റയീസ് – സിനിമക്കൊപ്പം കൂട്ടി വായിക്കേണ്ട ചില യാഥാർഥ്യങ്ങൾ

2

ഗുജറാത്തിന്റെ ഭൂപടവും സംസ്ക്കാരവും ചരിത്രവുമൊക്കെ വേണ്ട പോലെ പഠിച്ച ഒരു സംവിധായകനാണ് രാഹുൽ ധൊലാകിയ. 2002 ൽ ജിമ്മി ഷെർഗിലിനെ നായകനാക്കി കൊണ്ട് ‘കഹ്താ ഹേ ദിൽ ബാർ ബാർ’ ലൂടെയായിരുന്നു അദ്ദേഹത്തിന്റെ സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റമെങ്കിലും ഒരു സംവിധായകനെന്ന നിലയിൽ രാഹുൽ ധൊലാകിയ ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയനാകുന്നത് അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമ ‘പർസാനിയ’യിലൂടെയാണ്. 2002 ലെ ഗുജറാത്ത് വംശഹത്യയെ ആധാരമാക്കിയ ‘പർസാനിയ’ 2005 ലെ മികച്ച സംവിധായകനുള്ള അവാർഡ് രാഹുലിനും മികച്ച നടിക്കുള്ള അവാർഡ് സരികക്കും നേടിക്കൊടുക്കുകയുണ്ടായി. അത് കൊണ്ടൊക്കെ തന്നെയായിരിക്കാം കാലങ്ങൾക്കു ശേഷം വീണ്ടും ഗുജറാത്ത് പശ്ചാത്തലമാക്കി ഷാരുഖിനെ മുൻനിർത്തി കൊണ്ട് ഒരു കഥ പറയുമ്പോൾ അറിയാതെയെങ്കിലും പ്രേക്ഷകർ ‘റയീസി’ൽ നിന്നും ചില നീതികളൊക്കെ പ്രതീക്ഷിച്ചു പോയത്. ഒരു വാണിജ്യ സിനിമ എന്ന നിലക്ക് അതിൽ ചേർക്കേണ്ട ചേരുവകൾ കൃത്യമായി ചേർക്കുമ്പോഴും കഥാപാത്ര സൃഷ്ടികളിലും അവതരണ ശൈലിയിലും പുതുമ കൊണ്ട് വരാൻ റയീസിന് സാധിച്ചില്ല എന്ന് തന്നെ പറയേണ്ടി വരും. Happy New Year (2014), Dilwale (2015), Fan (2016) എന്നിവയായിരുന്നു ഷാരൂഖ് ഖാന്റെ കഴിഞ്ഞ മൂന്നു വർഷത്തെ സിനിമകൾ. ഇപ്പറഞ്ഞ സിനിമകളിൽ നിന്നെല്ലാം ഷാരൂഖ് ഖാൻ എന്ന നടനെ കണ്ടു കിട്ടിയതാകട്ടെ ‘ഫാനി’ ൽ നിന്ന് മാത്രവുമായിരുന്നു. നടനെന്ന നിലയിൽ ഷാരൂഖിന്റെ ഇത് വരെ കണ്ടിട്ടില്ലാത്ത പ്രകടന മികവ് ഉറപ്പു തരുന്ന ഒരു സിനിമ കൂടിയാകും റയീസ് എന്ന സൂചനകളോടെയായിരുന്നു സിനിമയുടെ മാർക്കറ്റിങ്ങ്. എന്നാൽ പതിവ് ഡോൺ സങ്കൽപ്പങ്ങളെ വാർപ്പ് മാതൃകയിൽ അവതരിപ്പിക്കാൻ തന്നെയാണ് റയീസും ശ്രമിക്കുന്നത്. അവതരണത്തിലെ പുതുമയില്ലായ്മകളും സ്ഥിരം നായക പരിവേഷങ്ങളും കൊണ്ടൊക്കെ മുഷിവു സമ്മാനിപ്പിക്കുമ്പോഴും കൂട്ടി വായിക്കേണ്ട ചില യാഥാർഥ്യങ്ങളെ ഉൾക്കൊള്ളിക്കാനും പശ്ചാത്തലമാക്കാനും റയീസിനു സാധിച്ചിട്ടുണ്ട് എന്നത് കൂടെ പറയേണ്ടി വരും. ആ ഒരു തലത്തിൽ വായിച്ചെടുക്കുമ്പോൾ മാത്രമാണ് റയീസ് തീർത്തും കൊമേഴ്സ്യൽ സിനിമ അല്ലാതാകുന്നതും.

