തുപ്പാക്കിയിൽ പോയത് സ്‌പൈഡറിൽ പിടിക്കാൻ

0

തുപ്പാക്കിയില്‍ പോയത് സ്‌പൈഡറില്‍ പിടിക്കാമെന്ന പ്രതീക്ഷയിലാണ് രാഹുല്‍ പ്രീത് സിംഗ്. ബംഗലൂരുവിലെ മോഡലിങ് കാലയളവില്‍ അല്‍പം പോക്കറ്റ് മണിക്കു വേണ്ടിയായിരുന്നു ഗില്ലി എന്ന കന്നഡ ചിത്രത്തില്‍ അഭിനയിക്കാമെന്നേറ്റത്. ചിത്രം ഹിറ്റായി. ഓഫറുകള്‍ തലങ്ങും വിലങ്ങും. ആ സമയത്ത് കോളിവുഡില്‍ ആരും കൊതിക്കുന്ന ഓഫറുമായി വിജയിന്റെ തുപ്പാക്കിയില്‍ നായിക സ്ഥാനവുമായി എ ആര്‍ മുരുകദാസ് രാഹുലിനെ സമീപിച്ചെങ്കിലും പഠനത്തിന്റെ ഒഴികഴിവു പറഞ്ഞ് അത് നിരസിച്ചു. പകരം കാജല്‍ അഗര്‍വാള്‍ നായികയായ ആ ചിത്രം വമ്പന്‍ ഹിറ്റായി. പഠനം പൂര്‍ത്തിയാക്കി മൂന്നു വര്‍ഷത്തിനു ശേഷം വീണ്ടും മുരുകദാസിനെ സമീപിച്ചെങ്കിലും രാഹുലിന് മറുപടിയൊന്നും ലഭിച്ചില്ല. പക്ഷേ ആ വര്‍ഷം തന്നെ തമിഴിലും തെലുങ്കിലുമായി മറ്റു സംവിധായകരുടെ ഓരോ ചിത്രം രാഹുലിന് ലഭിച്ചു. അതില്‍ തമിഴില്‍ കാലിടറിയെങ്കിലും തെലുങ്കു പ്രേക്ഷകര്‍ രാഹുലിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. “ഒരു തെലുങ്കു പെണ്‍കുട്ടിയെപ്പോലെ അവര്‍ എന്നെ വരവേറ്റു. എനിക്ക് താരപദവി നല്‍കിയത് ടോളിവുഡ് ആണ്,” രാഹുല്‍ പറയുന്നു. വര്‍ഷങ്ങള്‍ കടന്നു പോയി. ടോളിവുഡില്‍ ഹിറ്റുകളുടെ തോഴിയായി മാറി രാഹുല്‍. ഫ്‌ളോപ്പുകള്‍ ഇല്ലെന്നല്ല. “ഹിറ്റും ഫ്‌ളോപ്പും ഒന്നും എന്നെ ബാധിക്കാറില്ല. ഹിറ്റില്‍ സന്തോഷിക്കേണ്ടത് എങ്ങനെയെന്നും ഫ്‌ളോപ്പില്‍ ദുഃഖിക്കേണ്ടത് എങ്ങനെയെന്നും എനിക്ക് അറിയില്ല. സിനിമയുടെ ഭാഗമല്ലേ അതെല്ലാം,” രാഹുല്‍ ചോദിക്കുന്നു. നാലു വര്‍ഷത്തെ സിനിമാ യാതയ്ക്കിടയില്‍ ടോളിവുഡിലെ പ്രമുഖരായ താരങ്ങളോടൊപ്പം അഭിനയിക്കുകയും ടോളിവുഡിലെ വിലയേറിയ താരമായി മാറുകയും ചെയ്തു രാഹുല്‍. ഒരു ഹിറ്റ് അനിവാര്യമായ മഹേഷ് ബാബുവിന് മുരുകദാസിന്റെ സംവിധാന മികവും രാഹുലിന്റെ ജനപ്രിയതയും അത്യാവശ്യമായിരുന്നു. സ്‌പൈഡര്‍ പിറക്കുന്നത് അങ്ങനെ. ഈയാഴ്ച തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങുന്ന സ്‌പൈഡര്‍ മഹേഷ് ബാബുവിനും രാഹുലിനും ഒരുപോലെ പ്രതീക്ഷയാണ്.