ഒളിമ്പിക്‌സ് മൂന്നാം ദിനം ഇന്ത്യയ്ക്ക് നിരാശ

0

ഒളിമ്പിക്‌സ് മൂന്നാം ദിനം ഇന്ത്യക്ക് തിരിച്ചടികള്‍ നല്‍കുന്നു . റിയോ ഒളിംപിക്‌സിന്റെ മൂന്നാം ദിനം അവസാനിച്ചപ്പോഴും ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ തെളിയുന്നത് നിരാശയുടെ നിഴലുകള്‍ മാത്രം. പ്രതീക്ഷാ നിര്‍ഭരമായി ഇറങ്ങിയ ഇനങ്ങളിലൊക്കെയുംഇത് വരെ വിജയം കാണാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്ത്യക്ക് നിലവില്‍ .

ഷൂട്ടിങ്ങില്‍ അഭിനവ് ബിന്ദ്ര നേരിയ പോയിന്റ് വ്യത്യാസത്തില്‍ നാലാമതായി പുറത്തായ അതേസമയത്തുതന്നെ മറ്റൊരു വേദിയില്‍ അവസാന നിമിഷം നേടിയ നേടിയ ഗോളിലാണു ജര്‍മനി ഇന്ത്യയെ തോല്‍പിച്ചത്. രണ്ടിടത്തും നിരാശയുടെ കണ്ണീര്‍ വീണത് ഒരു മിനിറ്റിന്റെ മാത്രം ഇടവേളയില്‍.0.5 പോയിന്റ് വ്യത്യാസത്തിലായിരുന്നു വെങ്കലമെഡല്‍ ബന്ദ്രയ്രക്ക് മുന്നില്‍ തട്ടിത്തെറിച്ചത്. 16 ഷോട്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ 163.8 പോയിന്റുമായി യുക്രെയിന്റെ സെര്‍ഷി കുലിഷിനൊപ്പം മൂന്നാം സ്ഥാനം പങ്കിടുകയായിരുന്ന ഇന്ത്യന്‍ ഷൂട്ടര്‍ പക്ഷെ ഷൂട്ടോഫില്‍ പരാജയപ്പെട്ട് പുറത്തായി. ഷൂട്ടോഫില്‍ ബിന്ദ്ര 10 ഉം സെര്‍ഷി 10.5 ഉം പോയിന്റ് നേടി.

ഇതേ വിഭാഗത്തില്‍ ഇറങ്ങിയ മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ഗഗന്‍ നരംഗ് ഫൈനല്‍ റൗണ്ടില്‍ എത്താതെ പുറത്തായി. യോഗ്യതാ റൗണ്ടില്‍ ഇരുപത്തിമൂന്നാം സ്ഥാനത്തായാണ് ഗഗന്‍ ഫിനിഷ് ചെയ്തത്. കഴിഞ്ഞ ലണ്ടന്‍ ഒളിംപിക്‌സില്‍ ഇതേ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയ താരമായിരുന്നു നരംഗ്. മൂന്നാം ദിനം കളത്തിലിറങ്ങിയ ഷൂട്ടിംഗ്, നീന്തല്‍, ഹോക്കി, എന്നിവയിലെല്ലാം തോല്‍വിയായിരുന്നു ഇന്ത്യയെ കാത്തിരുന്നത്.

വനിത ഹോക്കിയില്‍ ബ്രിട്ടനെതിരെ ഇന്ത്യക്ക് ദയനീയ തോല്‍വിയായിരുന്നു ഫലം . ആദ്യ മത്സരത്തില്‍ ജപ്പാനെ സമനിലയില്‍ തളച്ച ആത്മവിശ്വാസത്തോടെ ബ്രിട്ടനെതിരെ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ബ്രിട്ടന്‍ തകര്‍ത്തെറിഞ്ഞത്.

വരും ദിവസങ്ങളില്‍ ഇന്ത്യ തിരിച്ചടികളെ അതിജീവിച്ചു മെഡല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തും എന്നാണ് കരുതപെടുന്നത് .രണ്ടു ദിവസം മുന്പ് നടന്ന ഫുട്ബോള്‍ മത്സരത്തോടെയാണ് ഇത്തവണ ഒളിമ്പിക്സില്‍ ലാറ്റിന്‍ അമേരിക്കന്‍ മണ്ണില്‍ ആരംഭിച്ചത് .28 ഇനങ്ങളിലായി 306 മത്സരങ്ങളാണ് ഉള്ളത് .206 രാജ്യങ്ങളില്‍ നിന്നായി പതിനായിരത്തോളം കായികതാരങ്ങള്‍ ആണ് അണിനിരക്കുന്നത് .വരും ദിവസങ്ങളില്‍ പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ,പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ ,ആരൊക്കെ ചരിത്രം തിരുത്തി കുറിക്കുമെന്ന് കാണാം ഇനിയുള്ള നാളുകളില്‍ .