‘ഇര്‍ഫാന്‍ ഖാന്‍’ ഇന്ത്യൻ സിനിമാലോകത്തെ നികത്താൻ കഴിയാത്ത ശൂന്യത …

  0

  ഇന്ത്യൻ സിനിമാ ലോകത്തിന് നികത്താനാകാത്ത ശൂന്യത സമ്മാനിച്ചാണ് അപ്രതീക്ഷിതമായി ഇർഫാൻ ഖാൻ നമ്മോട് വിട പറയുന്നത്. ഇർഫാന്റെ അപ്രതീക്ഷിത മരണം സിനിമാലോകത്തെ തെല്ലൊന്നുമല്ല ഞെട്ടലിലാഴ്ത്തിയിരിക്കുന്നത്. വെറുമൊരു നടൻ എന്നതിലുപരി സിനിമയെ സ്വന്തം ഹൃദയതാളമായി മാറ്റിയ ഒരു വലിയ വിഭാഗം ആരാധകരുടെ എക്കാലത്തെയും പ്രതീക്ഷയുടെ മുഖമായിരുന്നു ഇർഫാൻ ഖാൻ എന്ന പ്രതിഭ…ഒന്നുകൂടി ഊന്നിപ്പറഞ്ഞാൽ ചോക്ലറ്റ് ലുക്കോ, സിക്സ് പാക്ക് ബോഡിയും ഇല്ലാതെ സാധാരണക്കാരിൽ സാധാരണക്കാരനായിവന്ന അഭിനയ ചക്രവർത്തി.

  രാജസ്ഥാനിലെ ഒരു മധ്യവര്‍ഗ്ഗകുടുംബത്തില്‍ ജനിച്ച് വളർന്ന ഇർഫാൻ കുടുംബവാഴ്ച മുഖമുദ്രയാക്കിയ ബോളിവുഡ് സിനിമാമേഖലയില്‍ യാതൊരുവിധ ബന്ധങ്ങളുമില്ലാതെ തന്നെ സ്വന്തമായൊരു മുഖമുദ്രപതിച്ച പ്രതിഭയാണ്. 1988-ല്‍ അക്കാദമി പുരസ്കാരത്തിന് നാമനിർദ്ദേശം ലഭിച്ച സലാം ബോബെ എന്ന ചിത്രത്തിലൂടെ തിരശീലയിൽ അരങ്ങേറ്റം കുറിച്ച സാഹബ്‌സാദെ ഇര്‍ഫാന്‍ അലി ഖാന്‍ എന്ന ഇര്‍ഫാന്‍ ഖാൻ പിന്നീട്‌ മൂന്ന് പതിറ്റാണ്ടോളം ബോളിവുഡിലെയും ഹോളിവുഡിലെയും നിറസാന്നിധ്യമായിരുന്നു.

  സലാം ബോംബെ (1988 ) എന്ന ചിത്രത്തിലെ ചെറിയൊരു വേഷത്തില്‍ തുടങ്ങി അക്കാഡമി അവാര്‍ഡ് നേടിയ ലൈഫ് ഓഫ് പൈ (2012) ,സ്ലം ഡോഗ് മില്യനയര്‍ (2008 )അങ്ങനെ അഗ്രേസി മീഡിയം വരെ ഒട്ടനവധി നീരൂപക പ്രശംസ നേടിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കില്ലും, ഇര്‍ഫാന്റെ സിനിമാജീവിതത്തില്‍ വഴിത്തിരിവായത് ലൈഫ് ഇന്‍ എ മെട്രൊയിലെ മോണ്‍ടി എന്ന കഥാപാത്രമാണ്. 2007-ല്‍ ഇറങ്ങിയ സിനിമയിലെ അഭിനയത്തിന് സഹനടനുള്ള ഫിലിം ഫെയറിന്റെ അവാര്‍ഡുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

  2011-ല്‍ ഇറങ്ങിയ പാന്‍ സിങ് തോമറിന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള സിനിമയിലെ കഥാപാത്രം അദ്ദേഹത്തിനെ മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്‌കാരം, ഫിലിം ഫെയറിന്റെ നിരൂപക പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങള്‍ക്കും അര്‍ഹനാക്കി.

  2013-ല്‍ ഇറങ്ങിയ ലഞ്ച് ബോക്‌സും ഇര്‍ഫാന്റെ ജീവിതത്തിലുണ്ടാക്കിയ ഓളം ചെറുതല്ല. ദിവസവും തന്നെ തേടി വരുന്ന ഇളയുടെ കത്തുകളുള്ള ഡബ്ബ പ്രതീക്ഷയോടെ തുറക്കുന്ന അതിന് വേണ്ടി അക്ഷമനായി കാത്തിരിക്കുന്ന ,ചെറുപുഞ്ചിരി തൂകുന്ന സാജന്‍ ഫെര്‍ണ്ണാണ്ടസ് പ്രേക്ഷക ഹൃദയങ്ങളിൽ എന്നും സ്ഥാനം പിടിച്ച കഥാപാത്രമാണ്.

