ഓസ്കാര്‍ 2017; മികച്ച ചിത്രംമൂണ്‍ലൈറ്റ്

0

2017-ലെ ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബാരി ജെങ്കിന്‍സ് സംവിധാനം ചെയ്ത ‘മൂണ്‍ലൈറ്റ്’ ആണു മികച്ച ചിത്രം. മാഞ്ചസ്റ്റര്‍ ബൈ ദി സീ എന്ന ചിത്രത്തിലെ അഭിനയത്തിനു കെയ്സി അഫ്ലിക്ക് മികച്ച നടനുളള പുരസ്കാരം സ്വന്തമാക്കി. ‘ലാ ലാ ലാന്‍ഡ്’എന്ന റൊമാന്റിക് ചിത്രത്തിലെ മിയ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ എമ്മ സ്റ്റോണാണു മികച്ച നടി.

ലാ ലാ ലാന്‍ഡിന്റെ സംവിധായകന്‍ ഡാമിയന്‍ ചസേലാണു മികച്ച സംവിധായകന്‍. ലാ ലാന്‍ഡിന്റെ ക്യാമറാമാന്‍ ലിനസ് സാന്ഡ്ഗ്രന്‍ മികച്ച സിനിമാട്ടോഗ്രാഫര്‍ക്കുളള പുരസ്കാരവും സ്വന്തമാക്കി.മികച്ച പശ്ചാത്തല സംഗീതം (ജസ്റ്റിന്‍ ഹര്‍വിട്സ്), മികച്ച ഗാനം (സിറ്റി ഓഫ് സ്റ്റാര്‍സ്; സംഗീതം ജസ്റ്റിന്‍ ഹര്‍വിട്സ്, വരികള്‍: ബെഞ്ച് പസെക് &ജസ്റ്റിന്‍ പോള്‍), മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ ( ഡെവിഡ് വാസ്കോ &സാന്‍ഡി റെയ്നോള്‍ഡ്സ്)എന്നിവയാണു ലാ ലാ ലാന്‍ഡ് സ്വന്തമാക്കിയ മറ്റു പുരസ്കാരങ്ങള്‍.

അവാര്‍ഡ് പ്രഖ്യാപനത്തിനിടെ മികച്ച ചിത്രം ‘ലാ ലാ ലാന്‍ഡ് ‘എന്ന് തെറ്റായി അനൌണ്‍സ് ചെയ്തത് കാണികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി.മികച്ച ചിത്രസംയോജനത്തിനുളള പുരസ്കാരം ലഭിച്ചത് ‘ഹക്സോ റിഡ്ജ്’എന്ന ചിത്രത്തിന്റെ എഡിറ്റര്‍ ജോണ്‍ ഗില്‍ബര്‍ട്ടിനാണു.മികച്ച തിരക്കഥയ്ക്കുളള പുരസ്കാരം മാഞ്ചസ്റ്റര്‍ ബൈ ദി സീയുടെ തിരക്കഥാകൃത്ത് കെന്നത്ത് ലോനര്‍ഗന്‍ സ്വന്തമാക്കി. മികച്ച ആവിഷ്കൃത തിരക്കഥയ്ക്കുളള പുരസ്കാരം ലഭിച്ചത് മൂണ്‍ലൈറ്റിന്റെ തിരക്കഥയെഴുതിയ ബാരി ജെങ്കിന്‍സിനാണു. ടാറല്‍ അല്‍വിന്‍ മക് ക്രാണെ രചിച്ച ‘മൂണ്‍ലൈറ്റ് ബ്ലാക്ക് ബോയ്സ് ലുക്ക് ബ്ലൂ’ എന്ന നാടകത്തെ അടിസ്ഥാനമാക്കിയാണു ജെന്‍കിന്‍സ് ഈ തിരക്കഥ രചിച്ചത്.

വെറുപ്പിന്റെ പ്രത്യശാസ്ത്രങ്ങള്‍ക്കെതിരേ സന്ദേശവുമായെത്തിയ ‘സൂട്ടോപ്പിയ’ ആണു മികച്ച അനിമേഷന്‍ സിനിമ.അസ്ഗര്‍ ഫര്‍ഹാദി സംവിധാനം ചെയ്തഇറാനിയന്‍ സിനിമയായ ദി സെയില്‍സ് മാന്‍ ആണ് മികച്ച അന്യഭാഷാ ചിത്രം.പ്രശസ്ത അമേരിക്കന്‍ ഫുട്ബോള്‍ പ്ലേയറും നടനുമായിരുന്ന ഓ ജെ സിംപ്സണിന്റെ സങ്കീര്‍ണ്ണമായ ജീവിതകഥ പറയുന്ന ‘ഓ ജെ : മെയ്ഡ് ഇന്‍ അമേരിക്ക’യാണു മികച്ച ഫീച്ചര്‍ ഡൊക്യുമെന്ററി.സിറിയന്‍ ആഭ്യന്തര യുദ്ധത്തിനിടയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഒരു കൂട്ടം സന്നദ്ധ സേവകരുടെ കഥ പറയുന്ന ദി വൈറ്റ് ഹെല്‍മറ്റ്സ് ആണ് മികച്ച ഹ്രസ്വ ഡൊക്യുമെന്ററി.

മറ്റു പുരസ്കാരങ്ങള്‍ താഴെപ്പറയും പ്രകാരമാണു:

മികച്ച സഹനടന്‍ : മഹേര്‍ഷല അലി ( ചിത്രം: മൂണ്‍ലൈറ്റ്)

മികച്ച സഹനടി :വയോള ഡേവിസ് ( ചിത്രം: ഫെന്‍സസ്)

മികച്ച വസ്ത്രാലങ്കാരം : കോളീന്‍ അറ്റ് വുഡ്

(ചിത്രം:ഫന്റാസ്റ്റിക് ബീസ്റ്റ്സ് ആന്‍ഡ് വെയര്‍ ടു ഫൈന്ഡ് ദെം)

മികച്ച മേയ്ക്ക് അപ്പ്/കേശാലങ്കാരം :അലസ്സാന്‍ഡ്രോ ബര്‍ത്തലോസി,ജ്യോര്‍ജ്ജിയോ ഗ്രിഗോറിനി,ക്രിസ്റ്റഫര്‍ നെല്‍സണ്‍(ചിത്രം: സൂയിസൈഡ് സ്ക്വാഡ്)

മികച്ച ഹ്രസ്വചിത്രം :സിംഗ്

മികച്ച അനിമേറ്റഡ് ഹ്ര്വസ്വ ചിത്രം : പൈപ്പര്‍

സൌണ്ട് എഡിറ്റിംഗ് : സില്‍വിയന്‍ ബെല്ലമാരെ(ചിത്രം: അറൈവല്‍)

സൌണ്ട് മിക്സിംഗ് :കെവിന്‍ ഓ കേണല്‍, ആന്‍ഡി റൈറ്റ്, റൊബര്‍ട്ട് മക്കെന്‍സീ,പീറ്റര്‍ ഗ്രെയ്സ്(ചിത്രം: ഹക്സോ റിഡ്ജ്)

വിഷ്വല്‍ എഫക്ട്സ് : റൊബര്‍ട്ട് ലെഗാതോ,ആദം വല്‍ദെസ്,ആന്‍ഡ്രൂ ആര്‍ ജോണ്‍സ്, ഡാന്‍ ലെമണ്‍( ചിത്രം: ജംഗിള്‍ ബുക്ക്)