അശ്ലീല ക്ലിപ്പുകള്‍ ഫോണില്‍ സൂക്ഷിക്കരുത്, മന്ത്രവാദ തകിടുകള്‍ പാടില്ല; സൗദിയില്‍ പോകുന്ന ഇന്ത്യക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ഇങ്ങനെ

0

മൊബൈലില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നും അശ്ലീല ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് സൗദി അറേബ്യയിലേക്ക് ജോലി തേടിപ്പോകുന്ന ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം. സൗദി അറേബ്യയില്‍ ജോലി തേടിപ്പോകുന്ന ഇന്ത്യക്കാര്‍ക്കായി സര്‍ക്കാര്‍ പുറത്തുവിട്ട നിര്‍ദേശങ്ങളിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ തൊഴില്‍ അന്വേഷിച്ച് പോകുന്ന രാജ്യം എന്നത് കണക്കിലെടുത്താണ് സൗദിയിലെത്താനും സുരക്ഷിതമായി കഴിയാനുമുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഷ്കരിച്ചിരിക്കുന്നത്.സൗദി അറേബ്യയില്‍ നിരോധിച്ചിട്ടുള്ള വസ്തുകളൊന്നും യാത്രയില്‍ കരുതരുതെന്നാണ് ഒരു നിര്‍ദേശം. നിരോധിച്ചിട്ടുള്ളതോ, അശ്ലീലമായതോ ആയ ദൃശ്യങ്ങള്‍ ഫോണിലോ, ലാപ്പ്ടോപ്പിലോ സൂക്ഷിക്കരുത്. സൗദി നിയമങ്ങളോട് പൊരുത്തപ്പെടേണ്ടേത് എങ്ങനെയെന്നും നിയമം തെറ്റിച്ചാല്‍ ലഭിക്കാവുന്ന ശിക്ഷകളും നിര്‍ദേശങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്.

മന്ത്രവാദം, മായാജാലം, ക്ഷുദ്രം എന്നിവയെല്ലാം നിരോധിച്ചിട്ടുള്ള രാജ്യമായതിനാല്‍ വധശിക്ഷയടക്കമുള്ള ശിക്ഷകളെ കുറിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. മന്ത്രത്തകിടുകള്‍, കറുത്ത ചരട് എന്നിവ കൂടെ കരുതരുത് എന്നും നിര്‍ദേശിച്ചിട്ടുണ്ട്. മയക്കുമരുന്നുകള്‍, പന്നിയിറച്ചിയടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍, കസ്ക്സ, ഖറ്റ് ഇലകള്‍, പാന്‍ മസാല, മറ്റ് മതഗ്രന്ഥങ്ങള്‍ എന്നിവ സൗദിയിലേക്ക് കൊണ്ടുപോകരുത്. തൊഴില്‍ കരാറുകളെയും പ്രാദേശിക നിയമങ്ങളെയും സംബന്ധിച്ച് തൊഴില്‍ അന്വേഷകരെ ബോധ്യപ്പെടുത്താനാണ് പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.