ഇനിയില്ല ആ ‘പെയിന്റ്’; 32 വര്‍ഷങ്ങള്‍ക്ക് ശേഷം മൈക്രോസോഫ്റ്റ് പെയിന്റ് നിർത്തലാക്കുന്നു

0

അങ്ങനെ കമ്പ്യൂട്ടര്‍ പ്രേമികള്‍ വേദനയോടെ ആ വാര്‍ത്ത കേള്‍ക്കേണ്ടി വന്നു. കമ്പ്യൂട്ടറിന്റെ തുടക്കകാലത്തെ ഏറ്റവും ജനപ്രിയ പ്രോഗ്രാമുകളിലൊന്നായ മൈക്രോസോഫ്റ്റ് പെയിന്റ് സേവനം അവസാനിപ്പിക്കുന്നു.

1985ല്‍ ആരംഭിച്ച പെയിന്റിന് ഇപ്പോള്‍ വയസ്സ് മുപ്പത്തിരണ്ട്. ചരിത്രപ്രസിദ്ധമെന്ന് വിശേഷിപ്പിക്കാവുന്ന തങ്ങളുടെ പെയിന്റ് ആപ് അവസാനിപ്പിക്കുവാന്‍ മൈക്രോസോഫ്റ്റ് തയ്യാറെടുക്കുകയാണ്. വിന്‍ഡോസ് 10ല്‍ പെയിന്റ് ആപ് ഇനി അധികകാലം ഇല്ല.

കമ്പ്യൂട്ടറിന്റെ ആദ്യാക്ഷരങ്ങള്‍ പഠിക്കാന്‍ ഇരുന്ന കാലത്തെ ഏറ്റവും പ്രിയപ്പെട്ട പ്രോഗ്രാം ആയിരുന്നു മിക്കവര്‍ക്കും പെയിന്റ്. 1985ലാണ് പെയിന്റ് മൈക്രോസോഫ്റ്റ് ഉള്‍പ്പെടുത്തുന്നത്. സെഡ് സോഫ്റ്റ് കോര്‍പ്പറേഷനാണ് പെയിന്റ് ബ്രഷിന്റെ ലൈസന്‍സ്ഡ് വേര്‍ഷന്‍ വികസിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം 3ഡി പെയിന്റ് സംവിധാനം മൈക്രോസോഫ്റ്റ് പുറത്തുവിട്ടിരുന്നു. സ്റ്റിക്കറുകളും 2ഡി ചിത്രങ്ങളും ഉള്‍പ്പെടുത്താനാവുന്ന വിധത്തിലായിരുന്നു 3ഡി പെയിന്റ് ആപ്.

വിന്‍ഡോസിന്റെ ആദ്യ ഡ്രോയിംഗ് – പിക്ചര്‍ എഡിറ്റിംഗ് സോഫ്റ്റ്വെയറായിരുന്നു എംഎസ് പെയ്ന്റ്.  മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ അപ്ഡേറ്റായ വിന്‍ഡോസ് 10 ല്‍ നിന്നാണ് പെയിന്റ് ഒഴിവാക്കുക. എംഎസ് പെയ്ന്റിനൊപ്പം ഔട്ട്ലുക്ക് എക്സ്പ്രസ്, റീഡര്‍ ആപ്പ്, റീഡിംഗ് ലിസ്റ്റ് എന്നിവയും വിന്‍ഡോസ് 10ല്‍ നിന്ന് ഒഴിവാക്കുന്ന ഫീച്ചേഴ്‌സിന്റെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.