സാംസങ് ഗ്യാലക്‌സി നോട്ട് 7 ഉപയോഗം വിലക്കി എയര്‍ലൈന്‍ കമ്പനികള്‍; ഇന്ത്യന്‍ വിമാനങ്ങളിലും വിലക്ക്

0

ബാറ്ററി പൊട്ടിത്തെറിക്കുമെന്ന ആശങ്കയില്‍ സാംസങ് ഗ്യാലക്‌സി നോട്ട് 7 വിമാനയാത്രയില്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി എയര്‍ലൈന്‍ കമ്പനികള്‍. ഖന്താസ്, ജെറ്റ്സ്റ്റാര്‍, വിര്‍ജിന്‍ ഓസ്‌ട്രേലിയ ടൈഗര്‍ എര്‍വേയ്‌സ് എന്നീ എയര്‍ലൈന്‍ കമ്പനികള്‍ക്ക് പിന്നാലെ ഇന്ത്യന്‍ കമ്പനികളും വിലക്ക് ഏര്‍പെടുത്തി കഴിഞ്ഞു .

ലഗേജ് ബാഗില്‍ ഫോണ്‍ വെക്കരുതെന്ന് യാത്രക്കാരോട് ഡിജിസിഎ നിര്‍ദേശിച്ചിട്ടുണ്ട് . ഫോണ്‍ ഹാന്‍ഡ് ബാഗില്‍ വെയ്ക്കാം. എന്നാല്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കണമെന്ന് ഡിജിസിഎ തലവന്‍ ബിഎസ് ബുള്ളാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. വ്യോമ സുരക്ഷാ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് വിലക്ക്.യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം വിലക്കിയതിന് പിന്നാലെയാണ് സമാന നടപടി ഇന്ത്യയും സ്വീകരിച്ചത്. വിമാനത്തിനുള്ള നോട്ട് 7 ഓണ്‍ ചെയ്യരുതെന്ന് ലോകത്തെ വിവിധ വിമാന കമ്പനികളും ആവശ്യപ്പെട്ടിരുന്നു.

ഗ്യാലക്‌സി നോട്ട് 7 പൊട്ടിത്തെറിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമായതോടെ ഡിവൈസുകള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ സാംസങ് കഴിഞ്ഞവാരം തീരുമാനിച്ചിരുന്നു. പുറത്തിറക്കിയ 42,000 ഡിവൈസുകളില്‍ ബാറ്ററി തകരാറുണ്ടെന്നാണ് വിവരം. 35 പൊട്ടിത്തെറി സംഭവങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.