പുതിയ വാഹനങ്ങള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാക്കി

1

പുതിയ വാഹനങ്ങള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കി.നമ്പര്‍പ്ലേറ്റിന് വിലയോ ഘടിപ്പിക്കുന്നതിന് കൂലിയോ ഈടാക്കാന്‍ പാടുള്ളതല്ല. പുതിയഭേദഗതിപ്രകാരം അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ വാഹനത്തിന്റെ ഭാഗമാണ്.

ഹോളോഗ്രാം ഉള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളുള്ളതാണ് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ്. പുതിയ വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഡീലര്‍മാര്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നല്‍കണമെന്നും കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം അറിയിച്ചു.

സ്ഥിരം രജിസ്ട്രേഷനാകുമ്പോള്‍ നമ്പര്‍പ്ലേറ്റ് വാഹനത്തില്‍ ഘടിപ്പിക്കേണ്ടത് ഡീലര്‍മാരുടെ ചുമതലയാണ്. സ്‌ക്രൂചെയ്ത് ഉറപ്പിക്കുന്നതിനുപകരം ഇളക്കിമാറ്റാന്‍ കഴിയാത്ത റിവേറ്റുകള്‍ ഉപയോഗിച്ചാണ് വാഹനത്തില്‍ ഘടിപ്പിക്കുക. വാഹനത്തിന്റെ മുന്‍വശത്തെ കണ്ണാടിയില്‍ ഹോളോഗ്രാമുള്ള പ്രത്യേക സ്റ്റിക്കര്‍ പതിക്കും. ഇതില്‍ രജിസ്ട്രേഷന്‍ വിവരങ്ങള്‍ ഉണ്ടാകും.

നിലവിലുള്ള വാഹനങ്ങള്‍ക്ക് ഇത് നിര്‍ബന്ധമാക്കുന്നതായി സര്‍ക്കാര്‍ ഉത്തരവിലില്ല. വാഹന ഉടമയുടെ സ്വന്തം ചിലവിൽ ഡീലര്‍മാരെയോ അംഗീകൃത ഏജന്‍സികളെയോ സമീപിച്ച് അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിക്കുന്നതിൽ വിരോധമില്ല.