ഇത്രയും തുക ലഭിക്കുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല; എട്ടു കോടിക്ക് രാജസ്ഥാൻ റോയൽസിലേക്ക് തിരഞ്ഞെടുത്ത സഞ്ജു പറയുന്നു

1

ഐപിഎൽ പതിനൊന്നാം എഡിഷനിലേക്കുള്ള താരലേലത്തില്‍ ഇത്രയും തുക ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മലയാളി താരം സഞ്ജു വി. സാംസണ്‍. എട്ടുകോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സും സഞ്ജുവിനു വേണ്ടി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ തവണ 4.3 കോടി രൂപയ്ക്കാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സഞ്ജുവിനെ സ്വന്തമാക്കിയത്. അന്ന് രാജസ്ഥാനെ ഐപിഎല്ലില്‍ നിന്നും മാറ്റി നിര്‍ത്തിയതുകൊണ്ടായിരുന്നു അങ്ങനെ സംഭവിച്ചത്. എന്നാല്‍, വീണ്ടും രാജസ്ഥാന്‍ റോയല്‍സ് ടീമായതോടെ സഞ്ജുവിനെ തന്നെ സ്വന്തമാക്കാന്‍ രാജ്‌സഥാന്‍ രംഗത്തെത്തുകയായിരുന്നു.

ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സാണ് ഇതുവരെയുള്ളതിലെ ‘ചെലവേറിയ’ താരം. സ്റ്റോക്സിനെ 12.5 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. ഇന്ത്യൻ താരം ലോകേഷ് രാഹുലിനെ 11 കോടി രൂപയ്ക്ക് വിളിച്ചെടുത്ത കിങ്സ് ഇലവൻ പഞ്ചാബും ‘ഞെട്ടിച്ചു’. യാതൊരു പിശുക്കും കൂടാതെ പണമെറിഞ്ഞ കിങ്സ് ഇലവൻ പഞ്ചാബ് ആർ.അശ്വിൻ – 7.6 കോടി, കരുൺ നായർ – 5.6 കോടി, ഡേവിഡ് മില്ലർ – 3 കോടി, ആരോൺ ഫിഞ്ച് – 6.2 കോടി, മാർക്കസ് സ്റ്റോയ്നിസ് – 6.2 കോടി എന്നിവരെയും സ്വന്തം പാളയത്തിലെത്തിച്ചു.
ലേലത്തിലൂടെ ഓരോ ടീമിലേക്കുമെത്തിയ താരങ്ങളുടെ ടീം അടിസ്ഥാനത്തിലുള്ള പട്ടിക

അതേസമയം, റൈറ്റ് ടു മാച്ച് (ആർടിഎം) കാർഡ് വഴി ശിഖർ ധവാനെ സൺറൈസേഴ്സ് ഹൈദരാബാദ് നിലനിർത്തി. 5.20 കോടി രൂപയ്ക്കാണ് ധവാനെ സൺറൈസേഴ്സ് നിലനിർത്തിയത്. ചെന്നൈയിലെക്ക് മടക്കി എത്തിക്കുമെന്ന് ധോണി ഉറപ്പു നൽകിയ രവിചന്ദ്രൻ അശ്വിനെ 7.60 കോടി രൂപയ്ക്ക് കിങ്സ് ഇലവൻ പഞ്ചാബ് കൈക്കലാക്കി. വിൻഡീസ് താരം കിറോൺ പൊള്ളാർഡിനെ 5.40 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസും നിലനിർത്തി. അതേസമയം, ക്രിസ് ഗെയിലിനെ ആദ്യ ഘട്ടത്തിൽ ഒരു ടീമും സ്വന്തമാക്കിയില്ല. 360 ഇന്ത്യൻ താരങ്ങളും 218 വിദേശതാരങ്ങളും ഉൾപ്പെടുന്ന ബ്രഹ്മാണ്ഡ ലേലത്തിൽ എട്ടു ടീമുകളിലായി പരമാവധി 182 കളിക്കാർക്കാണ് അവസരമൊരുങ്ങുക.