അട്ടിമറി ശ്രമത്തിന് പിന്നാലെ തുര്‍ക്കി മാധ്യമങ്ങള്‍ക്ക് താഴിടുന്നു

0

പട്ടാള അട്ടിമറി ശ്രമം നടന്ന തുര്‍ക്കിയില്‍ സര്‍ക്കാര്‍ മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കുന്നു.മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിട്ട് നൂറോളം മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കാന്‍ ആണ് തുര്‍ക്കി ഭരണകൂടം ഒരുങ്ങുന്നത് .

16 ടെലിവിഷന്‍ ചാനലുകള്‍, 23 റേഡിയോ സ്‌റ്റേഷനുകള്‍, 45 പത്രങ്ങള്‍, 15 വാരികകള്‍, 29 പ്രസാധനാലയങ്ങള്‍ എന്നിവയാണ് അടച്ചുപൂട്ടിയത്. സിഹാന്‍ ന്യൂസ് ഏജന്‍സി, കുര്‍ദ്ദിഷ് അനുകൂല ഐഎംസി ടിവി, പ്രതിപക്ഷ അനുകൂല പത്രമായ തരഫ് എന്നിവയും അടച്ചുപൂട്ടുന്നവയില്‍ ഉള്‍പ്പെടുന്നതായി സിഎന്‍എന്‍-തുര്‍ക് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 42 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സര്‍ക്കാര്‍ 47 പത്രപ്രവര്‍ത്തകര്‍ക്കെതിരെ പുതിയതായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. സമാന്‍ പത്രത്തിന്റെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയാണ് നടപടി.

ജൂലൈ 15നാണ് തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമം നടന്നത്. രാജ്യത്തെ സൈന്യത്തിലെ 1.5 ശതമാനം വരുന്ന (8651) സൈനികര്‍ അട്ടിമറിക്ക് ശ്രമിച്ചുവെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. 35 വിമാനങ്ങള്‍, 37 ഹെലികോപ്്റ്ററുകള്‍, 74 ടാങ്കുകള്‍, 3 കപ്പലുകള്‍ എന്നിവ ഉപയോഗിച്ചാണ് വിമതര്‍ അട്ടിമറിക്ക് ശ്രമിച്ചതെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. അട്ടിമറി ശ്രമത്തിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കിയില്‍ മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.