ഇത് ഷംനയുടെ സുഭദ്ര

0

ജംഷാദ് സീതിരകത്ത് എന്ന് കോളിവുഡിൽ വന്നു ചോദിച്ചാൽ ആര്യയെ ആര് അറിയും? ആര്യയെ അറിയണമെങ്കിൽ ആര്യ എന്നു തന്നെ ചോദിക്കണം. കോളിവുഡിൽ ഇത്തരം അപരനാമങ്ങളുടെ കഥകൾ ഏറെയുണ്ട്. അതിലൊന്നാണ് ഷംനാ കാസിം എന്ന പൂർണയുടേതും. മലയാളത്തിൽ മഞ്ഞു പോലൊരു പെൺകുട്ടി കണ്ടവർ ഷംനാ കാസിമിനെ ഓർത്തിരിക്കാൻ വഴിയില്ല. പക്ഷേ അതായിരുന്നു ഷംനയുടെ കന്നിച്ചിത്രം! പിന്നീട് പല ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും മലയാളത്തിൽ വേണ്ടത്ര വേരോട്ടം ഉണ്ടായില്ല. നല്ല സംവിധായകരുടെ ചിത്രങ്ങള്‍ കിട്ടാതെ പോയതിന്റെ ദൗർഭാഗ്യങ്ങളും പേറി ഷംന കോളിവുഡിലും ടോളിവുഡിലുമെല്ലാം പിടിച്ചു നിന്നു ഇക്കാലമത്രയും. പക്ഷേ ലഭിച്ച കഥാപാത്രങ്ങളെല്ലാം തന്റേതായ ശൈലിയിൽ വ്യത്യസ്തമാക്കാൻ ശ്രമിച്ച ഷംനയ്ക്ക് തെന്നിന്ത്യയിൽ ആരാധകർ ഏറെയുണ്ട്. രാജേഷ് പിള്ളയുടെ മിലിയിലാരുന്നു മലയാളത്തിൽ ഷംന അവസാനമായി അഭിനയിച്ചത്. പിന്നീടങ്ങോട്ട് ടോളിവുഡിലും കോളിവുഡിലും മാറി മാറി ഭാഗ്യം പരീക്ഷിച്ചു കൊണ്ടിരുന്നു. ഈ വർഷം പൂർണയുടെ കോളിവുഡിലെ കന്നിച്ചിത്രം മിഷ്‌കിൻ നിര്‍മ്മിച്ച ഷൗരക്കത്തിയാണ്. രണ്ട് സംവിധായകരോടൊപ്പം അഭിനയിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. പ്രതിനായകനായെത്തുന്ന മിഷ്‌കിനെ കൂടാതെ തങ്കമീൻകൾ അടക്കമുള്ള ചിത്രങ്ങൾ സംവിധാനം ചെയ്ത റാം ചിത്രത്തിൽ നായകനായെത്തുന്നു. “ഇത് ആദ്യമായാണ ഒരു കഥാപാത്രമായി ഞാൻ ജീവിച്ചത് എന്നു പറയാം. ചിത്രത്തിലെ സുഭദ്രയായി ഞാൻ പലപ്പോഴും മാറിയിട്ടുണ്ട്. അങ്ങനെ ജീവിക്കാനും ആഗ്രഹം തോന്നിയിട്ടുണ്ട്,” ഷംന പറയുന്നു, “ചിത്രത്തിൽ ഞാൻ ഉപയോഗിച്ച കോസ്റ്റ്യൂമുകൾ എല്ലാം ഞാൻ സൂക്ഷിച്ചുവച്ചിട്ടുണ്ട്. കാരണം അത്രയ്ക്ക് ആ കഥാപാത്രമായി ഞാൻ മാറിയിരുന്നു.” ഒരു ആക്ടിങ് സ്‌കൂൾ കം ടൂർ അനുഭവമായിരുന്നു ചിത്രം എന്നു പറയുന്ന ഷംന തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവും ഇതു തന്നെ ആയിരിക്കുമെന്ന് വിശ്വസിക്കുന്നു. “ഇതാദ്യമായി ഞാൻ എന്റെ ശബ്ദത്തിൽ തന്നെയാണ് ചിത്രത്തിൽ സംസാരിക്കുന്നത്,” ഷംന പറയുന്നു. എന്തായാലും ഷംനയ്ക്ക് നിരാശപ്പെടേണ്ടി വന്നിട്ടില്ല. മിഷ്‌കിന്റേയും റാമിന്റെയും പ്രകടനങ്ങളോടൊപ്പം ഷംനയുടെ സുഭദ്രയെയും പ്രേക്ഷകർ ഏറ്റുവാങ്ങിയിട്ടുണ്ട്.