ടാറ്റു ചെയ്തവർക്ക് വിസ നിഷേധിക്കുമോ ?; സംഭവം ഇതാണ്

0

ടാറ്റൂ കുത്തുന്നത് ഇക്കാലത്ത് വലിയ ട്രെന്‍ഡ് ആണ്. ചെറിയ തരത്തില്‍ തുടങ്ങി ദേഹം മുഴുവന്‍ ടാറ്റൂ ചെയ്യുന്നവര്‍ ആണ് ഇന്നത്തെ യുവതിയുവാക്കള്‍. എന്നാല്‍ ടാറ്റൂ ചെയ്യുന്നത് കൊണ്ട്  മറ്റു രാജ്യങ്ങളിലേക്ക് പോകാന്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടോ ?

ടാറ്റു എന്നത് പല രൂപത്തിലുമാകാം, ചിത്രമോ, എന്തെങ്കിലും സന്ദേശമോ വാക്യങ്ങളോ, അവ സ്വന്തം ഭാഷയിൽ തന്നെയാകണമെന്നില്ല ചൈനീസ് പോലുള്ള അന്തർദേശിയ ഭാഷകളോ ബോദോ, മഗരി പോലുള്ള ഗോത്ര ഭാഷകളിലോ ആകാം. എന്നാല്‍ ഇതെല്ലാം  ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ പിടി വീഴാന്‍ കാരണമാകാം. ഈ ടാറ്റൂകളിൽ ഒളിഞ്ഞിരിക്കുന്ന സന്ദേശമെന്തെന്ന് ചിന്തയാണ് ടാറ്റു ചെയ്തവർക്ക് വിസ നിഷേധിക്കുന്നതിന് പലപ്പോഴും കാരണമാകുന്നത്. ആ ടാറ്റുകൾ ഒരു തീവ്രവാദി സംഘത്തിന്റെയോ, മയക്കുമരുന്നു  റാക്കറ്റിന്റെയോ മറ്റോ സൂത്രവാക്യങ്ങളോ, രഹസ്യ സന്ദേശങ്ങളോ ഒക്കെയാകാം എന്നും അവർ സംശയിക്കാം.

ഒരു കാലത്ത് ടാറ്റു ചെയ്യുകയും പിന്നീട് ക്രേസ് പോയി കഴിഞ്ഞാൽ അത് മായ്ക്കുകയും ചെയ്യുന്ന ആളുകളും നമുക്കിടയിലുണ്ട്. ടാറ്റു മായ്ച്ച് കഴിഞ്ഞാൽ ശരീരത്ത് പ്രത്യക്ഷപ്പെടുന്ന പാട് പോലും ഇമ്മിഗ്രേഷന്റെ സമയത്ത് വില്ലനാകാം.ഇത്തരക്കാർക്ക് ഏതെങ്കിലും നിരോധിത സംഘടനയോ, റാക്കറ്റോ, ഗുണ്ടാ സംഘങ്ങളോ, തീവ്രവാദി ഗ്രൂപ്പുകളുമായോ ബന്ധമുണ്ടോയെന്നെല്ലാം ഇമ്മിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് ചുഴിഞ്ഞന്വേഷിക്കാറുണ്ട്. പലപ്പോഴും പലരുടേയും വിസ വ്യക്തമായ കാരണങ്ങൾ കാണിക്കാതെ നിഷേധിക്കുന്നതിനും ടാറ്റു കാരണക്കാരനായിട്ടുണ്ട്. ടാറ്റു ചെയ്തവർക്ക് വിസ നിഷേധിക്കാം എന്ന നിയമം ഒരു രാജ്യത്തേയും ഒരു ഇമ്മിഗ്രേഷൻ നിയമങ്ങളിലും ഇല്ല. എന്നിരുന്നാലും ഇത്തരക്കാർ തങ്ങളുടെ രാജ്യത്ത് പ്രവേശിച്ചാൽ ഉണ്ടായേക്കാവുന്ന സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിസ നിഷേധിക്കുന്നതായാണ് കാണുന്നത്.

ഇനി ഇതിന്റെ  പ്രതിവിധി നോക്കാം. വിസയ്ക്ക് അപേക്ഷ നൽകുമ്പോൾ ടാറ്റു സംബന്ധിച്ച് വിവരങ്ങൾ എഴുതി നൽകുന്നത് (റിറ്റൺ എക്‌സ്പ്ലനേഷൻ) സഹായകരമാകും. ടാറ്റുവിനെ ചുറ്റിപ്പറ്റി അവർക്കിടയിലുണ്ടായ സംശയം ദുരീകരിക്കാൻ ഇത് കാരണമാകും.