സിനിമയുടെ കഥയും അതിലെ കഥാപാത്രങ്ങളും സാങ്കൽപ്പികമാണെന്നും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു വിധ ബന്ധവുമില്ല എന്നാദ്യമേ പറയുന്നുണ്ടെങ്കിലും റയീസ് എന്ന ഷാരൂഖ് ഖാൻ കഥാപാത്രം ഗുജറാത്തിൽ 1980-90 കാലങ്ങളിൽ ഉയർന്നു വന്ന അബ്ദുൽ ലത്തീഫ് എന്ന ക്രിമിനലിന്റെ ജീവിത യാത്രയെയാണ് പിൻ പറ്റുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ക്രിമിനലായ അബ്ദുലത്തീഫിനെ നന്മ മുഖമുള്ളവനായി അവതരിപ്പിക്കുകയാണ് ‘റയീസ്’. അബ്‌ദുൾ ലത്തീഫ് തന്റെ കുട്ടിക്കാലം തൊട്ടേ പുകയില വിൽപ്പനയും മറ്റുമായി സജീവമായിരുന്നു. കൂടുതൽ പണമുണ്ടാക്കാനുള്ള വ്യഗ്രതയിൽ സ്വന്തം അച്ഛനുമായി തെറ്റി പിരിഞ്ഞ ശേഷമാണ് അയാൾ ഇരുപതാം വയസ്സിൽ കൂടിയ ഇനം നിയമ വിരുദ്ധ കച്ചവടങ്ങളിൽ പങ്കു ചേരുന്നതും അത് വഴി കുപ്രസിദ്ധി ആർജ്ജിക്കുന്നതും. സിനിമയിലാകട്ടെ അമ്മയിൽ നിന്ന് പകർന്നു കിട്ടുന്ന ധൈര്യത്തിലും മനസ്സിൽ പതിഞ്ഞു പോയ അമ്മയുടെ ഉപദേശ വാക്കുകളുടെ പ്രേരണയിലുമൊക്കെയാണ് റയീസ് മദ്യ വിൽപ്പന രംഗത്തേക്ക് എത്തിച്ചേരുന്നത്. ഒരു വ്യാപാരത്തേയും മോശമായി കാണേണ്ടതില്ല, വ്യാപാരത്തിന് ഏതു ശരിയെന്നു തോന്നുന്നോ അതിനെ ശരിയായും ഏതു തെറ്റെന്നു തോന്നുന്നോ അത് തെറ്റായും കാണുക എന്നതിനപ്പുറത്തേക്ക് ഒന്നും ചിന്തിക്കേണ്ടതില്ല എന്നൊക്കെയുള്ള ചിന്തകളിലൂടെയാണ് റയീസ് പിന്നീട് തന്റെ നിയമവിരുദ്ധതകളെ ന്യായീകരിക്കുകയും കുറ്റബോധമില്ലാതെ പ്രവർത്തിച്ചു കൊണ്ട് ശക്തിയാർജ്ജിക്കുകയും ചെയ്യുന്നത്.

