ഈ ദിവസം നമ്മള്‍ നിര്‍ഭയയെ ഓര്‍ത്തിരുന്നോ?; ഡല്‍ഹിയില്‍ മനുഷ്യമൃഗങ്ങള്‍ വേട്ടയാടി കൊന്ന നിര്‍ഭയയുടെ ഓര്‍മകള്‍ക്ക് ഇന്ന് നാല് വര്ഷം

0

ഇന്നായിരുന്നു ആ ദിവസം. ഒരു തെറ്റും ചെയ്യാത്തൊരു പാവം പെണ്‍കുട്ടി ഈ ലോകത്തോട്‌ വിടപറഞ്ഞിട്ട് ഇന്നേക്ക് നാല് വര്ഷം .അതെ നമ്മള്‍ അവളെ അറിയും .അവളെ ലോകം നിര്‍ഭയ എന്ന് വിളിക്കുന്നു. യഥാര്‍ഥ പേര് പലയിടത്തും അച്ചടിച്ചു വന്നിരുന്നു പക്ഷെ അവള്‍ ഇന്ന് അറിയപെടുന്നത് ഡല്‍ഹി ബലാല്‍സംഗത്തിന്റെ ഇര എന്നാണ് .ഡിസംബര്‍ 29ന്റെ തണുത്ത രാത്രിയിലാണ് അവള്‍ ഈ ലോകത്തോട് വിട പറഞ്ഞത്.

ഈ ലോകത്തിന്റെ സകലപാപങ്ങളും അവള്‍ കുറച്ചു ദിവസങ്ങള്‍ കൊണ്ട് ആശുപത്രികിടക്കയില്‍ കിടന്നു അനുഭവിച്ചു തീര്‍ത്തിരുന്നു.മരിക്കുമ്പോള്‍ പോലും അവള്‍ തന്റെ ഉപബോധമനസ്സില്‍ സ്വയം ചോദിച്ചിടുണ്ടാകും ‘ലോകമേ ഞാന്‍ നിന്നോട് എന്ത് തെറ്റാണ് ചെയ്തത് എന്ന് ‘..അതിനു ഉത്തരം നല്‍ക്കാന്‍ ഇന്നും നമ്മള്‍ ബാധ്യസ്തര്‍ ആണ് .പക്ഷെ ….

ഡല്‍ഹി നഗരത്തില്‍ 2012 ഡിസംബര്‍ 16നു രാത്രിയില്‍ സുഹൃത്തിനൊപ്പം ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന അവളെ ഒരു കൂട്ടം കാമവെറിയന്മാര്‍ പിച്ചിചീന്തി.വൈദ്യവിദ്യാര്‍ത്ഥിനിയായിരുന്ന അവള്‍  കൂട്ടബലാത്സംഗത്തിന് ഇരയായ കഥ ഒരിക്കലും ഒരു പെണ്ണും മറക്കില്ല.. ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബര്‍ 29ന് അവള്‍ മരിക്കുകയായിരുന്നു.

സുഹൃത്തിനൊപ്പം  ദക്ഷിണ ഡെല്‍ഹിയിലെ മുനീര്‍ക്കയില്‍ നിന്നും ദ്വാരകയിലേക്ക് പോകാനായി കയറിയ വൈറ്റ്ലൈന്‍ ബസ്സിലാണ് ക്രൂരമായ ഈ സംഭവം നടന്നത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ പാരാമെഡിക്കല്‍ കോഴ്സിനു പഠിക്കുന്ന പെണ്‍കുട്ടി ഡെല്‍ഹിയില്‍ പരിശീലനത്തിനായി വന്നതായിരുന്നു. 2012 ഡിസംബര്‍ 16ന് ദക്ഷിണ ഡെല്‍ഹിയിലുള്ള സാകേത് സെലക്ട് സിറ്റി വാക്ക് തിയറ്ററില്‍ സിനിമകണ്ടതിനുശേഷം പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഒപ്പം പോയതായിരുന്നു സുഹൃത്ത്. ബസ്സിലുണ്ടായിരുന്ന ആറുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ശല്യം ചെയ്യാന്‍ തുടങ്ങി. ഇതിനെ ചോദ്യചെയ്ത സുഹൃത്തിനെ അക്രമികള്‍ യാതൊരു ദയയുമില്ലാതെ ഇരുമ്പു ദണ്ഡുകൊണ്ട് അടിച്ചവശനാക്കി. അതിനുശേഷം ഇവര്‍ പെണ്‍കുട്ടിക്കു നേരെ തിരിയുകയും, ചെറുത്തുനിന്ന പെണ്‍കുട്ടിയെ ഇരുമ്പു വടികൊണ്ട് തല്ലുകയും ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍വെച്ച് അവരെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു.അവള്‍ അനുഭവിച്ച കൊടിയ പീഡനങ്ങളുടെ കഥ അന്ന് മാധ്യമങ്ങളില്‍ പ്രധാനവാര്‍ത്തയായിരുന്നു.ചങ്ക്പറിക്കുന്ന വേദനയോടെ അല്ലാതെ മനസാക്ഷി ഉള്ള ഒരാള്‍ക്കും അത് വായിച്ചു നില്‍ക്കാന്‍ കഴിയില്ലായിരുന്നു .

ഇന്നും അവളെ ഇല്ലാതാക്കിയ നീചന്മാര്‍ ഈ ലോകത്ത് ബാക്കിയുണ്ട് .അര്‍ഹതയില്ല ഇത്തരം വര്‍ഗ്ഗങ്ങള്‍ക്ക് സമൂഹത്തില്‍ ജീവിക്കാന്‍ എങ്കിലും ..നിയമത്തിന്റെ നൂലാമാലകളില്‍ അവറ്റകള്‍ ജീവിക്കുന്നു .ഇനിയൊരു നിര്‍ഭയ ഈ ലോകത്ത് ഉണ്ടാകരുത് എന്ന് അന്ന് പലരും പറഞ്ഞു .പക്ഷെ പിന്നെയും ഉണ്ടായി ഒരായിരം നിര്‍ഭയമാര്‍ …! വേട്ടക്കാരനും വേട്ടയാടപെട്ടവനും നിയമങ്ങള്‍ രണ്ടാണല്ലോ …