ്പത്യത്തിൽ നിന്നും വിടുതൽ നേടാൻ മതം അനുവദിച്ച വിവാഹമോചനം എന്ന അവകാശത്തെ അപഹസിക്കൽ ആണിത്.
വിവാഹം കഴിഞ്ഞു ഏറെനാൾ കഴിയും മുമ്പ് തന്നെ മകൾ വിവാഹമോചിതയാവുന്നത്  അഭിമാനപ്രശ്നം ആയി കരുതുന്ന പല രക്ഷിതാക്കളും ചിന്തിക്കുന്നില്ല തങ്ങളുടെ പ്രിയപ്പെട്ട മകൾ എല്ലാം സഹിച്ചു സഹിച്ച്‌ മനോനില തെറ്റുകയോ ചിലപ്പോൾ ആത്‌മഹത്യയിൽ എല്ലാം അവസാനിപ്പിക്കുകയോ ചെയ്താൽ ഇപ്പറഞ്ഞ അഭിമാനമൊക്കെ എവിടെ എത്തും എന്നത്.
മിസ്‌കോൾ പ്രണയങ്ങളും ഒളിച്ചോട്ടങ്ങളും പാതിരാത്രിയിലെ ‘സദാചാരപോലീസ്’ ഇടപെടലുകളും ഒക്കെ ഏറി വരുമ്പോൾ എല്ലാം ‘പെണ്ണിന്റെ കാമഭ്രാന്ത്‌’ എന്നങ്ങ്‌ അടച്ചാക്ഷേപിക്കുമ്പോൾ നാം ഓർക്കാറില്ല ഇതിൽ ചിലതെങ്കിലും വരണ്ടുപോയ ദാമ്പത്യജീവിതത്തിൽ നിന്നും ഉള്ള രക്ഷപ്പെടൽ കൂടി ആണെന്ന്. സ്നേഹമോ അംഗീകാരമോ പരിഗണനയോ ലഭിക്കാത്ത മക്കളെ ഓർത്തും  കടമ എന്ന രീതിയിലും  മുന്നോട്ടു നീങ്ങുന്ന ദാമ്പത്യത്തിന്റെ ഇരുട്ടറയിൽ നിന്നും വെളിച്ചം കിട്ടുന്ന ഇടത്തേക്കുള്ള തല നീട്ടൽ.
 പഴയകാലത്തെ അപേക്ഷിച്ച്‌ മക്കളെ പ്രത്യേകിച്ചും പെണ്മക്കളെ ഏറെ വത്സല്യത്തിലും സ്നേഹത്തിലും വളർത്തുന്ന രക്ഷിതാക്കൾ ആണ് ഇന്ന് ഏറെയും. അവരുടെ സുഖത്തിനും സന്തോഷത്തിനും ഏറെ മുൻഗണന നൽകുന്നവർ.
അതുകൊണ്ടു തന്നെ മകളുടെ നല്ലൊരു ജീവിതത്തിനു വേണ്ടി ഒരു വരനെ തെരഞ്ഞെടുക്കുമ്പോൾ സമ്പത്തും സൗന്ദര്യവും സാമൂഹ്യമാന്യതയും മാത്രം നോക്കാതെ നിങ്ങളുടെ മകളെ സ്നേഹിക്കാനും സന്തോഷം നൽകാനും കഴിയുന്ന ഒരാളാണോ എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
നിങ്ങളുടെ മകൾ ദാമ്പത്യത്തിലെ പൊരുത്തക്കേടുകളെ കുറിച്ച് പറയുമ്പോൾ അത് കേൾക്കാനുള്ള സന്മനസ്സെങ്കിലും കാണിക്കുക. വളർത്തുദോഷം കൊണ്ടുള്ള ‘പായ്യാരം പറച്ചിലാ’യി അതിനെ നിസ്സാരപ്പെടുത്തതിരിക്കുക. സമ്പത്തികനഷ്ടം അഭിമാനപ്രശ്നം ഇതൊക്കെ പറഞ്ഞ്‌ അവളെ വായടപ്പിക്കാതിരിക്കുക.  ബൈക്കിൽ ചുറ്റിപ്പിടിച്ചു വന്ന് ഇറങ്ങിയത് കൊണ്ടോ ഹണിമൂൺ യാത്ര നടത്തിയത് കൊണ്ടോ സംതൃപ്തമായൊരു ദാമ്പത്യ ജീവിതമാണ് മകളുടേത്  എന്ന് ഉറപ്പിക്കാതിരിക്കുക.
