ആദ്യം എന്നെ ചരമക്കോളത്തിലാക്കി, ഇപ്പോള്‍ സ്ത്രീപീഡനക്കേസിലും; തെറ്റായ വാര്‍ത്തയ്‌ക്കെതിരേ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഗായകന്‍ ശ്രീനിവാസന്‍

0

തനിക്കെതിരെ വന്ന തെറ്റായ വാര്‍ത്തയ്ക്കു എതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ഗായകന്‍ ശ്രീനിവാസന്‍. കഴിഞ്ഞ ദിവസം ഒരു പത്രം സ്ത്രീപീഡനക്കേസിലെ പ്രതിയുടെതാണെന്ന നിലയില്‍ ശ്രീനിവാസിന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചതാണ് നിയമനടപടിക്ക് കാരണമായത്‌. ഹൈദരബാദ് സ്വദേശിയായ ശ്രീനിവാസ് എന്നു തന്നെ പേരുള്ള ഒരു ഗായകനായിരുന്നു യഥാര്‍ത്ഥ പ്രതി. എന്നാല്‍ വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയ ചിത്രം മലയാളിയായ ഗായകന്‍ ശ്രീനിവാസിന്റെതായി എന്ന് മാത്രം. വിവാദമായതിനെ തുടര്‍ന്ന് പത്രം ഈ വാര്‍ത്ത അവരുടെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്.

ഇക്കാര്യം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ്‌ ഇങ്ങനെ :

മുന്‍പ് മഹനായ ഗായകന്‍ പി ബി ശ്രീനിവാസ് മരിച്ച സമയത്ത് ചില പത്രങ്ങള്‍ എന്റെ വിവരങ്ങള്‍ എടുത്ത് ചരമ കോളം ചെയ്തിരുന്നു. ഇപ്പോള്‍ ഹൈദരാബാദില്‍ നിന്നുള്ള ഒരു ഗായകന്‍ ശ്രീനിവാസ് ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായപ്പോള്‍ അതിന്റെ വാര്‍ത്തയില്‍ എന്റെ ചിത്രമാണ് കൊടുത്തിരിക്കുന്നത്. എന്റെ പേരിന് കളങ്കം ഉണ്ടാക്കിയ ഈ നടപടിക്കെതിരേ ഞാന്‍ നിയമപരമായി മുന്നോട്ടു പോവുകയാണ്. നിയമവിദഗ്ദര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ദയവു ചെയ്ത് ഈ കാര്യത്തില്‍ എന്നെ സഹായിക്കണം, ഞാന്‍ തികച്ചും രോഷാകുലനാണ്.

 

 

LEAVE A REPLY