രാഷ്ട്രീയ നേതാക്കളുമായും പോലീസുകാരുമായും മറ്റു കള്ള കച്ചവടക്കാരുമായും ബന്ധം സ്ഥാപിക്കുക വഴി കുറഞ്ഞ കാലയളവിൽ തന്നെ തന്റെ ബിസിനസ് സാമ്രാജ്യം വലുതാക്കാനും ശക്തിപ്പെടുത്താനും അബ്ദുൽ ലത്തീഫിന് സാധിച്ചിരുന്നു. ഇതേ കാലയളവിൽ തന്നെ ദാവൂദ് ഇബ്രാഹിമുമായി കൊമ്പ് കോർക്കാൻ മാത്രം ധൈര്യം കാണിച്ച ഒരാളെന്ന നിലക്കും അബ്ദുൽ ലത്തീഫ് ശ്രദ്ധിക്കപ്പെടുകയുണ്ടായി. എൺപതുകളുടെ തുടക്കത്തിൽ ദാവൂദ് ഇബ്രാഹിമുമായി ഏറ്റുമുട്ടനായി ലത്തീഫിന് സ്വന്തമായൊരു ഗാങ് പോലും ഉണ്ടാക്കേണ്ടി വന്നതായി റിപ്പോർട് ചെയ്തിരുന്നു. 1992 ൽ അഹമ്മദാബാദിൽ അബ്ദുൽ ലത്തീഫിന്റെ ഗാങ്ങ് നടത്തിയ കൂട്ടക്കൊലയെ കുറിച്ച് സിനിമ പ്രതിപാദിക്കുന്നില്ലെങ്കിലും സിനിമയിൽ റയീസിന്റെ പ്രതികാര ദൗത്യത്തിന്റെ ഭാഗമായി നടക്കുന്ന കൊലപാതകങ്ങളുണ്ട്. രാധിക ജിംഖാന കൊലക്കേസിൽ പറയുന്നത് പ്രകാരം ഹൻസ് രാജ് ത്രിവേദിയെ കൊല ചെയ്യാനായി പോയവർക്ക് ആളെ തിരിച്ചറിയാൻ സാധിക്കാതെ വന്നപ്പോൾ അവിടെ സമയത്തുണ്ടായ ഒൻപതു പേരെയും കൊല്ലേണ്ടി വന്നു എന്നാണ്. ഹൻസ് രാജിന്റെ കൊലപാതകത്തിന് ബദലായി സിനിമയിൽ റയീസിനു കൊല്ലേണ്ടി വരുന്നതാകട്ടെ മദ്യവിൽപ്പനയിൽ കുട്ടിക്കാലം തൊട്ടു തന്റെ റോൾ മോഡലായി കണ്ട ജയരാജിനെയുമായിരുന്നു. ജയരാജിനെയും കൂട്ടരെയും കൊല്ലേണ്ടി വരുന്നത് സിനിമയിൽ സാധൂകരിക്കപ്പെടുന്നു എന്നത് കൊണ്ട് തന്നെ അതൊന്നും ഒരു ഭീകരതയായി അനുഭവപ്പെടുത്തുന്നില്ല എന്ന് മാത്രം.

കള്ളക്കച്ചവടങ്ങൾക്കും അപ്പുറം കിഡ്‌നാപ്പിംഗും കൊലപാതകങ്ങളും കലാപങ്ങളും മറ്റുമായി ഒരു പക്കാ ക്രിമിനലിന്റെ ലേബല് കൂടിയായപ്പോൾ അബ്ദുൾ ലത്തീഫ് ഒരേ സമയം സർക്കാരിന്റെയും മറ്റു ഗാങ്ങുകളുടെയും നോട്ടപ്പുള്ളിയായി മാറുകയുണ്ടായി. ദാവൂദുമായുള്ള കൈകോർക്കലിന് ശേഷമാണ് RDX വിതരണവുമായി ബന്ധപ്പെട്ട കേസുകൾ ഉണ്ടാകുന്നത്. 1993 ലെ ബോംബൈ സ്ഫോടന കേസടക്കം ഇരുന്നൂറിലധികം കേസുകളിൽ പ്രതി ചേർക്കപ്പെട്ട അബ്ദുൽ ലത്തീഫ് സിനിമയിൽ അപ്പറഞ്ഞ കേസുകളിലെല്ലാം നിരപരാധിയായാണ് അവതരിപ്പിക്കപ്പെടുന്നത്. കള്ളക്കടത്തിലും മറ്റും മാത്രം തൽപ്പരനായ റയീസ് ബോംബേ സ്‌ഫോടനക്കേസിൽ പ്രതി ചേർക്കപ്പെടുന്നത് ബിസിനസ് രംഗത്തു നിന്ന് സംഭവിക്കുന്ന ചതിയിലൂടെയാണ്. മാത്രവുമല്ല റയീസ് നടത്തിയ കൊലപാതകങ്ങൾ അയാളുടെ ജീവന് നേരെയുള്ള ആക്രമണങ്ങളെ ചെറുക്കാൻ ശ്രമിക്കുമ്പോൾ മാത്രം സംഭവിച്ചു പോകുന്നതുമാണ്. സത്യം എന്തുമാകാം എന്ന നിലക്ക് സംവിധായകൻ സിനിമയിൽ സാങ്കൽപ്പികമായി ഉയർത്തിയ അത്തരം ചില സംശയങ്ങളെ പാടെ നിരസിക്കേണ്ടതുമില്ല. അബ്ദുൾ ലത്തീഫ് പാവപ്പെട്ടവർക്കും താഴേക്കിടയിലുള്ളവർക്കും വേണ്ടി ഒരുപാട് പണം ചിലവാക്കിയിരുന്നു എന്നത് കൊണ്ട് തന്നെ അവരുടെയെല്ലാം കണ്ണിൽ അയാൾക്ക് എന്നും രക്ഷകന്റെ രൂപം മാത്രമേ ഉണ്ടായിട്ടുള്ളൂ. സത്യത്തിൽ റയീസ് എന്ന നായക സങ്കൽപ്പം പോലും ലത്തീഫിനോടുള്ള അവരുടെ ഒരു കാഴ്ചപ്പാടിന് പ്രാധാന്യം കൊടുത്തു കൊണ്ടുണ്ടാക്കിയതാണ്. അത് കൊണ്ട് തന്നെ പഴയ ഡോണിലും,ദളപതിയിലും,നായകനിലുമൊക്കെ കണ്ടു പരിചയിച്ച സ്ഥിരം സിനിമാ സങ്കൽപ്പങ്ങളുടെ ആവർത്തനമായി മാറുന്നു റയീസ്.

