ഇതാ ഒരു തമിഴ് മാതൃക; ഇന്ന് മുതല്‍ തമിഴ്‌നാട്ടില്‍ പെപ്‌സി, കൊക്കക്കോള ഉത്പന്നങ്ങള്‍ വില്‍ക്കില്ല

0

കൊക്കോകോളക്കെതിരെ ഐതിഹാസികമായ പോരാട്ടം നടത്തുന്ന ഒരു ജനത തന്നെയുണ്ട് കേരളത്തില്‍. . പ്ലാച്ചിമടയില്‍ . .നീതിക്കുവേണ്ടിയുള്ള അവരുടെ കണ്ണീരിനൊപ്പം നില്‍ക്കാന്‍ കഴിയാത്ത വ്യാപാരി സംഘടനകള്‍ നോക്കണം തമിഴകത്തേക്ക്. അവിടെ ഇന്നു മുതല്‍ പെപ്‌സിയുടെയും കൊക്കക്കോളയുടെയും ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കാണ്.തമിഴ്നാട് കാട്ടിതരുന്നത് ഒരു വലിയ മാതൃകയാണ് .നാടിന്റെ ഉത്‌പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ഒരു മാതൃക .

തമിഴ്‌നാട് വണികര്‍ കൂട്ടമൈപ്പ് പേരവൈ, തമിഴ്‌നാട് ട്രേഡേഴ്‌സ് ഫെഡറേഷന്‍ എന്നീ സംഘടനകളാണ് കൊക്കക്കോള, പെപ്‌സി ഉത്പന്നങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയത്.സംഘടനയില്‍ അംഗങ്ങളായ വ്യാപാരികളോട് പെപ്‌സി, കൊക്കക്കോള ഉത്പന്നങ്ങള്‍ മാര്‍ച്ച് ഒന്ന് മുതല്‍ കടകളില്‍ വില്പന നടത്തരുതെന്ന് നേരത്തേ ഇവര്‍ നിര്‍ദേശം നല്‍കിയിരുന്നു. സംഘടനയില്‍ 15 ലക്ഷം വ്യാപാരികള്‍ അംഗങ്ങളാണ്. കടുത്ത വരള്‍ച്ച മൂലം കര്‍ഷകര്‍ ദുരിതത്തില്‍ കഴിയുമ്പോള്‍ ജലം ഊറ്റിയെടുത്ത് ശീതളപാനീയങ്ങള്‍ ഉത്പാദിപ്പിച്ച് ചൂഷണം നടത്തുന്നത് തടയുകയെന്ന ലക്ഷ്യംകൂടി ഇതിനുപിന്നിലുണ്ട്. ഉത്പന്നങ്ങളില്‍ വിഷാംശമുള്ളതായി പരിശോധനകളില്‍ വ്യക്തമായ സ്ഥിതിക്ക് ഇത് വില്‍ക്കുന്നത് കുറ്റകരമാണെന്നാണ് സംഘടനയുടെ നിലപാട്.

തങ്ങളുടെ അറിയിപ്പുലംഘിച്ച് പെപ്സി, കോള ഉത്പന്നങ്ങള്‍ വില്ക്കുന്നതായി കണ്ടെത്തിയാല്‍ കടയുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യാപാരിവ്യവസായി സംഘടന മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.യുവജനത നയിച്ച ജെല്ലിക്കെട്ട് പ്രക്ഷോഭത്തോടനുബന്ധിച്ചാണ് തമിഴ്നാട്ടില്‍ പെപ്സി, കൊക്കക്കോള ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനമുയര്‍ന്നത്. ഉല്‍പന്നങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടുള്ള പ്രതിജ്ഞയും പ്രക്ഷോഭത്തിനിടെ എടുത്തിരുന്നു. സംസ്ഥാനത്തെ ഭൂഗര്‍ഭജലം ഇത്തരം കമ്പനികള്‍ ഊറ്റിയെടുക്കുകയാണെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു.കച്ചവട താല്‍പര്യം മാത്രം മുന്നില്‍ കണ്ട് സംഘടനകളെയും ‘വ്യാപാരമാക്കുന്ന’ കേരളത്തിലെ വ്യാപാര വ്യവസായികളുടെ സംഘടനകള്‍ക്ക് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ പറ്റാത്തതാണ് തമിഴ്‌നാട്ടിലെ വ്യാപാര സംഘടനകളുടെ ഈ മാതൃക.