അങ്ങേയറ്റം ചിന്തിച്ചും ഒരുപാടു വട്ടം ആലോചിച്ചും ഏറെ പേടിച്ചും ആശങ്കപ്പെട്ടുമാണ്  അവൾ സ്വന്തം സങ്കടങ്ങളെ നിങ്ങൾക്ക് മുന്നിൽ നിവർത്തി വെക്കുന്നത്. അത് ക്ഷമാപൂർവ്വം കേൾക്കാനും വേണ്ട രീതിയിൽ ഇടപെടാനും  മുൻകൈ എടുക്കേണ്ടത് നിങ്ങൾ തന്നെയാണ്.
പൊരുത്തപ്പെടാൻ ആകാത്ത  ദാമ്പത്യമെന്ന  മലവെള്ളപ്പാച്ചിലിൽ  നിന്നും കരകയറാൻ  സ്വന്തം മകൾ നിങ്ങളിലേക്ക് നീന്തി വന്ന് കൈ നീട്ടുമ്പോൾ “ഇത്  മനോഹരമായ തടാകമാണ് നീന്തി ഉല്ലസിക്കൂ” എന്ന് വീണ്ടും വീണ്ടും അവളെ കുത്തൊഴുക്കിലേക്ക് തള്ളിയിടുമ്പോൾ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാൻ എമ്പാടും പേരുണ്ടാകും. അവർക്കൊന്നും നഷ്ടപ്പെടാനില്ലല്ലോ.
ധനമോ ആരോഗ്യമോ അല്ല നല്ലൊരു ദാമ്പത്യത്തിന്റെ കാതൽ. പരസ്പരം സ്നേഹിച്ചും പൊരുത്തപ്പെട്ടും അംഗീകരിച്ചും ഹൃദ്യമായൊരു ബന്ധമാണത്. വലിയ വീടും വാഹനവും വസ്ത്രങ്ങളും യാത്രകളും  മികച്ച ദാമ്പത്യത്തിന്റെ അടയാളങ്ങൾ ആകണമെന്നില്ല.
പ്രിയപ്പെട്ട രക്ഷിതാവേ വിവാഹിതയാവുന്നതോട് കൂടി നിങ്ങളുടെ മകൾ നിങ്ങൾക്ക് അന്യായാവുന്നില്ല.  ഭർത്താവ് എത്ര പ്രിയപ്പെട്ടവൻ ആയാലും ഏതൊരു ചെറിയ സങ്കടത്തിലും അവൾ ആദ്യമോർക്കുക സ്വന്തം മാതാപിതാക്കളെ ആണ്. ഭർത്താവ് തന്നെ ഉള്ളിൽ പുകച്ചിലുയർത്തുന്ന വലിയൊരു വേദനയാകുമ്പോൾ അവൾ പിന്നെ ആരോടാണ് ഇതൊക്കെ പങ്കുവെക്കുക.
വിവാഹമോചനം എന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാര്യമല്ല.  ചേർന്നുപോകാനുള്ള ശ്രമങ്ങൾ പരമാവധി ഉണ്ടാകുക തന്നെ വേണം. പക്ഷെ സമൂഹത്തിനു ബോധ്യപ്പെടാൻ പറ്റിയ കാരണങ്ങൾ ഇല്ല എന്ന പേരിൽ ഒരിക്കലും പൊരുത്തപ്പെട്ടുപോകാൻ കഴിയാത്ത ദാമ്പത്യത്തിനു മകളെ നിർബന്ധിക്കാതിരിക്കുക. ചിലപ്പോൾ മരണവേളയിൽ പോലും ആ ഖേദം നിങ്ങളെ വേട്ടയാടി കൊണ്ടിരിക്കും. നേരിലറിയുന്ന ചില പെൺജീവിതങ്ങളുടെ  കദനങ്ങൾ അറിയേണ്ടി വന്ന വേദനയിൽ നിന്നാണ് ഈ കുറിപ്പ്.
http://palacharakkukada.blogspot.in