രാഷ്ട്രീയക്കാരുടെ ചതികളിൽ പെട്ട് റയീസ് ജയിലിൽ അടക്കപ്പെടുന്നതും ജയിലിൽ കിടന്നു കൊണ്ട് ഇലക്ഷൻ ജയിക്കുന്നതുമൊക്കെ യാഥാർഥ്യ ബോധത്തോടെ തന്നെ കാണേണ്ട സഭവങ്ങളാണ്. പഴയ കാല സജീവ RSS പ്രവർത്തകനും BJP നേതാവുമൊക്കെയായ ശങ്കർ സിംഹ് വഘേല BJP യുമായി തെറ്റി പിരിഞ്ഞു കൊണ്ട് രാഷ്ട്രീയ ജനതാ പാർട്ടി ഉണ്ടാക്കുകയും കോൺഗ്രസിലേക്ക് ലയിക്കുകയുമൊക്കെ ചെയ്യുന്ന രാഷ്ട്രീയ പശ്ചാത്തലം സിനിമയിൽ വളരെ വ്യക്തമായി ഉപയോഗിച്ച് കാണാം. 1995 ലാണ് ബിജെപിക്ക് ഗുജറാത്തിൽ സ്വന്തമായൊരു സർക്കാർ ഉണ്ടാകുന്നത്. ബി.ജെ. പി അധികാരത്തിലെത്തിയ ആ കാലത്തു തന്നെയാണ് അബ്ദുൽ ലത്തീഫ് ഡൽഹിയിൽ വച്ച് ആന്റി ടെററിസം സ്‌ക്വാഡിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യപ്പെടുന്നത്. 1995 ൽ രാഷ്ട്രീയ ജനതാ പാർട്ടി രൂപീകരിച്ചു കൊണ്ട് ബിജെപിയിൽ നിന്നകന്ന ശങ്കർ സിംഹ് വഘേല ഗുജറാത്ത് മുഖ്യമന്ത്രിയായി എത്തുന്നത് 1996ലാണ്. ശങ്കർ സിംഹ് മുഖ്യമന്ത്രിയായിരിക്കെ തന്നെയാണ് രണ്ടു വർഷ കാലത്തോളമായി സബർമതി ജയിലിൽ ശിക്ഷ അനുഭവിച്ചു കൊണ്ടിരുന്നിരുന്ന ലത്തീഫിനെ ദുരൂഹതകൾ നിലനിർത്തി കൊണ്ട് ഗുജറാത്ത് പോലീസ് 1997 ലെ എൻകൗണ്ടറിൽ കൊന്നു തള്ളുന്നത്. നായക കേന്ദ്രീകൃതമായൊരു സിനിമ ചെയ്യുമ്പോൾ കാണിച്ചു കൂട്ടേണ്ട ഹീറോയിസത്തിന്റെ ഭാഗമായി റയീസിനെ ഉപയോഗിക്കുമ്പോഴും സിനിമയുടെ ക്ലൈമാക്സ് സമകാലീന എൻകൗണ്ടർ യാഥാർഥ്യങ്ങളുമായി ഏറെ പൊരുത്തപ്പെട്ട് നിൽക്കുകയും പ്രമേയത്തോടു നീതി പുലർത്തുകയും ചെയ്യുന്നു. ആ തലത്തിൽ നോക്കുമ്പോൾ പുതുമയില്ലായ്മകൾക്കിടയിലും മികച്ചു നിന്ന ക്ലൈമാക്സ് ആണ് സിനിമയുടേത്. സിനിമയിൽ നിറഞ്ഞു നിക്കുന്ന നായക പരിവേഷത്തിൽ നിന്ന് ഷാരൂഖ് ഖാനെന്ന നടനെ കണ്ടു കിട്ടുന്നതു പോലും അതേ ക്ലൈമാക്സ് സീനുകളിൽ നിന്ന് തന്നെ.