  ഫിലിം ഫെയറിന്റെ മികച്ച നടനുള്ള അവാര്‍ഡ് ഇര്‍ഫാന് നേടിക്കൊടുത്ത സിനിമയാണ് 2017-ല്‍ ഇറങ്ങിയ ഹിന്ദി മീഡിയം. ഇന്ത്യയിലും ചൈനയിലുമുള്‍പ്പെടെ ലോകത്ത് പലയിടത്തും വലിയ സ്വീകാര്യത നേടിയ സിനിമ കൂടിയാണ് ഹിന്ദി മീഡിയം. 2015 ൽ പുറത്തിറങ്ങിയ ഷൂജിത് സര്‍ക്കാർ സംവിധാനം ചെയ്ത പികുവിലെ റാണ ചൌധരി, 2016ൽ റോണ്‍ ഹൊവാര്‍ഡ് സംവിധാനം ചെയ്ത ഇന്‍ഫേര്‍ണോയിലെ ഹാരി, ഇവയെല്ലാം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ കഥാപാത്രങ്ങളാണ്.

  ഇന്ത്യയ്ക്ക് പുറമേ ഹോളിവുഡിലും തന്റേതായ സ്ഥാനമുണ്ടാക്കിയ നടനാണ് ഇര്‍ഫാന്‍. ദ് വാരിയര്‍, ദ് നേയിംസേയ്ക്ക്, ദ് ഡാര്‍ജിലിങ് ലിമിറ്റഡ്, അക്കാദമി അവാര്‍ഡിനര്‍ഹമായ സ്ലംഡോഗ് മില്ല്യണയര്‍, ന്യൂയോര്‍ക്ക്, ഐ ലവ് യൂ, ദ് അമേസിങ് സ്‌പൈഡര്‍മാന്‍, ലൈഫ് ഓഫ് പൈ, ജുറാസിക്ക് വേള്‍ഡ്, ഇന്‍ഫെര്‍ണോ എന്നിവയാണ് അദ്ദേഹത്തിന്റെ ആഗോളത്തലത്തില്‍ ചെയ്ത സിനിമകള്‍. അതിൽ സ്ലം ഡോ​ഗ് മില്യണയറും ലെെഫ് ഓഫ് പെെയും ഓസ്കാർ പുരസ്കാര വേദിയിൽ തിളങ്ങി. 2020 ആദ്യം ഇറങ്ങിയ അംഗ്രേസി മീഡിയമാണ് അദ്ദേഹത്തിന്റെ അവസാനം ഇറങ്ങിയ സിനിമ.

  പലപ്പോഴും ഇർഫാൻ ചെയ്തിരുന്ന പല കഥാപാത്രങ്ങളും നമ്മളിൽ തന്നെയുള്ള പലരുമാണെന്നു നമുക്ക് തോന്നിയിട്ടുണ്ട്. മൂന്ന് പതിറ്റാണ്ട് നീണ്ട അഭിനയജീവിതം കൊണ്ട് നൂറില്‍ താഴെ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഓരോ ചിത്രത്തിലും ഇര്‍ഫാന്‍ എന്ന നടനെ കണ്ടുമുട്ടുമ്പോള്‍ അസാധാരണമാം വിധം സാധാരണക്കാരനായ ഒരു മനുഷ്യനെയാണ് സ്‌ക്രീനില്‍ കണ്ടിട്ടുള്ളത് പ്രശസ്തിക്കായി സിനിമയുടെ എണ്ണം കൂട്ടനോ അതുവഴിയുണ്ടാകുന്ന സ്റ്റാര്‍ഡമോ ഒന്നും ഇർഫാൻ എന്ന പ്രതിഭയുടെ ലക്ഷ്യങ്ങളിൽ ഉണ്ടായിരുന്നില്ല. സ്വന്തം സ്വപ്നത്തില്‍ അത്രമേല്‍ വിശ്വാസമര്‍പ്പിച്ച് അതിനു വേണ്ടി പ്രയത്‌നിച്ച, അഭിനയിച്ച കഥാപാത്രങ്ങളിലെല്ലാം സ്ക്രീനില്‍ തന്‍റേതായ കൈയ്യൊപ്പു ചാര്‍ത്തിയ അതുല്യ പ്രതിഭ… ഒടുവിൽ എന്നെന്നും ഓർമ്മിക്കാൻ ഒരുപിടി നല്ല കഥാപാത്രങ്ങളുടെ വസന്തകാലം നമുക്ക് സമ്മാനിച്ച് വിസ്‌മൃതിയിലേക്ക് നടന്നകന്നിരിക്കയാണ്.

  വിട………………………………………………………………………………………………….