രഞ്ജിത്തിന്റെ ‘ലീല’ റിലീസ് ദിവസം തന്നെ വീട്ടിലിരുന്നു കാണാം

0

രഞ്ജിത്തിന്റെ ലീല ഏപ്രില്‍ 22 നു റിലീസ് ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ക്ക്‌ ചിത്രം വീട്ടില്‍ ഇരുന്നും കാണാന്‍ ആദ്യമായി അവസരം ഒരുങ്ങുന്നു .  റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ ഇന്ത്യ ഒഴിച്ച് ലോകത്ത് എവിടെ ഇരുന്നും ഓണ്‍ലൈനില്‍ ലീല കാണാന്‍ ആണ് അവസരം ലഭിക്കുന്നത് . മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി ആണ് ഓണ്‍ലൈന്‍ റിലീസ് നടക്കുന്നത്. വിതരണക്കാരുടെ നിയന്ത്രണം ഉളളതു കൊണ്ടാണ് ഇന്ത്യ ഒഴികെ ഉള്ള രാജ്യങ്ങളില്‍ ചിത്രം ഓണ്‍ലൈനായി കാണാന്‍ കഴിയുക. ഇന്ത്യയില്‍ സിനിമ റിലീസ് ആകുന്ന അതെ സമയം തന്നെ ഏകദേശം അഞ്ഞൂറ് രൂപ മുതലുളള നിരക്കില്‍ ലോകത്ത് എവിടിരുന്നും ചിത്രം  കാണാമെന്നു  സംവിധായകന്‍ രഞ്ജിത് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പ്രേക്ഷകരെ അറിയിച്ചത് .

www.reelax.in എന്ന വെബ് സൈറ്റിലൂടെയാണ് സിനിമ റിലീസ് ചെയ്യുന്നത്. 500 രൂപയാണ് ഒരു തവണ സിനിമ ഓണ്‍ലൈനായി കാണാന്‍ നല്‍കേണ്ടത്. ഓരോ രാജ്യത്തിന് അനുസരിച്ച് ടിക്കറ്റ് നിരക്കില്‍ മാറ്റം ഉണ്ടാകും.  ഏപ്രില്‍ 22ന് റിലീസ് ചെയ്യുന്ന ലീല 24 മണിക്കൂര്‍ സമയം ഓണ്‍ലൈനില്‍ ഉണ്ടാകും . സിനിമ പോസ് ചെയ്തും കാണാനും അവസരം ഉണ്ടാകും . വൈബ് സൈറ്റില്‍ നിന്ന് ലോഗ് ഔട്ടാകരുത് എന്നു മാത്രം. ഏപ്രില്‍ 15 മുതല്‍ മുന്‍കൂര്‍ ടിക്കറ്റ് ബുക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉണ്ണി ആര്‍ എഴുതിയ ഏറെ പ്രശസ്തമായ ലീല എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ബിജു മേനോനാണ് നായകന്‍. ലീല എന്ന ടൈറ്റില്‍ കഥാപാത്രത്തെ പാര്‍വതി നമ്പ്യരാണ് അവതരിപ്പിക്കുന്നത്. വിജയ രാഘവന്‍, ഇന്ദ്രന്‍സ് അടക്കുമുള്ളവരാണ് സിനിമയിലെ കഥാപാത്രങ്ങളാകുന്നത്. പുറത്ത് വന്ന സിനിമയിലെ രണ്ട് ടീസറുകളും അവതരണ ഗാനവും ഇതിനകം തന്നെ ശ്രദ്ധനേടിയിട്ടുണ്ട് .