‘സെക്‌സി ദുര്‍ഗ’ ഐഎഫ്എഫ്‌കെയില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് സനല്‍കുമാര്‍ ശശിധരന്‍

0

കേരള അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവത്തില്‍ നിന്ന് ‘സെക്‌സി ദുര്‍ഗ’ യെ പിന്‍വലിക്കുന്നുവെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ‘മലയാള സിനിമ ഇന്ന് ‘ എന്ന വിഭാഗത്തിലാണ് സെക്‌സി ദുര്‍ഗയെ തിരഞ്ഞെടുത്തിരുന്നത്. സെക്‌സി ദുര്‍ഗയ്ക്ക് ഒപ്പം, ടേക്ക് ഓഫ്, അങ്കമാലി ഡയറീസ്, കറുത്ത ജൂതന്‍, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, മറവി അതിശയങ്ങളുടെ വേനല്‍ എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റു ചിത്രങ്ങള്‍.

റോട്ടര്‍ഡാം ഫിലിം ഫെസ്‌റിവലില്‍ ടൈഗര്‍ അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന അംഗീകാരം ഉള്‍പെടെ നേടിയ സിനിമയെ മത്സര വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കാത്തതിന്റെ പ്രതിഷേധമായി സിനിമ പിന്‍വലിക്കുന്നതായി സനല്‍കുമാര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. സെക്‌സി ദുര്‍ഗ ഇതിനകം പല രാജ്യങ്ങളിലെ നാല്‍പതിയഞ്ചിലധികം ഫിലിം ഫെസ്ടിവലുകളില്‍ തെരഞ്ഞെടുക്കപ്പെടുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. സെക്‌സി ദുര്‍ഗയ്ക്ക്, ഐഎഫെഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുക വഴി അക്കാദമിയില്‍ നിന്നും മലയാള സിനിമയെന്ന നിലയില്‍ പ്രോത്സാഹനം ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നും സനല്‍കുമാര്‍ പറഞ്ഞു.

സനല്‍കുമാര്‍ ശശിധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഐ എഫ് എഫ് കെയിലെ മലയാളം സിനിമകളുടെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. തെരെഞ്ഞെടുക്കപ്പെട്ട എല്ലാ ചിത്രങ്ങള്‍ക്കും പിന്നണിപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍. സെക്സി ദുര്‍ഗയും മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വളരെ സന്തോഷം. ഐഎഫ്എഫ്കെയും ചലച്ചിത്ര അക്കാദമിയും മലയാളം സിനിമകളുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കാന്‍ നടത്തുന്ന ആത്മാര്‍ഥമായ ശ്രമങ്ങള്‍ മനസിലാക്കുന്നു. സെക്സി ദുര്‍ഗ ഇതിനകം പല രാജ്യങ്ങളിലെ നാല്‍പതിയഞ്ചിലധികം ഫിലിം ഫെസ്ടിവലുകളില്‍ തെരഞ്ഞെടുക്കപ്പെടുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. റോട്ടര്‍ഡാം ഫിലിം ഫെസ്റിവലില്‍ ടൈഗര്‍ അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന അംഗീകാരവുമായിട്ടായിരുന്നു ചിത്രത്തിന്റെ യാത്രാരംഭം. സെക്സി ദുര്‍ഗയ്ക്ക്, ഐഎഫെഫ്കെയില്‍ പ്രദര്‍ശിപ്പിക്കുക വഴി അക്കാദമിയില്‍ നിന്നും മലയാള സിനിമയെന്ന നിലയില്‍ പ്രോത്സാഹനം ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. അത്തരം പ്രോത്സാഹനം ആവശ്യമുള്ള വേറെ ഏതെങ്കിലും ചിത്രത്തിന് അത് ലഭിക്കട്ടെ എന്ന ആഗ്രഹത്തോടെ സെക്സി ദുര്‍ഗ ഫെസ്റിവലില്‍ നിന്നും പിന്‍വലിക്കുന്നു .

ഇതിനെ അഹങ്കാരമെന്നൊക്കെ വിളിച്ച് ഒരുപാടുപേര്‍ മുന്നോട്ട് വരുമെന്ന ഉറച്ച ബോധ്യമുണ്ട്. ഓചിത്യബോധമില്ലായ്മയെ അഹങ്കാരം കൊണ്ടെങ്കിലും നേരിട്ടില്ലെങ്കില്‍ പിന്‍കാല്‍ കൊണ്ട് തൊഴിച്ചും കണ്ടില്ലെന്നു നടിച്ചും തങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത എല്ലാ ഉദ്യമങ്ങളെയും ഇല്ലായ്മചെയ്യുന്ന മലയാളി മനോരോഗത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. ക്ഷമിക്കണം. സെക്സി ദുര്‍ഗ ഉടന്‍ തിയേറ്ററിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സിനിമ കാണാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും സിനിമ കാണാന്‍ വഴിയുണ്ടാക്കുമെന്ന് ഉറപ്പു നല്‍കുന്നു.