വിദേശികള്‍ക്ക് പുത്തന്‍ പ്രതീക്ഷ പകര്‍ന്ന് സൗദിയുടെ പുതിയ വികസനപദ്ധതി; രാജ്യത്ത് സിനിമാ തിയേറ്റര്‍, സംഗീത പരിപാടികള്‍ എന്നിവയ്ക്കു കൂടുതല്‍ സ്വാതന്ത്രം നല്‍കും

0

50,000 കോടി ഡോളര്‍ മുതല്‍മുടക്കില്‍ ചെങ്കടല്‍ത്തീരത്ത് പുതിയ വികസനപദ്ധതിക്ക് ഒരുങ്ങുകയാണ് സൗദി. ലോകത്തിന്റെ സംഗമകേന്ദ്രമാക്കി സൗദിയെ മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പുതിയ വികസനപദ്ധതി സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമരാനാണ് പ്രഖ്യാപിച്ചത്.

‘നിയോം’ എന്നാണ് പദ്ധതിയുടെ പേര്. സൗദി, ഈജിപ്ത്, ജോര്‍ദ്ദാന്‍ അതിര്‍ത്തികളില്‍ നടപ്പിലാക്കുന്ന പദ്ധതി വിദേശ നിക്ഷേപകര്‍ക്കും വിദേശ തൊഴിലാളികള്‍ക്കും വലിയ സാധ്യതകളും പുത്തന്‍ പ്രതീക്ഷകളും നല്‍കുന്നുണ്ട്. ഊര്‍ജം, ജലവിതരണം, നിര്‍മ്മാണ മേഖല, ബയോടെക്‌നോളജി, ഭക്ഷ്യോല്‍പന്നങ്ങള്‍, ടൂറിസം, വാര്‍ത്താവിനിമയം തുടങ്ങിയ വിവിധ മേഖലകളെ കേന്ദ്രീകരിച്ചാണ് പുതിയ പദ്ധതി. പദ്ധതിയിലൂടെ പുതിയ വ്യാവസായിക സംരംഭങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതുവഴി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയും ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴിലവസരവും ലഭ്യമാകുന്നു.

രാജ്യത്തിനകത്തും പുറത്തുമുള്ള വന്‍കിട നിക്ഷേപകരുടെയും പൊതു നിക്ഷേപ ഫണ്ടിന്റെയും സഹായത്തോടെയായിരിക്കും പദ്ധതിക്കാവശ്യമായ 50,000 കോടി ഡോളര്‍ സൗദി സമാഹരിക്കുന്നത്. വിദേശ നിക്ഷേപകര്‍ക്കും ആഭ്യന്തര നിക്ഷേപകര്‍ക്കും വിപുലമായ അവസരങ്ങള്‍ നിയോം പദ്ധതിയിലൂടെ തുറന്നുകിട്ടുകയും ചെയ്യുന്നു. ചെങ്കടല്‍ തീരത്ത് 26,500 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലായിരിക്കും പദ്ധതി നടപ്പിലാക്കുക. പൂര്‍ണ്ണമായും ഡിജിറ്റല്‍ അന്തരീക്ഷത്തിലായിരിക്കും പദ്ധതി. 2025ഓടെ ആദ്യഘട്ടം പൂര്‍ത്തിയാകും. പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി പ്രത്യേക സമതിയെ ഇതിനോടകം നിയോഗിച്ചിട്ടുണ്ട്.

രാജ്യത്ത് സിനിമാ തിയേറ്റര്‍, സംഗീത പരിപാടികള്‍ എന്നിവയ്ക്കു കൂടുതല്‍ സ്വാതന്ത്രം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമെ സ്ത്രീകള്‍ക്ക് ഡ്രൈവിംഗിനുള്ള അവസരം നല്‍കുന്ന ചരിത്രപരമായ തീരുമാനവും സൗദിയുടെ പുതിയ പരിഷ്‌കാരം മാത്രമല്ല, മറിച്ച് പുതിയ സൗദിയെ സൃഷ്ടിക്കാനുള്ള നീക്കമായിട്ടാണ് മറ്റു രാജ്യങ്ങള്‍ കാണുന്നത്. സൗദയില്‍ നൂറ്റാണ്ടുകളായി ശരിയത്ത് നിയമവും തീവ്ര ഇസ്ലാമിക് ശൈലിയുമാണ് നിലനിന്നിരുന്നത്. ഇതിനു മാറ്റം വരുത്തി കര്‍ക്കശ്യം കുറഞ്ഞ ശൈലി സ്വീകരിക്കാന്‍ സൗദിയുടെ യുവരാജാവായ മുഹമ്മദ് ബിന്‍ സല്‍മാന്‍ നേതൃത്വം കൊടുക്കുന്നത്. സൗദിയുടെ ശൈലി തീവ്രത കുറഞ്ഞ ഇസ്ലാമിക് ശൈലിയായി മാറണമെന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞത് ലോകം പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. സൗദിയെ പെട്രോളിയം മേഖലയ്ക്കു പുറമെ മറ്റു മേഖലകളിലും ശക്തിപ്പെടുത്താനാണ് യുവരാജാവ് ശ്രമിക്കുന്നത്.