പൊന്നില്ല,പണമില്ല ,ഊണില്ല ; ഐറിഷും ഹിതയും ക്ഷണിക്കുന്നു; വ്യത്യസ്തമായൊരു വിവാഹത്തിനു കൂടാന്‍

0

നാടൊട്ടുക്ക് വിളിച്ചു ആളെ കൂട്ടി നടത്തുന്ന വിവാഹങ്ങള്‍ക്ക് ഇടയില്‍ ഒരല്‍പം വ്യത്യസ്തമായൊരു വിവാഹത്തിനു ഐറിഷും ഹിതയും നിങ്ങള്‍ ക്ഷണിക്കുന്നു.കാഞ്ഞങ്ങാട്ടുകാരന്‍ ഐറിഷും കോഴിക്കോട്ടുകാരി ഹിതയും ഫെബ്രുവരി 19ന് വിവാഹിതരാവുകയാണ്.

ഔദ്യോഗികമായി ആരേയും ക്ഷണിച്ചിട്ടില്ല. സന്തോഷം പങ്കുവെയ്ക്കാന്‍ എല്ലാവര്‍ക്കും പോവാം.പക്ഷെ സാധാരണ കല്യാണങ്ങള്‍ പോലെ ഇവിടെ പോകാം എന്ന് കരുതണ്ട .കാരണം പറയാം …’ആര്‍ഭാട ഭക്ഷണവും ആഡംബരവുമല്ല ഞങ്ങളുടെ ജീവിതത്തിനാധാരം അത് സ്‌നേഹമാണ്… സ്‌നേഹം നിറഞ്ഞ എന്റെ പ്രിയ മനസ്സുകളുടെ സാന്നിധ്യമാണ് ആ മുഹൂര്‍ത്തത്തിനാവശ്യം..’.ഇതാണ് വിവാഹക്ഷണം .ഇവിടെ കല്യാണത്തിനു പൊന്നില്ല ,പണമില്ല ,ഭക്ഷണമില്ല ,മദ്യമില്ല.സ്നേഹം മാത്രം .സന്തോഷം പങ്കുവെയ്ക്കാന്‍ എല്ലാവര്‍ക്കും പോവാം,പക്ഷെ മറ്റൊന്നും പ്രതീക്ഷിക്കരുത് .

മതത്തിനും സ്വര്‍ണത്തിനും മദ്യത്തിനും സല്‍ക്കാരത്തിനും സാന്നിധ്യമില്ലാത്ത തികച്ചും വേറിട്ട വിവാഹച്ചടങ്ങിലൂടെ എല്ലാവര്‍ക്കും ഒരു മരത്തൈ നല്‍കും. ഫേസ്ബുക്കിലൂടെയാണ് വേറിട്ട ഈ വിവാഹത്തിന്റെ വിവരം ഐറിഷ് ലോകത്തോടു പറഞ്ഞത്.ആയൂര്‍വേദ ഡോക്ടറാണ് ഹിത. അഡ്വഞ്ചര്‍ ട്രക്കിംഗ് ഗൈഡ്, വ്യക്തിത്വ വികസന അധ്യാപകന്‍, പരിസ്ഥിതി കൂട്ടായ്മയായ ഗ്രീന്‍വെയിന്റെ സജീവ അംഗം എന്നിങ്ങനെ ബഹുമുഖ മേഖലയിലാണ് ഐറിഷിന്റെ പ്രവര്‍ത്തനം. മലപ്പുറത്ത് പ്രവര്‍ത്തനമാരംഭിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ അഡ്വഞ്ചര്‍ പാര്‍ക്കിന്റെ നിര്‍മ്മാണച്ചുമതലയും ഐറിഷ് വഹിക്കുന്നുണ്ട്.എന്തായാലും വ്യത്യസ്തമായ ഈ ക്ഷണം ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു .