റോബോട്ടുകള്‍ ഇനി മനുഷ്യനെ ഇന്റര്‍വ്യൂ ചെയ്യും; ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

0

റോബോട്ടുകള്‍ മനുഷ്യരെ പോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാലം വിദൂരമല്ല എന്ന് ശാസ്ത്രലോകം തന്നെ അടുത്തിടെ സമ്മതിച്ചിരുന്നു. മനുഷ്യര്‍ ചെയ്യുന്നതെന്തും റോബോട്ടുകള്‍ ഏറ്റെടുക്കുന്ന ഒരു കാലമാകും ഇനി വരിക. അതിനിതാ ഒരു ഉദാഹരണം.

ഇത് സോഫിയ, ഇവളൊരു സ്ത്രീയല്ല ഒരു റോബോട്ട് ആണ്. മനുഷ്യരെപ്പോലെ ചുണ്ടുകോട്ടുകയും കണ്ണടയ്ക്കുകയും ചിരിക്കുകയും ചുണ്ടനക്കി വർത്തമാനം പറയുകയും ചെയ്യാന്‍ ഇവള്‍ക്ക് കഴിയും. ബിബി സി ചാനലിന്റെ ബീയിംഗ് ഹുമന്‍ സീസണ്‍ന്റെ അടുത്ത അവതാരിയാണ് ഈ സുന്ദരി എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ? എങ്കില്‍ അതാണ്‌ സത്യം. അവതാരകരുടെ സ്ഥാനം വരെ ഇനി റോബോട്ടുകള്‍ ഏറ്റെടുക്കുന്ന കാലം വരുന്നു.

ചിന്തിക്കാനും ചിന്തയ്‌ക്കൊത്തു പ്രവർത്തിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ ലഭിച്ച ശേഷിയാണ് ഇക്കാലമത്രയും വികസിപ്പിച്ച റോബോട്ടുകളിൽനിന്നു സോഫിയയെ വേറിട്ട്‌ നിര്‍ത്തുന്നത്. ഹാൻസൻ റോബോട്ടിക്‌സ് വികസിപ്പിച്ച കാരക്ടർ എൻജിൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് സോഫിയക്ക് വ്യക്തിത്വമുണ്ടാക്കിയത്. മനുഷ്യന്റെ വൈകാരിക പ്രതികരണങ്ങൾ നടത്താൻ കഴിയുന്ന രീതിയിലാണ് കൃത്രിമ മനുഷ്യനെ ഹാൻസൻ വികസിപ്പിക്കുന്നത്. സോഫിയുടെ മുഖം കണ്ടാൽ മനുഷ്യ സ്ത്രീയെപ്പോലെ തന്നെയിരിക്കും. പക്ഷെ തലയുടെ പിൻവശത്തു യന്ത്രങ്ങളും ചിപ്പുകളും വയറുകളുമെല്ലാം ഉണ്ടാകും. സിലിക്കോൺ സ്‌കിൻ ആണ് സോഫിയയെ സുന്ദരിയാക്കുന്നത്. കണ്ണുകളിൽ സ്ഥാപിച്ചിരിക്കുന്ന കാമറയാണ് കാഴ്ചകൾ ഒപ്പിയെടുക്കുന്നത്. ഇതു ചിപ്പുകളടങ്ങിയ കൃത്രിമ ബുദ്ധി സംവിധാനം തിരിച്ചറിയും.

സോഫിയുടെ പരിപാടിയുടെ ആദ്യ ട്രൈയിലര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നത് വന്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. മാധ്യമപ്രവര്‍ത്തകനും ബ്രിട്ടീഷ്‌ ടെലിവിഷന്‍ അവതാരകനുമായ മൈക്കെല്‍ മോസ്ലിയെയാണ് സോഫിയ ഇന്റര്‍വ്യൂ ചെയ്യുന്നത്. നിലവില്‍ ലോകമാകെ കാര്യമായ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ശാസ്ത്രശാഖയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ഈ മേഖലയിലെ പഠനങ്ങൾ വിജയത്തിലെത്തിയാൽ ലോകത്തെ മനുഷ്യന്റെ പങ്കാളിത്തം വലിയ തോതിൽ കുറയും എന്നാണു വിലയിരുത്തല്‍. സോഫിയഅതിനൊരു തുടക്കം മാത്രം.