ലേലം വിളി ഉള്‍പ്പടെയുള്ള എല്ലാം ഓണ്‍ലൈനില്‍; പ്രവാസികള്‍ക്കായുള്ള കെഎസ്എഫ്ഇ ചിട്ടി ഡിസംബറില്‍

1

പ്രവാസികള്‍ക്കായുള്ള കെ എസ് എഫ് ഇയുടെ ചിട്ടി ഡിസംബറില്‍. ചിട്ടി രജിസ്ട്രേഷന്‍ മുതല്‍ ലേലം വിളിക്കല്‍ ഉള്‍പ്പടെയുള്ള എല്ലാം ഓണ്‍ലൈനായി നടത്താം എന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് കെ എസ് എഫ് ഇ ചെയര്‍മാന്‍ അറിയിച്ചു. ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച കെ എസ് എഫ് ഇയുടെ പ്രവാസി ചിട്ടിയാണ് ഡിസംബറില്‍ ആരംഭിക്കുന്നത്. നിലവില്‍ മറ്റൊരു രാജ്യത്തെ വിസ ഉള്ളവര്‍ക്കാണ് ഈ ചിട്ടിയില്‍ ചേരാനുള്ള അവസരം.

ചിട്ടി രജിസ്ട്രേഷന്‍, വരിക്കാരെ ചേര്‍ക്കല്‍, പ്രതിമാസ തവണ അടയ്ക്കല്‍, ലേലം വിളിക്കല്‍, ലേലത്തുക നല്‍കല്‍ എന്നിവയെല്ലാം ഓണ്‍ലൈന്‍ ആയിട്ടായിരിക്കും നടത്തുക. ഇതിനായി പ്രത്യേക സോഫ്‌റ്റ്‌വെയര്‍ തയ്യാറാക്കിയിട്ടുണ്ട്. വിവിധ പ്രവാസി സംഘടനകള്‍ക്കും ധന വിനിമയ സ്ഥാപനങ്ങള്‍ക്കും ചിട്ടിയിലേക്ക് ആളുകളെ ചേര്‍ക്കുന്നതിനുള്ള അധികാരം നല്‍കാനണ് കെ എസ് എഫ് ഇയുടെ തീരുമാനം. ചിട്ടിയില്‍ ചേരുന്നവര്‍ക്കെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. ചിട്ടി വരിക്കാരന് മരണമോ അപകടം മൂലം പൂര്‍ണ്ണ അംഗവൈകല്യമോ സംഭവിച്ചാല്‍ ചിട്ടിയുടെ തുടര്‍ തവണകള്‍ അടയ്ക്കേണ്ട. കിഫ്ബിയുമായി സഹകരിച്ചാണ് പ്രവാസി ചിട്ടികള്‍ ആരംഭിക്കുന്നത്.