‘പഴ്‌സീയസ് ഷോ’ കാണാന്‍ ഒരുങ്ങിയിരുന്നോളൂ ;മണിക്കൂറില്‍ ഇരുനൂറോളം ഉല്‍ക്കകള്‍ ആകാശത്തു പായുന്ന അപൂര്‍വ ദൃശ്യം ഓഗസ്റ്റ് 12ന്

0

മണിക്കൂറില്‍ ഇരുനൂറോളം ഉല്‍ക്കകള്‍ ആകാശത്തു പായുന്ന മായകാഴ്ച കാണണോ?എങ്കില്‍ ഓഗസ്റ്റ്‌ 12 വരെ കാത്തിരിക്കൂ . ഓഗസ്റ്റ് 12ന് അര്‍ധരാത്രി മുതല്‍ 13ന് നേരം പുലരും വരെയാണ് ഈ അപൂര്‍വ ദൃശ്യം .

പഴ്‌സീയസ് ഉല്‍ക്കമഴ എന്നാണു ഈ പ്രതിഭാസത്തിന്റെ പേര് .ഓരോ പ്രദേശത്തിന്റെ പ്രത്യേകതയനുസരിച്ച് മണിക്കൂറില്‍ 60 മുതല്‍ 200 ഉല്‍ക്കകള്‍ വരെയായിരിക്കും മാനത്ത് മിന്നിമറയുക. നാസയുടെ കണക്കുകൂട്ടല്‍ പ്രകാരം ഏറ്റവും നന്നായി ഉല്‍ക്കാവര്‍ഷം കാണാവുന്നയിടങ്ങളിലൊന്ന് ഇന്ത്യയാണ്. മഴ പെയ്യുന്നതിനെപ്പറ്റി പ്രവചനം നടത്തുന്നതു പോലെ ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ഷണബലം ഉള്‍പ്പെടെ പരിശോധിച്ച് ഉല്‍ക്കാവര്‍ഷം എത്രമാത്രമുണ്ടാകുമെന്ന് പ്രവചിക്കുന്ന രീതിയിലൂടെ വിശകലനം ചെയ്താണ് നാസ ഇത്തവണത്തെ ‘ഉഗ്രന്‍’ കാഴ്ചയെപ്പറ്റി അറിയിപ്പു നല്‍കിയത്. ഓരോ 133 വര്‍ഷം കൂടുമ്പോഴും സൗരയൂഥത്തിലൂടെ സൂര്യനെ ചുറ്റി സ്വിഫ്റ്റ്ടട്ട്ല്‍ എന്ന ഭീമന്‍ വാല്‍നക്ഷത്രം കടന്നു പോകാറുണ്ട്. അന്നേരം അതില്‍ നിന്നു തെറിച്ചു പോകുന്ന മഞ്ഞും പൊടിപടലങ്ങളുമെല്ലാം സൗരയൂഥത്തില്‍ത്തന്നെ തങ്ങി നില്‍ക്കും. വര്‍ഷത്തിലൊരിക്കല്‍ ഭൂമിയുടെ അന്തരീക്ഷം ഈ അവശിഷ്ടങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുമ്പോഴാണ് പഴ്‌സീയസ് ഉല്‍ക്കാവര്‍ഷം ഉണ്ടാകുന്നത്.

അന്തരീക്ഷവുമായി സമ്പര്‍ക്കമുണ്ടാകുന്നതോടെ കത്തിജ്വലിക്കുന്ന ആ വസ്തുക്കളാണ് ഉല്‍ക്കാവര്‍ഷമായി നാം കാണുന്നത്. സെക്കന്‍ഡില്‍ 60.കി.മീ. വേഗത്തിലാണ് ഉല്‍ക്കകളുടെ വരവ്. വാനില്‍ പഴ്‌സീയസ് എന്ന നക്ഷത്രസമൂഹം നിലനില്‍ക്കുന്ന സ്ഥാനത്തു നിന്ന് വരുന്നതിനാലാണ് അതിന്റെ പേരില്‍ത്തന്നെ ഉല്‍ക്കാവര്‍ഷം അറിയപ്പെടുന്നത്.www.utsream.tv/channel/nasa-msfc എന്ന വെബ്‌സൈറ്റില്‍ ഉല്‍ക്കാവര്‍ഷത്തിന്റെ ലൈവ് സ്ട്രീമിങ് കാണാം.