അസ്ഥികള്‍ നുറുങ്ങുന്ന വേദനയിലും ഈ സൈനികന്‍ രക്ഷിച്ചത്‌ ആയിരങ്ങളുടെ ജീവന്‍; റിജുല്‍ ശര്‍മ എന്ന ഈ ധീരനായ സൈനികന്റെ കഥ

0

ഒരോ നിമിഷവും ജീവന്‍ കൈയില്‍ പിടിച്ചാണ് ഓരോ സൈനികനും തന്റെ ജോലി ചെയ്യുന്നത് എന്ന് നമ്മള്‍ പലപ്പോഴും ഓര്‍ക്കാറില്ല .ഇത് ഒരിക്കല്‍ കൂടി   തെളിയിച്ചിരിക്കുകയാണ് റിജുല്‍ ശര്‍മ്മ എന്ന ഈ സൈനികന്‍. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിലെ പ്രത്യേക ആകര്‍ഷണമായിരുന്നു റിജുലിന്റെ സാന്നിധ്യം. രാജ്യം ധീരതയ്ക്കുള്ള വായുസേന മെഡല്‍ നല്‍കി ആദരിച്ച ഈ ഉദ്യോഗസ്ഥന്റെ കഥ കണ്ണീരോടെയും അഭിമാനത്തോടെയും മാത്രമേ ഓരോ ഭാരതീയനും കേട്ടിരിക്കാന്‍ കഴിയൂ .

കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് സ്‌ക്വാഡ് റണ്‍ ലീഡറായ റിജുല്‍ mig 29 പറപ്പിക്കുന്നത്. mig 29 യുടെ പരീക്ഷണപ്പറക്കലായിരുന്നു അത്. ഭൂമിയില്‍ നിന്നും 110 കിലോമീറ്റര്‍ മുകളിലായി സൂപ്പര്‍ സോണിക് വേഗതയില്‍ വിമാനം കുതിക്കുകയായിരുന്നു. അതുവരെ കാര്യങ്ങള്‍ എല്ലാം ശുഭം. എയര്‍ പ്രെഷര്‍ മാറുന്നതിനിടയില്‍ അവിചാരിതമായാണ് അത് സംഭവിച്ചത്. mig 29 അപ്രതീക്ഷിതമായി അപകടത്തില്‍പ്പെട്ടു. വിമാനത്തിന്റെ മേല്‍ക്കൂരഭാഗം തകര്‍ന്നു. മര്‍ധത്തില്‍ ഉണ്ടായ വ്യതിയാനത്തെ തുടര്‍ന്ന് വിമാനം തെറ്റായ ദിശയില്‍ നിയന്ത്രണം വിട്ടു പറന്നു.

മേല്‍ക്കൂരയുടെ ഒരു ഭാഗം വന്നു വീണത് കോക്പിറ്റിലുള്ള റിജുലിന്റെ വലതു ഷോള്‍ഡറില്‍ ആയിരുന്നു. അസ്ഥികള്‍ ഒടിഞ്ഞു. പെട്ടെന്നുണ്ടായ അപകടത്തിലും അസ്ഥികള്‍ നുറുങ്ങുന്നതിന്റെ വേദന റിജുലിന് അറിയാന്‍ കഴിഞ്ഞു. ഇനി തന്റെ മുന്നിലുള്ളത് രണ്ടു വഴികളാണ്, ഒന്നാമത്തേത് വിമാനം ഉപേക്ഷിച്ച് പാരച്യൂട്ട് വഴി ചാടി രക്ഷപ്പെടുക, രണ്ടാമത്തേത് ഏതു വിധേനയും വിമാനത്തെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നടത്തുക. അസ്ഥികള്‍ ഒടിഞ്ഞു തൂങ്ങുന്ന വേദനയിലും റിജുല്‍ വിമാനം പറത്താന്‍ തന്നെ തീരുമാനിച്ചു.

കാരണം, സൂപ്പര്‍ സോണിക് വേഗതയിലുള്ള വിമാനം അപ്രതീക്ഷിതമായി താഴെ വീണാല്‍ ഉണ്ടാകുന്ന നഷ്ടങ്ങളും ജനങ്ങളുടെ ജീവനുമായിരുന്നു ആ സൈനികന്റെ മനസ് നിറയെ. റിജുല്‍ സാവധാനം വിമാനത്തിന്റെ വേഗത നിയന്ത്രിച്ചു. വിമാനം ഭൂനിരപ്പില്‍ നിന്നും 10 കിലോമീറ്റര്‍ മാത്രം മുകളിലായപ്പോഴേയ്ക്കും താപനിലയിലുണ്ടായ വ്യത്യാസം ആ സൈനികനെ തളര്‍ത്തുകയും ചെയ്തു. എന്നിരുന്നാലും അതില്‍ തളരാതെ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയ ശേഷം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുകയായിരുന്നു. ആയിരക്കണക്കിന് ആളുകളുടെ ജീവനാണ് തന്റെ നിസ്വാര്‍ത്ഥമായ പ്രവൃത്തികൊണ്ട് റിജുല്‍ ശര്‍മ്മ രക്ഷിച്ചത്.