ആകെ മൊത്തം ടോട്ടൽ = ഒരു കൊമേഴ്സ്യൽ സിനിമക്ക് വേണ്ട ചേരുവകളെല്ലാം ഉണ്ടായിട്ടും മൊത്തത്തിലുള്ള ആസ്വാദനത്തിൽ ശരാശരി സിനിമയായി അനുഭവപ്പെടുത്തുന്നു റയീസ്. നവാസുദ്ധീൻ സിദ്ധീഖി ഒരു മികച്ച നടനാണ് എന്ന കാര്യത്തിൽ തർക്കമില്ലെങ്കിലും ഈ സിനിമയിൽ അദ്ദേഹത്തിന് മികച്ച പ്രകടനത്തിനുള്ള സാധ്യതകൾ താരതമ്യേന കുറവായിരുന്നു. ഒരു ക്യാറ്റ് ആൻഡ് മൗസ് ഗെയിം പോലെ റയീസിനെ ചുറ്റിപ്പറ്റി നടക്കാനും ഡയലോഗ് അടിക്കാനും വെല്ലുവിളിക്കാനും മാത്രമായി ഉണ്ടാക്കിയെടുത്ത കഥാപാത്രമായി ചുരുങ്ങി പോകുന്നു പല സീനുകളിലും ഐ.പി.എസ് മജ്മുദാർ. മറ്റൊരു തരത്തിൽ പറഞ്ഞാൽ ശക്തമായ എതിരാളികൾ റയീസിന് ഇല്ലാതെ പോകുന്നുണ്ട് സിനിമയിൽ. അതുൽ കുൽക്കർണിയുടെ ജയരാജ്, നരേന്ദ്ര ജായുടെ മൂസാ ഭായി etc ഒക്കെ അതിന്റെ മറ്റു ഉദാഹരണങ്ങളാണ്. മികച്ച കഥയുടെയും തിരക്കഥയുടെയും അഭാവമുണ്ടെന്നു പരാതി പറയുമ്പോഴും റയീസിലെ കഥാപാത്ര സംഭാഷണങ്ങൾ ഒരേ സമയം മാസ്സും ക്ലാസ്സുമായിരുന്നു. അവതരണ ശൈലിയിലെ പുതുമയില്ലായ്‌മകൾക്കിടയിലും മികച്ചു നിന്ന ക്ലൈമാക്സ് സീനുകൾ മാത്രമാണ് തിയേറ്റർ വിടുന്ന പ്രേക്ഷകന് റയീസ് കൊടുക്കുന്ന ഏക ആശ്വാസം.

Originally Published in സിനിമാ വിചാരണ

ലേഖകന്‍റെ ബ്ലോഗ്‌ ഇവിടെ വായിക്കാം