വിജയിനോളം വരുമോ വിജയ് യേശുദാസ്?

0

ഗായകര്‍ സിനിമയില്‍ ഒരു പാട്ടിന്റെ ഭാഗമാകാനോ മറ്റോ മുഖം കാണിക്കുന്നത് പുതിയ കാര്യമല്ല. അതില്‍ ഒരു വ്യത്യസ്തത ഉണ്ടാക്കിയത് തെന്നിന്ത്യയിലെ മൂന്നു ഭാഷകളില്‍ നായകനായി വരെ അഭിനയിച്ച എസ് പി ബാലസുബ്രഹ്മണ്യമാണ്. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ പോലെ തന്നെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളേയും പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്തു. മലയാളത്തില്‍ കെ ജെ യേശുദാസ്, യേശുദാസായും ഗായകനായും ഒക്കെ ചില സിനിമകളില്‍ മുഖം കാണിച്ചെങ്കിലും അദ്ദേഹം പാടിയാല്‍ മതിയെന്ന തീരുമാനം പണ്ടേ പ്രേക്ഷകര്‍ എടുത്തതു പോലെ ആയിരുന്നു.
പക്ഷേ വിജയ് യേശുദാസ് വ്യത്യസ്തനാകുന്നത് ഇവിടെയാണ്. രണ്ടു വര്‍ഷം മുമ്പ് കോളിവുഡില്‍ ധനുഷ് നായകനായ മാരിയില്‍ വില്ലനായി അരങ്ങേറ്റം. അതിനും വളരെക്കാലം മുമ്പേ തന്നെ ഗായകനായുള്ള പ്രശസ്തി. ഇപ്പോഴിതാ അദ്ദേഹം നായകനാകുന്ന തിരക്കിലാണ്. സംവിധായകന്‍ മണിരത്തിനത്തിന്റെ സഹായി ധന സംവിധാനം ചെയ്യുന്ന പടൈവീരനില്‍ കോളിവുഡിലെ പ്രശസ്ത സംവിധായകന്‍ ഭാരതിരാജയോടൊപ്പമാണ് വിജയ് മത്സരിക്കേണ്ടത്. ആദ്യ ചിത്രം കഴിഞ്ഞ് രണ്ടു വര്‍ഷത്തിനു ശേഷമാണ് വിജയ് മറ്റൊരു ചിത്രത്തില്‍ കരാര്‍ ചെയ്യപ്പെടുന്നത്. “ഒന്നു രണ്ട് ചിത്രങ്ങളുടെ കഥ കേട്ടു. പക്ഷേ എല്ലാം പതിവ് പ്രണയവും സെന്റിമെന്റ്‌സും ആയതിനാല്‍ വേണ്ടെന്നു വച്ചു. ഈ ചിത്രത്തിന്റെ കഥ ധന പറയുമ്പോഴും ഭയങ്കര പ്രകടനം കാഴ്ചവയ്ക്കാമെന്നൊന്നും തോന്നിയില്ല. കഥാപാത്രം ഒരു വെല്ലിവിളിയാണെന്നു തോന്നി. കാരണം ഭാരതിരാജയെപ്പോലെയുള്ള ഒരു സംവിധാന പ്രതിഭയോടൊപ്പമുള്ള അഭിനയം ധാരാളം കാര്യങ്ങള്‍ പഠിക്കാനുള്ള അവസരം കൂടിയാണ്,” അദ്ദേഹം പറയുന്നു. അഭിനയ മോഹം പണ്ടേ ഉണ്ടായിരുന്നെങ്കിലും താന്‍ ഗായകനായി പേരെടുക്കണം എന്നതായിരുന്നു അച്’ന്റെ ഇഷ്ടം എന്നു പറയുന്നു വിജയ്. “അച്ഛന്‌ അഭിനയിക്കാന്‍ ഒട്ടുമേ താല്‍പര്യം ഉണ്ടായിരുന്നില്ല. ഞാന്‍ ഇപ്പോള്‍ അഭിനയിക്കുന്നതും അദ്ദേഹത്തിന് ഇഷ്ടമല്ല. ചെറുപ്പത്തില്‍ ധാരാളം അവസരങ്ങള്‍ വന്നെങ്കിലും അതെല്ലാം വേണ്ടെന്നു വച്ചു. ഇപ്പോള്‍ അഭിനയിക്കാന്‍ അവസരങ്ങള്‍ വരുന്നുണ്ട്. അതിലും ഒരുകൈ നോക്കാം എന്നു കരുതി,” വിജയ് പറയുന്നു. എന്തായാലും ഇളയദളപതി വിജയിനോളം വരുമോ വിജയ് യേശുദാസ്? കണ്ടറിയാം!