കാതോലിക്കാദിനാഘോഷവും സഭാദിന പ്രതിജ്ഞയും മെല്‍ബണ്‍ സെന്‍റെ` മേരിസ് ഓര്‍ത്തഡോക്‍സ്‌ കത്തീഡ്രലില്‍

0

മെല്‍ബണ്‍: മലങ്കര ഓര്‍ത്തഡോക്സ്‌ സുറിയാനി സഭയുടെ കാതോലിക്കാ ദിനം മെല്‍ബണ്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ കത്തീഡ്രലില്‍ വിപുലമായി ആഘോഷിച്ചു. വലിയ നോമ്പിലെ മുപ്പത്തിയാറാം ഞായറാഴ്ച്ചാ രാവിലെ മെല്‍ബണ്‍ കോബര്‍ഗ് കത്തീഡ്രലിലും, ക്ലേറ്റന്‍ സെന്‍റെ` ഗ്രിഗോറിയോസ് ചാപ്പലിലും സഭാ പതാക ഉയര്‍ത്തി. തുടര്‍ന്നു പ്രഭാത നമസ്കാരത്തിനും വി. കുര്‍ബാനയ്ക്കും ശേഷം ലോകമെങ്ങും പരന്നുകിടക്കുന്ന മലങ്കര ഓര്‍ത്തഡോക്സ്‌ സഭയ്ക്ക് വേണ്ടിയും അതിനു നേത്രുത്വം നല്‍കുന്നവര്‍ക്കു വേണ്ടിയും പ്രത്യേക പ്രാര്‍ത്ഥന നടത്തി. സഭയുടെയും സഭാ വിശ്വാസത്തിന്‍റെയും പ്രാധാന്യം മനസ്സിലാക്കുവാന്‍ തക്കവണ്ണമുള്ള പ്രഭാഷണങ്ങള്‍ ക്രമീകരിക്കുകയും കാതോലിക്കേറ്റ് പതാകയുടെ ചുവട്ടില്‍ അണിനിരന്നു സഭാദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. മാര്‍ത്തോമാ ശ്ലീഹായുടെ അപ്പോസ്തോലിക പാരമ്പര്യം കണ്‍ചിമചിമ്മാതെ കാത്തു പരിരക്ഷിക്കുമെന്ന്‍ ദ്യഡപ്രതിജ്ഞ ചെയ്യുകയും മലങ്കര സഭയോടും അതില്‍ മാര്‍ത്തോമാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനത്തില്‍ വാണരുളുന്ന ഭാരതസഭയുടെ ചക്രവര്‍ത്തി കിഴക്കിന്‍റെ കാതോലിക്ക ഭാഗ്യവാനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൌലോസ്‌ II തിരുമേനിയോടും, ഭദ്രാസനമെത്രാപ്പോലിത്താ അഭിവന്ദ്യ ഡോ. യുഹാന്നോന്‍ മാര്‍ദിയസ്ക്കോറോസ്‌ തിരുമേനിയോടും, പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസിനോടുമുള്ള തങ്ങളുടെ കൂറും വിശ്വസ്തതയും, വിധേയത്വവും ഏറ്റു പറഞ്ഞു മലങ്കരസഭാമാക്കള്‍ പ്രതിജ്ഞ എടുത്തു. സഭാദിന പരിപാടികള്‍ക്ക് വികാരി റവ. ഫാ. പ്രദീപ് പൊന്നച്ചന്‍, വെരി. റവ. V J ജയിംസ് കോര്‍ എപ്പിസ്കോപ്പാ, സഹ വികാരി റവ. ഫാ. സജു ഉണ്ണൂണ്ണി ഇടവകകൈക്കാരന്‍ ശ്രീ. എം സി ജേക്കബ്‌, സെക്രട്ടറി ശ്രീ. ജിബിന്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. “എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ” എന്ന പ്രാര്‍ത്ഥനയോടെ ഏവരും മധുരം വിതരണം ചെയ്തു പരസ്പരം സഭാദിന ആശംസകളറിയിച്ചു.